രണ്ടു വർഷത്തിനകം ഇന്ത്യൻ നിരത്തിലുള്ള കാറുകൾക്കും മിനി ബസ്സുകൾക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) നിർബന്ധമാക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത വർഷം ഏപ്രിൽ മുതൽ പുതുതായി വിപണിയിലെത്തുന്ന കാർ, മിനി ബസ് മോഡലുകൾക്കെല്ലാം എ ബി എസ് നിർബന്ധമാക്കാനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം.
വഴുക്കലുള്ള റോഡിൽ പെട്ടെന്നു ബ്രേക്ക് പ്രയോഗിക്കുമ്പോൾ അവ ലോക്ക് ആകുന്നതു തടയുകയാണ് എ ബി എസിന്റെ ദൗത്യം. എ ബി എസ് നടപ്പാക്കിയാൽ ഇന്ത്യയിൽ അപകടങ്ങളിൽ ശരാശറി 20% കുറവ് വരുത്താനാവുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2018 ഏപ്രിൽ മുതൽ അവതരിപ്പിക്കുന്ന പുതിയ കാറുകളിലും മിനി ബസ്സുകളിലും എ ബി എസ് നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ നിരത്തിലുള്ള വാഹന മോഡലുകളിലാവട്ടെ 2019 ഏപ്രിലിനകം എ ബി എസ് സംവിധാനം ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.