ഇവയെ പറ്റി കേട്ടിട്ടുണ്ട്, പക്ഷേ?

സ്ഥിരമായി വാഹനം ഉപയോഗിക്കുന്നവരാണെങ്കിലും അവയിലെ ഘടകങ്ങളുടെ പേരും അതിന്റെ ഉപയോഗവും നമുക്ക് അറിയണമെന്നില്ല. ഉദാഹരണത്തിൽ എബിഎസ്. ആന്റീ ലോക്ക് ബ്രേക്ക് സിസ്റ്റം എന്നാണ് എബിഎസിന്റെ പൂർണ്ണരൂപം. പുതു തലമുറ വാഹനങ്ങളിലെ പ്രധാന സുരക്ഷ ഉപകരണമാണ് ഇത്. എന്നാൽ ഇതിന്റെ ഉപയോഗം എന്താണെന്നറിയാമോ?

ബ്രേക്ക് പിടിക്കുമ്പോള്‍ ലോക്കായി തെന്നിപ്പോകാതിരിക്കാനാണ് എബിഎസ് ഉപയോഗിക്കുന്നത്. വേഗത്തില്‍ വരുന്ന വാഹനം സഡന്‍ ബ്രേക്കിടുന്നുവെന്നു കരുതുക, ബ്രേക്കിന്റെ പ്രവര്‍ത്തനഫലമായി ടയറുകളുടെ ചലനം പൂര്‍ണ്ണമായി നിലയ്ക്കും. പക്ഷേ വാഹനം തെന്നി നീങ്ങും. ഇത്തരം സാഹചര്യമാണ് എബിഎസ് ഒഴിവാക്കുന്നത്. ബ്രേക്ക് ഫോഴ്സ് ഇടവിട്ട് നൽകി ടയർ ലോക്ക് ആകുന്നത് ഒഴിവാക്കും. ഇതുപോലെ പല ഘടകങ്ങളുണ്ട് കാറിൽ അവ ചിലതിനെ പരിചയപ്പെടാം.

Bash Plate/ Skid Plate

എസ്‌യുവികളിൽ മുന്നിലും പിന്നിലുമായി ബംപറിന്റെ കീഴറ്റത്തുനിന്നു തുടങ്ങി സുപ്രധാന യന്ത്രഭാഗങ്ങളെ സംരക്ഷിക്കുന്ന ലോഹനിർമിത പ്രതിരോധ കവചമാണ് ബാഷ് പ്ലേറ്റ് അഥവാ സ്കിഡ് പ്ലേറ്റ് എന്നറിയപ്പെടുന്നത്.

Hill Descent Control

കുത്തനെയുള്ള ഇറക്കങ്ങളിൽ ഡ്രൈവറുടെ ഇടപെടൽ ഇല്ലാതെ വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകുന്ന സാങ്കേതിക സംവിധാനമാണ് ഹിൽ ഡിസന്റ് കൺട്രോൾ.

Transfer Case

വാഹനം ടൂവീൽ ഡ്രൈവിൽനിന്നു ഫോർവീൽ ഡ്രൈവിലേക്കു മാറുമ്പോൾ എൻജിനിൽ നിന്നുള്ള ചോർക്ക് പുതുതായി കറക്കമാരംഭിച്ച മറ്റു വീലുകൾക്കും പകർന്നുകൊടുക്കുന്ന യാന്ത്രികസംവിധാനമാണ് ട്രാൻസ്ഫർ കെയ്സ്. റിയർവീൽ ഡ്രൈവ് എസ്‌യുവികൾക്കാണിതു വേണ്ടിവരിക

Limited Slip Differential

ഫോർവീൽ ഡ്രൈവ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. തെന്നിപ്പോകുന്ന പ്രതലങ്ങളിൽ വീലുകൾക്കു പിടിത്തം നഷ്ടപ്പെടാതെയിരിക്കുന്നത് ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ മൂലമാണ്.

Angle of Approch & Departure

മുന്നിലും പിന്നിലും എത്ര ഉയരത്തിലുള്ള പ്രതിബന്ധങ്ങൾ ആയാലും, സുരക്ഷിതമായി മറികടക്കാൻ വാഹനത്തിനുള്ള കഴിവിന്റെ സൂചികയാണ് ആംഗിൾ ഓഫ് അപ്രോച്ച് ആൻഡ് ഡിപാർച്ചർ. ഓഫ് റോഡർ വാഹനങ്ങളിലാണ് ഇതു കൂടുതലായും കാണുന്നത്.

Shift on the Fly

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടൂവീൽ ഡ്രൈവ് മോഡിൽ നിന്നു ഫോർവീൽ ഡ്രൈവ് മോഡിലേക്കു മാറാൻ സാധിക്കുന്ന ഇലക്ട്രിക്കൽ സംവിധാനമാണ് ഷിഫ്റ്റ് ഓൺ ഫ്ലൈ. ഉദാ: മിത്‌സുബിഷി മൊണ്ടീരോ.