പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബി പി സി എൽ) ഇതാദ്യമായി യു എസിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നു. രണ്ടു ഘട്ടമായി 10 ലക്ഷം ബാരൽ(15.90 കോടി ലീറ്റർ) സ്വീറ്റ് ക്രൂഡാണു കമ്പനി യു എസിൽ നിന്നു വാങ്ങുന്നത്. ഇതുവരെ പെട്രോളിയം കയറ്റുമതി രാജ്യ സംഘടന(ഒപെക്)യിലെ അംഗങ്ങളിൽ നിന്നാണു ബി പി സി എൽ അസംസ്കൃത എണ്ണ വാങ്ങിയിരുന്നത്.
എണ്ണ വാങ്ങൽ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണു സൾഫർ വിഹിതം കുറഞ്ഞ ടെക്സസ് സ്വീറ്റ് ക്രൂഡും മറ്റൊരു ഹെവി ഗ്രേഡ് ക്രൂഡും വാങ്ങിയതെന്ന് ബി പി സി എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി രാജ്കുമാർ അറിയിച്ചു. എണ്ണ, പ്രകൃതി വാതക ലഭ്യതയ്ക്കായി ഒരേ മേഖലയെ ആശ്രയിക്കുന്നതിലെ അപകടങ്ങളും വെല്ലുവിളികളും പരിഗണിച്ചാണു വാങ്ങൽ നടപടി വൈവിധ്യവൽക്കരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ തരം അസംസ്കൃത എണ്ണകൾ ശുദ്ധീകരിക്കാനുള്ള ശേഷി കമ്പനിയുടെ റിഫൈനറികൾക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബി പി സിഎല്ലിന്റെ റിഫൈനറികളിൽ ആഗോളതലത്തിൽ ലഭ്യമാവുന്നതിൽ 55 തരം അസംസ്കൃത എണ്ണകൾ ശുദ്ധീകരിക്കാനാവും. ആഗോളവിപണികളിൽ അസംസ്കൃത എണ്ണ വില കഴിഞ്ഞ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതോടെ ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 25% വിഹിതമുള്ള ബി പി സി എൽ ക്രൂഡിനായി പുത്തൻ വിപണികൾ തേടുന്നത് ഈ പ്രതികൂല സാഹചര്യം മറികടക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ്.
മത്സരക്ഷമമായ വിലയ്ക്കു ലഭിക്കുന്ന കമ്പനികൾ ഏറ്റെടുക്കാനും ഷെയിൽ ഗ്യാസ് പര്യവേഷണത്തിനും സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങൾക്കുമൊക്കെയായി അടുത്ത അഞ്ചു വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണു ബി പി സി എൽ തയാറെടുക്കുന്നത്. ഓഹരി വിൽപ്പനയിലൂടെയും കടമെടുപ്പ് വഴിയുമാവും വികസനത്തിനുള്ള പണം കണ്ടെത്തുകയെന്നും രാജ്കുമാർ വിശദീകരിച്ചു.