Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ഡീസൽ ഇറക്കുമതി ഉയർന്ന തലത്തിലേക്ക്

INDIA-ECONOMY/

ഇന്ത്യയുടെ ഡീസൽ ഇറക്കുമതി ഇക്കൊല്ലം കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്താൻ സാധ്യത. ഇന്ധനങ്ങൾക്ക് ഉയർന്ന നിലവാരം കൈവരിക്കാൻ ആവശ്യമായ പരിഷ്കാരം നടപ്പാക്കാൻ ശുദ്ധീകരണ ശാലകൾ അടച്ചിട്ടതും താപനിലയിലെ വർധന മൂലം ഉപയോഗം ഉയർന്നതുമാണ് ഡീസലിന്റെ ആവശ്യം വർധിപ്പിക്കുന്നതത്രെ. എന്തായാലും ഇന്ത്യയുടെ ഇറക്കുമതി വർധിച്ചത് ചൈനീസ് ഇറക്കുമതിയിൽ തകരുമെന്നു കരുതിയ ഏഷ്യൻ ഡീസൽ വിപണിക്ക് പിൻബലമേകിയിട്ടുമുണ്ട്. ജൂലൈ വരെയുള്ള കാലയളവിൽ 9.67 ലക്ഷം ടൺ ഡീസൽ വാങ്ങാൻ ഇന്ത്യൻ പൊതുമേഖല റിഫൈനറികൾ തയാറെടുക്കുന്നുണ്ട്. ഇതോടെ 2016ലെ 9.62 ലക്ഷം ടൺ എന്ന റെക്കോഡ് ഇറക്കുമതി പഴങ്കഥയാവുമെന്നാണു സൂചന.

പരിസ്ഥിതി മലിനീകരണത്തിൽ യൂറോ നാല് നിലവാരമുള്ള ഇന്ധനങ്ങളാണ് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഇന്ത്യൻ വിപണിയിലുള്ളത്; ഇവയുടെ നിർമാണത്തിനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ചെന്നൈ പെട്രോളിയം കോർപറേഷന്റെയും മറ്റും ശുദ്ധീകരണശാലകൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നത്. ഭട്ടിണ്ടയിലെ എച്ച് പി സി എൽ — മിത്തൽ എനർജി ലിമിറ്റഡ്(എച്ച് എം ഇ എൽ) റിഫൈനറിയിലെ അറ്റകുറ്റപ്പണിയും പ്രതീക്ഷിച്ചതിലും രണ്ടാഴ്ചയിലേറെ നീണ്ടു.  ഇതോടൊപ്പം താപനിലയിലെ വർധനയും ഡീസലിനുള്ള ആവശ്യം ഉയരാൻ വഴി തെളിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ചൂട് അസഹ്യമായതോടെ കാർഷിക ആവശ്യത്തിനും വൈദ്യുതി ഉൽപ്പാദനത്തിനും ഡീസൽ ഉപഭോഗം ഉയർന്നെന്നാണു കണക്ക്. 

സാധാരണ നിലയിൽ ഡീസലിന്റെ കാര്യത്തിൽ കയറ്റുമതിക്കാരായി പരിഗണിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ആഭ്യന്തര ഉപഭോഗം നിറവേറ്റിയ ശേഷം കയറ്റുമതിക്കുള്ള ഡീസൽ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തെ ശുദ്ധീകരണശാലകൾക്കുണ്ട്. എന്നാൽ ഇന്ധന നിലവാരത്തിൽ നടപ്പാക്കിയ മാറ്റങ്ങൾ മൂലമാണ് ഈ ശാലകൾക്ക് ആഭ്യന്തര ഉപയോഗം നിറവേറ്റാനാവാത്ത സാഹചര്യമുണ്ടായത്. 

Fasttrack Auto News