Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസലിനു വഴിയടയ്ക്കാനൊരുങ്ങി ജർമനിയും

Representative Image

ഡീസൽ നിരോധന വിഷയത്തിൽ ജർമനിക്കും ആത്യന്തികമായി മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം പിന്തുടരേണ്ടി വരുമെന്നു ചാൻസലർ ആഞ്ചല മെർക്കെൽ.  വിവിധ രാജ്യങ്ങളിലെ മലിനീകരണ നിയന്ത്രണ നിലവാര വിവാദങ്ങൾ മൂലം ജർമനിയിലും ഡീസൽ എൻജിനുള്ള വാഹനങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതേസമയം രാജ്യത്ത് ഡീസൽ എൻജിനുള്ള വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്താൻ കൃത്യമായ കാലപരിധിയൊന്നും അവർ പ്രഖ്യാപിച്ചില്ല.

ഡീസൽ വാഹന വിലക്കിന് പ്രത്യേക വർഷമൊന്നും പ്രഖ്യാപിക്കുന്നില്ല: മൂന്നാഴ്ച നീണ്ട അവധിക്കു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം പുനഃരാരംഭിച്ച് മെർക്കെൽ വ്യക്തമാക്കി. എന്നാൽ 2040ൽ ആന്തരിക ജ്വലന എൻജിനുള്ള കാറുകളെ പടിക്കു പുറത്താക്കാനുള്ള ബ്രിട്ടന്റെയും ഫ്രാൻസിന്റെയും തീരുമാനം ശരിയായ ദിശയിലുള്ളതാമെന്നും അവർ വിലയിരുത്തി.ജർമനിയിൽ നിന്നുള്ള കയറ്റുമതിയിൽ മുൻപന്തിയിലുള്ള വാഹന നിർമാണ മേഖലയിൽ എട്ടു ലക്ഷത്തോളം പേരാണു തൊഴിലെടുക്കുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബർ 24നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വാഹനലോകത്തിന്റെ ഭാവി നിർണായക പ്രചാരണ വിഷയവുമാണ്. നാലാം തവണയും ചാൻസലർ സ്ഥാനത്തു തുടരാനാണു മെർക്കെൽ കളത്തിലുള്ളത്.

യു എസിലെ ‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിൽ ഉപയോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുക എന്നത് വാഹന നിർമാതാക്കളുടെ പ്രശ്നമാണെന്നു മെർക്കെൽ അഭിപ്രായപ്പെട്ടു. സോഫ്റ്റ്വെയർ പരിഷ്കരിച്ചോ നിർമാണ പിഴവുള്ള വാഹനം ആകർഷക വിലയ്ക്കു തിരിച്ചെടുത്തോ ഒക്കെ അവർക്ക് ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റാം.‘ഡീസൽ ഗേറ്റി’ലൂടെ വഞ്ചിക്കപ്പെട്ട ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട മലിനീകരണ നിയന്ത്രണ നിലവാരം കർശനമായി ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും വർ ഓർമിപ്പിച്ചു. 

വൈദ്യുത വാഹന വ്യാപനത്തിനായി ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം വികസപ്പിക്കുന്നതിനാവണം വരുംവർഷങ്ങളിൽ മുൻഗണന നൽകേണ്ടതെന്നും മെർക്കെൽ വ്യക്തമാക്കി. അതുവരെ നിലവിൽ നിരത്തിലുള്ളതും പരിസ്ഥിതിയെ മലിനമാക്കുന്നതുമായ കാരുകൾ നിരോധിക്കുന്നതിനോട് അവർ വിയോജിപ്പു രേഖപ്പെടുത്തി. ഉത്തമവിശ്വാസത്തിൽ കാർ വാങ്ങിയവരെ ശിക്ഷിക്കുന്നത് ശരിയായ നടപടിയല്ലെന്നായിരുന്നു മെർക്കെലിന്റെ നിലപാട്.