എസി ഓണാക്കുന്നതിനു മുമ്പ് ഇതൊന്നു വായിക്കു

car-ac

വേനൽക്കാലമാകുമ്പോഴാണു പലരും എസിയുടെ കാര്യം ശ്രദ്ധിക്കുക. അല്ലാത്തപ്പോൾ എന്തിനാ എസി. പുറത്തു നല്ല കാറ്റുണ്ടല്ലോ എന്ന നിലപാടിലാണു ഭൂരിപക്ഷം ആൾക്കാരും. പക്ഷേ, ഇക്കൂട്ടരെല്ലാം വേനൽ എത്തുമ്പോൾ സുല്ലിടും... പതിയെ എസിയുടെ നോബ് തിരക്കും.. അപ്പോഴാണ് എട്ടിന്റെ പണി കിട്ടുന്നത്. തണുപ്പു പോയിട്ടു ചെറിയ കാറ്റുപോലും കിട്ടുന്നുണ്ടാകില്ല. ഓർക്കുക. കൃത്യമായ പരിപാലനവും ശരിയായ ഉപയോഗവും ആണെങ്കിൽ മാത്രമേ എസി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ. അതിനായി ഇതാ കുറച്ചു ടിപ്പുകൾ.

∙ ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. 25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി തീർച്ചയായും സർവീസ് ചെയ്യുക.

∙ വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പെർഫോമെൻസിനെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം.

∙ എൻജിൻ സ്റ്റാർട്ടാക്കിയതിനുശേഷം മാത്രം എസി ഓണാക്കുക. അതുപോലെ തന്നെ എസി ഓഫാക്കിയതിനുശേഷം മാത്രം എൻജിൻ നിർത്തുക.

∙ വെയിലത്തു പാർക്ക് ചെയ്ത വാഹനം എടുക്കുമ്പോൾ കയറിയ ഉടനെ തന്നെ എസി ഇടരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാൻ അനുവദിക്കുക. എസി ഒറ്റയടിക്കു മാക്സിമത്തിൽ ഇടരുത്. ക്രമേണ മാത്രം കൂട്ടുക.

∙ എസി കാറാണെങ്കിൽ കഴിവതും എസിയിട്ടു തന്നെ ഓടിക്കാൻ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറയ്ക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകൾ ഡ്രൈയാകുന്നതു തടയാനും സഹായിക്കും.

∙ എസി യൂണിറ്റിലെ ചലിക്കുന്ന യന്ത്ര ഘടകങ്ങളുള്ളത് കംപ്രസറിലാണ്. ഗ്യാസ് ലീക്ക് സംഭവിച്ചാൽ അതിനൊപ്പം കംപ്രസർ ഓയിൽ കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഗ്യാസ് റീഫിൽ ചെയ്യുമ്പോൾ ഈ കുറവു കൃത്യമായ അനുപാതത്തിൽ തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കണം.

∙ കാറ്റിൽ ലവണസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ എസി കണ്ടെൻസറിന്റെ ഫിൽട്ടറിനൊക്കെ ദ്രവീകരണം വഴി വളരെ വേഗം നാശം വരാം. ഇതിന്റെ തുടക്കമായി ചെറിയ ചില സുഷിരങ്ങൾ പൈപ്പുകളിലും ഫിൽസിലും പ്രത്യക്ഷപ്പെടുകയും ഇതുവഴി പതിയെ ഗ്യാസ് ചോർന്നു പോകുകയും ചെയ്യും.

∙ എസിയെ ബാധിക്കുന്ന മറ്റൊരു പ്രശ്നം വണ്ടിക്കകത്തെ പൊടിയാണ്. മഴയും വെയിലും മാറി മാറി വരുന്ന സമയ‌ത്ത് ഈ ശല്യം കൂടുതലായിരിക്കും. എസി കാറുകൾ വിൻഡോകൾ തുറന്നിട്ട് നോൺ എസിയായി ഉപയോഗിക്കുമ്പോഴും വണ്ടിക്കകത്തേക്കു പൊടിയടിച്ചു കയറുന്നു. ഇവ ഇവാപ്പറേറ്റിലേക്ക് ഇൻടേക്ക് ചെയ്യപ്പെടുകയും പ്രശ്നമാകുകയും ചെയ്യും.

∙ ചില കാറുകളിൽ എസി ഇടുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറില്ലേ? ഇത് ഇവാപ്പറേറ്ററിൽ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം മൂലമാണ്.

∙ ഇവാപ്പറേറ്റർ അഥവാ കൂളിങ് കോയിൽ അഴിച്ചെടുത്തു ക്ലീൻ ചെയ്താൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. കഴിവതും 30,000-50,000 കിലോമീറ്റർ റേഞ്ചിൽ അല്ലെങ്കിൽ രണ്ടുവർഷത്തിലൊരിക്കൽ ക്ലീൻ ചെയ്യണം. ഇപ്പോഴത്തെ പ്രീമിയം ക്ലാസ് വണ്ടികളിൽ ഈ പ്രശ്നം പരിഹരിക്കാനായി ഒരു ഫിൽട്ടർ ഉപയോഗിക്കുന്നുണ്ട്. 10,000-15,000 കിലോമീറ്റർ കൂടുമ്പോൾ ഇതു മാറ്റാൻ മറക്കരുത്. ഇവാപ്പറേറ്റിൽ പറ്റേണ്ട പൊടിയും മറ്റു പാഴ്‌വസ്തുക്കളും ഒരു പരിധിവരെ ഈ ഫിൽട്ടർ തടഞ്ഞു നിർത്തുന്നു.

∙ ഫ്രഷ് എയർ കേബിളും ഹീറ്റ് എയർ കേബിളും ശരിയായ രീതിയിലാണോ ക്രമീകരിച്ചു വച്ചിരിക്കുന്നതെന്നു പരിശോധിക്കു. ഇവ തെറ്റായാണ് ഇരിക്കുന്നതെങ്കിൽ തണുത്ത വായുവും ചൂടുവായുവും ഇടകലരാൻ ഇടയാകും.

∙എസി പ്രവർത്തിക്കുന്നില്ല, കേടായി എന്നു പറഞ്ഞ് മെക്കാനിക്കിന്റെ അടുത്തേക്കു പായുന്നതിന് മുമ്പ് ഫ്യൂസ് ബോക്സ് തുറന്ന് എസിയുടെ ഫ്യൂസ് ഒന്നു നോക്കുക. ഫ്യൂസ് പോയാൽ എസി പ്രവർത്തിക്കില്ല.

∙ വണ്ടിക്കുള്ളിൽ തണുപ്പില്ലെന്ന പരാതിയുമായി സർവീസ് സെന്ററുകളെ സമീപിക്കും മുൻപ് എസിയുടെ ഫ്രഷ് എയർ ഇൻടേക്ക് തുറന്നു വച്ചിരിക്കുകയാണോയെന്നു പരിശോധിക്കണം.

∙ ഫുൾസ്പീഡിൽ ഇട്ടാലും ഇവാപ്പറേറ്റിൽ നിന്നുള്ള എയർത്രോ കുറവാണെങ്കിൽ ഫിൽട്ടർ ബ്ലോക്കോ ഇവാപ്പറേറ്ററിൽ മാലിന്യം അടിഞ്ഞു കൂടിയതോ ആകും കാരണം. ഈ പ്രശ്നം പരിഹരിച്ച ശേഷം എസി പ്രവർത്തിപ്പിക്കുകയാവും ഉചിതം. ഇവാപ്പറേറ്ററിൽ നിന്നോ കംപ്രസറിൽ നിന്നോ അസാധാരണ ശബ്ദം ഉയർന്നാൽ എസി ഓഫാക്കിയ ശേഷം എത്രയും വേഗം സർവീസ് തേടുക.

∙ വാഹനത്തിന്റെ ഡ്രൈവ് ബൽറ്റിന്റെ മുറുക്കം പരിശോധിക്കുക. അയഞ്ഞതാണെങ്കിൽ സ്ലിപ്പായി പോകാൻ ഇടയുണ്ട്. ഓവർ മുറുക്കമാണെങ്കിൽ അത് എസി കംപ്രസറിന്റെ മാഗ്‌നെറ്റിക് ക്ലച്ചിന്റെ തകരാറിനു കാരണമാകും.

∙ എസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കനം കുറഞ്ഞ അലൂമിനിയം പൈപ്പുകളും ഫിൽസുകളുമാണ് ഇപ്പോൾ ഓട്ടമൊബീൽ എസികളിൽ ഉപയോഗിക്കുന്നത്. എൻജിൻ റൂമിലെ ചെറിയ ചെറിയ വൈബ്രേഷനുകൾ വരെ എത്ര ഭംഗിയായി ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഈ പൈപ്പുകളിൽ തേയ്മാനം വഴി ലീക്ക് ഉണ്ടാകും.

∙ സർ‌വീസിന്റെ സമയത്ത് മെക്കാനിക്കിനോട് എസി വെന്റിനകത്തെ താപനില പരിശോധിക്കാൻ പറയുക. താപനില 4-10 ഡിഗ്രിക്കിടയിലല്ല നിൽക്കുന്നതെങ്കിൽ എസിയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്നു അനുമാനിക്കാം.

∙ കാറിനുള്ളിലേക്കു സൂര്യപ്രകാശം നേരിട്ടു അടിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗം സൺഫിലിമായിരുന്നു. എന്തു ചെയ്യാം, അതു നിരോധിച്ചുപോയില്ലേ, ഇനിയുള്ള പ്രതിവിധി സൺഷെയ്ഡുകളാണ്. റിഫ്ളക്ടർ ഉള്ള സൺഷെയ്ഡ് ഉപയോഗിക്കുന്നതാണ് ഉത്തമം.

∙ ഇന്റീരിയർ കറുപ്പു നിറത്തിലാണെങ്കിൽ, കറുത്ത ലെതർ സീറ്റാണെങ്കിൽ സീറ്റ് വെള്ള തുണിയുപയോഗിച്ചു മറയ്ക്കുക. വെയിലത്തു പാർക്കു ചെയ്യുകയാണെങ്കിൽ ഉള്ളിലെ ചൂടു കുറയ്ക്കാൻ ഇതുമൂലം കഴിയും.

∙ കഴിവതും കാർ തണലത്തു പാർക്ക് ചെയ്യുക. കവർ ഉപയോഗിച്ചു മൂടിയിടുന്നതു വളരെ ഉത്തമം. സൂര്യപ്രകാശത്തെ റിഫ്ളക്ട് ചെയ്യുന്ന കവർ ഉപയോഗിക്കുക.