യു എസിൽ നിന്ന് ഇന്ത്യ വാങ്ങിയ അസംസ്കൃത എണ്ണയുമായി ആദ്യ കപ്പൽ ഒഡീഷയിലെ പാരദീപ് തുറമുഖത്തെത്തി. പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ ഒ സി നൽകിയ ഓർഡറിലെ ആദ്യ ഗഡുവായ 16 ലക്ഷം ബാരൽ എണ്ണയാണ് വെരി ലാർജ് ക്രൂഡ് കാരിയർ(വി എൽ സി സി) വിഭാഗത്തിൽപെട്ട ‘എം ടി ന്യൂ പ്രോസ്പെരിറ്റി’ എന്ന കപ്പലിൽ രാജ്യത്തെത്തിയത്. ഓഗസ്റ്റ് 19ന് യു എസ് ഗൾഫ് കോസ്റ്റിൽ നിന്നു പ്രയാണം ആരംഭിച്ച ഈ കപ്പലിന് 20 ലക്ഷം ബാരൽ എണ്ണ കയറ്റാൻ ശേഷിയുണ്ട്. തുറമുഖത്തെത്തിയ കപ്പലിനെ സ്വീകരിക്കാൻ ഐ ഒ സിയിലെയും പെട്രോളിയം മന്ത്രാലയത്തിലെയും യു എസ് എംബസിയിലെയും ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ഒഡീഷയിലെ പാരദീപിനു പുറമെ പശ്ചിമ ബംഗാളിലെ ഹാൽദിയ, ബിഹാറിലെ ബറൗണി, അസമിലെ ബൊംഗൈഗാവ് ശുദ്ധീകരണശാലകളിലായി യു എസിൽ നിന്നുള്ള ക്രൂഡ് ഓയിൽ സംസ്കരിച്ചെടുക്കുമെന്ന് ഐ ഒ സി അറിയിച്ചു. യു എസിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന ആദ്യ ഇന്ത്യൻ പൊതുമേഖല കമ്പനിയാണ് ഐ ഒ സി; അമേരിക്കയിൽ നിന്നു മൊത്തം 39 ലക്ഷം ബാരൽ എണ്ണ വാങ്ങാനാണു കമ്പനി നടപടി സ്വീകരിച്ചത്.
ഐ ഒ സിക്കു പുറമെ പൊതുമേഖല സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം കോർപറേഷൻ(ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ(എച്ച് പി സി എൽ) എന്നിവയും യു എസ് ക്രൂഡിന് ഓർഡർ നൽകിയിട്ടുണ്ട്. ഇരുകമ്പനികളും ചേർന്ന് 39.50 ലക്ഷം ബാരൽ ക്രൂഡ് ആണു വാങ്ങുക; ബി പി സി എല്ലിനുള്ള വിഹിതമായ 29.50 ലക്ഷം ബാരൽ കൊച്ചി തുറമുഖത്തും എച്ച് പി സി എല്ലിനുള്ള 10 ലക്ഷം ബാരൽ വിശാഖപട്ടണത്തുമാവും എത്തിക്കുക. ചുരുക്കത്തിൽ യു എസിൽ നിന്നു മൊത്തം 78.50 ലക്ഷം ടൺ ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനാണു രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ നടപടിയായത്.
നാലു പതിറ്റാണ്ടിലേറെ മുമ്പ് 1975ലാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് കയറ്റുമതി യു എസ് നിർത്തിവച്ചത്. എന്നാൽ ഇന്ത്യയും യു എസുമായുള്ള ഉഭയകക്ഷി ചർച്ചകളിലെ ധാരണപ്രകാരമാണ് ഇപ്പോൾ എണ്ണ കയറ്റുമതി പുനഃരാരംഭിച്ചിരിക്കുന്നതെന്ന് യു എസ് എംബസി വ്യക്തമാക്കി. ക്രൂഡ് ഓയിൽ കൂടിയെത്തുന്നതോടെ ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരത്തിൽ 200 കോടി ഡോളർ(ഏകദേശം 13,092 കോടി രൂപ) വർധന പ്രതീക്ഷിക്കുന്നതായും സ്ഥാനപതി കാര്യാലയം അറിയിച്ചു.
പൊതു, സ്വകാര്യ മേഖലകളിലെ ഇന്ത്യൻ കമ്പനികൾ ചേർന്ന് യു എസിലെ ഷെയ്ൽ മേഖലയിൽ 500 കോടി ഡോളർ(32,730 കോടിയോളം രൂപ) നിക്ഷേപവും നടത്തിയിട്ടുണ്ട്. കൂടാതെ പ്രതിവർഷം 58 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം(എൽ എൻ ജി) വാങ്ങാനും വിവിധ കമ്പനികൾ കരാറിലെത്തിയിരുന്നു. യു എസിൽ നിന്നുള്ള ആദ്യ എൽ എൻ ജി കപ്പൽ അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ.