അമിതവേഗം ആപത്താണെന്ന് അറിയാമെങ്കിലും ദിനംപ്രതി റോഡുകളിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരുന്നു. ചീറിപായുന്ന ബൈക്കുകളുണ്ടാക്കുന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെടുക ഒരു തെറ്റും ചെയ്യാത്ത നിരപരാധികൾക്കാകും. കണ്ണീർ തോരാത്തത് അമ്മമാർക്കും. അമിത വേഗമുണ്ടാക്കുന്ന അപകടത്തിനെതിരെ റോഡപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ട്രാഫിക് ബോധവൽക്കരണ വിഡിയോകളുമായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ.
ശുഭയാത്ര എന്ന പേരിലാണ് കേരള പൊലീസിന്റെ ട്രാഫിക് ബോധവൽക്കരണ വിഡിയോ മോഹൻലാൽ അവതരിപ്പിക്കുന്നത്. റോഡിൽ പൊലിയുന്ന ജീവനുകളെ കരുതിയുള്ള പൊലീസിന്റെ ഏറ്റവും പുതിയ ഉദ്യമമാണ് ശുഭയാത്രാ ചിത്രങ്ങൾ. വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കാൻ പാകത്തിൽ ദൈർഘ്യം രണ്ട് മിനിറ്റിൽ താഴെയാക്കി ചുരുക്കിയാണ് ചിത്രങ്ങളെല്ലാം ഒരുക്കിയത്. പത്തു വിഡിയോകളാണ് പുറത്തിറക്കിയത് അതിൽ എല്ലാത്തിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ട്.
അപകടത്തിന്റെയോ രക്തച്ചൊരിച്ചിലിന്റെയോ ദൃശ്യങ്ങളൊന്നും ചേർക്കാതെയാണ് ബോധവൽക്കരണ ചിത്രങ്ങൾ ഒരുക്കിയത്. മാധ്യമപ്രവർത്തകനായ ടോണി ചിറ്റേട്ടുകളാണ് സംവിധാനം ചെയ്തത്. പൊലീസുമായി ചേർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ചിത്രം നിർമിച്ചത്.