കാര്യക്ഷമമായ ബ്രേക്കിങ്ങിന് എബിഎസ്

വളരെ വര്‍ഷങ്ങളായി എബിഎസ് കാറുകളില്‍ ഇടം പിടിച്ചിട്ട്. ചില വലിയ വാഹനങ്ങളിലും സുരക്ഷയുടെ ഭാഗമായി എബിഎസ് ഘടിപ്പിക്കാറുണ്ട്. താമസിയാതെ ബസുകളില്‍ ആന്റി ലോക്ക് ബ്രേക്ക് സിസ്റം എന്ന എബിഎസ് നിര്‍ബന്ധമാക്കുമെന്നാണ് അറിയുന്നത്. എന്താണ് സത്യത്തില്‍ ഈ എബിഎസ്?

വിമാനങ്ങളിൽ ഉപയോഗിക്കുന്നതിനായി 1929 ൽ ഗബ്രിയേൽ വോയ്‌സിൻ കണ്ടുപിടിച്ചതാണ് എബിഎസ് അഥവ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം. 1958 ൽ റോയൽ എൻഫീൽഡിന്റെ മീറ്റോർ മോട്ടോർസൈക്കിൾ, 1960 ഫോർഡ് സോഡിയാക്ക്, ഫെർഗൂസൺ പി99 തുടങ്ങിയ വാഹനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ എബിഎസ് ഉപയോഗിച്ചിരുന്നെങ്കിലും പൂർണ്ണമായും പ്രവർത്തനക്ഷമമായ എബിഎസ് ആദ്യം ഉപയോഗിച്ചത് ആരാണെന്നുള്ള തർക്കങ്ങൾ ഇന്നും നിലനിൽക്കുന്നു. മെഴ്‌സിഡസ് ബെൻസും ബോഷും ചേർന്നാണ് ഇന്ന് കാണുന്ന തരത്തിലുള്ള എബിഎസ് വികസിപ്പിച്ചെടുത്തത്. 

എന്നാൽ വളരെ വൈകിയാണ് എബിഎസ്  ഇന്ത്യയിലെത്തിയത് അതുകൊണ്ട് തന്നെ എയർ ബാഗുകൾ പോലെ ഈ സുരക്ഷാസംവിധാനവും നമുക്ക് ആഢംബരമാണ്.

എന്താണ് എബിഎസ് (ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം), അതിന്റെ പ്രവർത്തനം എങ്ങനെ?

ഗുണങ്ങൾ

വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനത്തിന്റെ വേഗതമൂലം വാഹനം നിൽക്കണമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കും. എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്യുകയാണെങ്കിലും എബിഎസ് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്ത് ടയറുകളിൽ നൽകുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് ഒഴിവാക്കുകയും മെച്ചപ്പെട്ട ബ്രേക്കിങ് നൽകുകയും ചെയ്യുന്നു. മറ്റൊരു കാര്യം എബിഎസ് ഇല്ലാത്ത വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ടയറുകളുടെ പ്രവർത്തനം നിലയ്ക്കുകയും അതുവഴി സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യുന്നു എന്നാൽ എബിഎസ്, ടയറിന്റെ ചലനം പൂർണ്ണമായി നിലയ്ക്കുന്നതു തടഞ്ഞ് മെച്ചെപ്പട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കുന്നു, അതുകൊണ്ട് തന്നെ ബ്രേക്കിങ്ങിനിടെ തന്നെ വെട്ടിച്ചു മാറ്റി അപകടം ഒഴിവാക്കാനും സാധിക്കുന്നു. 

പ്രവർത്തനം

ടയറിന്റെ പ്രവർത്തനം മനസിലാക്കാനുള്ള സെൻസറുകൾ, ഇലക്ട്രോണിക്ക് കൺട്രോൾ യൂണിറ്റ്, ഹൈഡ്രോളിക്ക് വാൽവുകൾ, പമ്പ് എന്നിവ അടങ്ങിയതാണ് എബിഎസ്. ടയറുകളുടെ കറക്കം മനസിലാക്കി  കൺട്രോൾ യൂണിറ്റിന് വിവരം നൽകുകയാണ് സെൻസറുകളുടെ ധർമ്മം. ഓരോ ബ്രേക്കുകളിലും അതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി വാൽവുകളുണ്ടാകും, ബ്രേക്കിന്റെ ഫോഴ്‌സ് നിയന്ത്രിച്ച് നൽകുന്നതാണ് വാൽവുകളുടെ ധർമം. ഹൈഡ്രോളിക്ക് ബ്രേക്കുകളിലെ പ്രഷർ നിലനിർത്തുന്നതാണ് പമ്പുകളുടെ ധർമം. ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഘടകമാണ് കൺട്രോൾ യൂണിറ്റുകൾ. 

ബ്രേക്ക് ചെയ്യുമ്പോൾ ഓരോ ചക്രത്തിന്റെയും കറക്കം സെൻസറിലൂടെ തിരിച്ചറിഞ്ഞ് ബ്രേക്ക് ഫ്‌ളൂയിഡുകളിലെ മർദ്ദം വാൽവുകൾ പ്രവർത്തിപ്പിച്ച് കൺട്രോൾ യൂണിറ്റ് ക്രമീകരിക്കുന്നു. ഒരു ടയറിന്റെ കറക്കം മറ്റുള്ളവയുടേതിക്കാൾ കുറഞ്ഞതായി കൺട്രോൾ യൂണിറ്റ് തിരിച്ചറിഞ്ഞാൽ പ്രസ്തുത ചക്രത്തിന്റെ ബ്രേക്ക് മർദ്ദം കുറച്ച് ചലനം മറ്റുള്ളവയ്ക്ക് ഒപ്പമാക്കും. സെക്കൻഡിൽ 15 തവണവരെ ബ്രേക്ക് മർദ്ദം ക്രമീകരിക്കാൻ എബിഎസിനു കഴിയും. ഇങ്ങനെ ഇടവിട്ട് ബ്രേക്ക് മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനാൽ ടയർ നിശ്ചലമായി വാഹനം നിരങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാകുന്നു.

താരതേമ്യേന കുറഞ്ഞ ദൂരത്തിനുള്ളിൽ വാഹനം സുരക്ഷിതമായി ബ്രേക്കിട്ട് നിർത്താനാവുമെന്നതും, മെച്ചപ്പെട്ട് സ്റ്റിയറിങ് നിയന്ത്രണം ലഭിക്കുമെന്നതുമാണ് എബിഎസിന്റെ പ്രധാന ഗുണങ്ങൾ. 

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

എബിഎസുള്ള വാഹനം ഉപയോഗിക്കുമ്പോൾ ബ്രേക്ക് ഇടവിട്ട് ചവിട്ടരുത്. ഇത് എബിഎസ് സംവിധാനത്തിലെ കൺട്രോൾ യൂണിറ്റിന്റെ ഫലപ്രദമായ പ്രവർത്തനം തടസ്സപ്പെടുത്തും. വാഹനം പൂർണ്ണമായും നിൽക്കുന്നതുവരെ പെഡൽ ചവിട്ടിപ്പിടിക്കുക. വാൽവുകൾ വഴി ബ്രേക്ക് മർദ്ദം ക്രമീകരിക്കുന്നതിന്റെ ഫലമായി പെഡലിൽ തരിപ്പുണ്ടാകും, അത് എബിഎസ് പ്രവർത്തിക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.