ഇന്ത്യക്കാർക്ക് പൊതുവേ ഡീസൽ കാറുകളോടാണ് പ്രിയം. ഹാച്ച്ബാക്കും സെഡാനും എസ് യു വിയുമെല്ലാം സ്വന്തമാക്കുന്നവർ മിക്കവാറും ഡീസൽ കാറുകളെ സ്വന്തമാക്കുന്നതിനാണ് ശ്രമിക്കാറ്. ഇന്ധന വിലയിലെ അന്തരവും പെട്രോളിന്റെ ഉയർന്ന വിലയുമാണ് ഡീസലിനെ സാധാരണക്കാർ ഇന്ധനമാക്കുന്നതിന്റെ പ്രധാന കാരണം.
മാസം 1500 കിലോമീറ്റർ വരെ ഓട്ടം ഉള്ളവർക്ക് ഡീസൽ കാറുകളാണ് ലാഭം എന്നാണ് പറയാറ്. ഉടനെ ഡീസലിന്റെ വിലയിൽ വൻ വർദ്ധനവ് വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും കാല ക്രമേണ രണ്ട് ഇന്ധനങ്ങളും തമ്മിലുള്ള വിലയുടെ അന്തരം കുറയാൻ വളരെ അധികം സാധ്യതയുണ്ട്. അപ്പോൾ വില കൂടുതലുള്ള ഡീസൽ കാർ വേണോ അതോ പ്രട്രോൾ കാർ വേണോ...? ഇനിയും തീരുമാനം എടുക്കാൻ കഴിയുന്നില്ല എങ്കിൽ ചില കണക്കുകൾ ചുവടെ കൊടുക്കുന്നു. ബാക്കി നിങ്ങൾക്കു തീരുമാനിക്കാം...
പെട്രോളിന്റെ ഒരു ചെറുകാർ മോഡലിന് 5 ലക്ഷം രൂപയാണെങ്കിൽ. അതേ മോഡലിന്റെ ഡീസൽ കാറിന് 6-6.5 ലക്ഷം രൂപ വരെ. അതായത് ഡീസൽ മോഡലിന് അധികം നൽകേണ്ട്ത് ഏകദേശം ഒന്നര ലക്ഷം രൂപ. പെട്രോൾ മോഡലിനേക്കാൾ ഡീസൽ മോഡലിന് മൈലേജ് ലഭിക്കുമെന്ന വസ്തുത അവിടെ നിൽക്കട്ടെ. ഒരു ശരാശരിക്കാരന്റെ കാർ ഒരു മാസം ഓടുന്നത് 1000 കിലോമീറ്ററാണ്. അതായത് ഒരു ദിവസം 30-35 കീമി വരെ. 1000 കിലോമീറ്റർ പിന്നിടുന്ന പെട്രോൾ കാറിന് വേണ്ട ഇന്ധനം 55 ലിറ്റർ ആണെങ്കിൽ ഡീസൽ കാറിന് വേണ്ടത് 45 ലിറ്റർ ഇന്ധനമാണ്(ഇത് ഒരു ഏകദേശ കണക്കാണ്). 2015 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം പെട്രോളിന് ലിറ്ററിന് ഏകദേശം 64.74 രൂപയും ഡീസലിന് ഏകദേശം 48.02 രൂപയുമാണ്. ഇപ്പോൾ 55 കിലോമീറ്റർ ഓടുന്ന പെട്രോൾ കാറിന്റെ ഫ്യൂവൽ കോസ്റ്റ് 3560 രൂപയും. ഡീസൽ കാറുകളുടെ കോസ്റ്റ് 2641 രൂപയുമാണ്. ഒരു മാസം ശരാശരി 919 രൂപ ലാഭമാണ് ഉള്ളത്.
ശരാശരി ഒരു കാറിന്റെ ആയുസ് 5 വർഷമാണ് ഇപ്പോഴത്തെ വില നിലവാരം കണക്കാക്കുകയാണെങ്കിൽ വർഷത്തിൽ ഏകദേശം 11000 രൂപ ലാഭം കിട്ടും. അതായത് അഞ്ച് വർഷം കൊണ്ട് ലഭിക്കുന്ന ലാഭം 55000 രൂപ. (വാഹനത്തിന്റെ മെയ്ന്റനൻസ് കോസ്റ്റും മറ്റ് ചിലവുകളും കൂട്ടാതെയുള്ള കണക്കാണിത്. ഡീസൽ കാറുകൾക്ക് പെട്രോൾ കാറുകളെ അപേക്ഷിച്ച് മറ്റ് ചിലവുകൾ കൂടുതലാണ്.) അതായത് 1.5 ലക്ഷം രൂപ മുടക്കി നാം താൽ്ക്കാലിക ലാഭം നോക്കി വാങ്ങുന്ന കാർ നമുക്ക് നൽകുന്ന ലോങ് ടേമിൽ ലാഭം തരുന്നില്ല. എന്ന് മാത്രമല്ല നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ റെഡി ക്യാഷ് കൊടുത്ത് കാർ വാങ്ങുന്നവർ വളരെ കുറവാണ്. അങ്ങനെ നോക്കുമ്പോൾ ഈ പറയുന്ന 1.5 ലക്ഷം രൂപ കൈയ്യിൽ നിന്ന് പോകുന്നില്ലല്ലോ എന്ന ചിന്ത വരാം അവിടെയുമുണ്ട് ചില സത്യങ്ങൾ. അതായത് ഒരു ലക്ഷം മുതൽ 2 ലക്ഷം വരെ കൂടുതൽ കൊടുത്ത് ഡീസൽ കാറുകൾ വാങ്ങുമ്പോൾ ഒരു മാസം കൂടുതലായി അടയ്ക്കുന്ന ഇഎഐ 2500 രൂപ മുതൽ മുകളിലേയ്ക്കാണ്. നിലവിലെ സാഹചര്യം വെച്ച് ഡീസൽ കാറുകൾ ഇന്ധനച്ചെലവിൽ ഒരു മാസം ശരാശരി നൽകുന്ന ലാഭം 1000 രൂപയെ വരൂ എന്നിരിക്കെ മാസം അത്രത്തോളം തന്നെ നഷ്ടം വരുന്നുണ്ട്.
താൽകാലിക ലാഭം നോക്കി ഡീസൽ വണ്ടിയിൽ മുതലിറക്കുന്നവന് മുടക്കിയ മുതൽ തിരിച്ചു കിട്ടാൻ എട്ടു വർഷം വേണം അതേ തുക സുരക്ഷിതമായി നിക്ഷേപം നടത്തിയാൽ കിട്ടുന്ന ലാഭം 100 ശതമാനത്തിലധികവും! അപ്പോൾ എതാണ് ലാഭം? ഡീസൽ മോഡൽ ലാഭകരമല്ല എന്നല്ല പറഞ്ഞുവരുന്നത്. മാസം 2000 കീലോമീറ്ററിൽ അധികം ഉപയോഗമുള്ളവർക്ക് തീർച്ചയായും ഡീസൽ കാറുകൾ തന്നെയാണ് ലാഭം. സ്വകാര്യ ഓട്ടത്തിന് പെട്രോൾ കാർ തന്നെയാണ് ഡീസലിനെക്കാൾ ലാഭം.