കഴിഞ്ഞ മാസം രാജ്യത്തെ അസംസ്കൃത എണ്ണ ഉൽപ്പാദനത്തിൽ ഇടിവ്. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 0.6% ഇടിവോടെ 29.3 ലക്ഷം ടണ്ണായിരുന്നു ഏപ്രിലിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം. 2016 ഏപ്രിലിൽ ഇന്ത്യ 29.50 ലക്ഷം ടൺ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിച്ചിരുന്നെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വെളിപ്പെടുത്തി.
പൊതു മേഖല സ്ഥാപനമാ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ(ഒ എൻ ജി സി) ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ കഴിഞ്ഞ മാസം 2.5% വർധന രേഖപ്പെടുത്തി; 18.40 ലക്ഷം ടണ്ണായിരുന്നു കമ്പനിയുടെ ഉൽപ്പാദനം. അതേസമയം സ്വകാര്യ മേഖലയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതാണു പ്രശ്നമായത്. ഉൽപ്പാദനക്ഷമതയേറിയ രാജസ്ഥാൻ ബ്ലോക്കിലെ ഏറ്റവും വലിയ എണ്ണപ്പാടമായ മംഗള ഫീർഡിലെ ഏഴുപതോളം കിണറുകളാണു സ്വകാര്യ കമ്പനിയായ കെയ്ൻ ഇന്ത്യ കഴിഞ്ഞ മാസം പൂട്ടിയിട്ടത്.
ഇതോടെ സ്വകാര്യ മേഖലയുടെയും സംയുക്ത സംരംഭങ്ങളുടെയും ഉൽപ്പാദനത്തിൽ ഏപ്രിലിൽ 8.44 ശതമാനത്തോളം ഇടിവു നേരിട്ടു; 8.14 ലക്ഷം ടണ്ണായിരുന്നു ഈ വിഭാഗത്തിന്റെ മൊത്തം ഉൽപ്പാദനം. ‘മംഗള’യിലെ ഹൈവാട്ടർ കട്ട് കിണറുകൾ അടച്ചു പൂട്ടിയതിനു പുറണെ രാജസ്ഥാനിലെ ‘ഭാഗ്യം’ എണ്ണപ്പാടത്തെ ചില കിണറുകളുടെ പ്രകടനം മോശമായതും തിരിച്ചടിയായെന്നു പെട്രോളിയം മന്ത്രാലയം വിശദീകരിക്കുന്നു.
പ്രകൃതിവാതക വിഭാഗത്തിൽ കഴിഞ്ഞ മാസത്തെ ഉൽപ്പാദനം 2016 ഏപ്രിലിനെ അപേക്ഷിച്ച് 1.8% അധികമായിരുന്നു; 2,532.73 മില്യൻ സ്റ്റാൻഡേഡ് ക്യുബിക് മീറ്റർ(എം എം എസ് സി എം) ആയിരുന്നു കഴിഞ്ഞ മാസത്തെ മൊത്തം ഉൽപ്പാദനം. ഒ എൻ ജി സിയുടെ പ്രകൃതി വാതക ഉൽപ്പാദനം 2016 ഏപ്രിലിനെ അപേക്ഷിച്ച് 9.7% വർധനയോടെ 1,790.07 എം എം എസ് സി എമ്മായി. ശുദ്ധീകരണ ശാലകളിൽ നിന്നുള്ള ഉൽപ്പാദനത്തിലും കഴിഞ്ഞ മാസം നേരിയ ഇടിവുണ്ട്; രണ്ടു കോടി ടണ്ണായിരുന്നു മൊത്തം ഉൽപ്പാദനം. പൊതു മേഖല റിഫൈനറികളിൽ നിന്നുള്ള ഉൽപ്പാദനത്തിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും സ്വകാര്യ മേഖലയിലെ റിലയൻസ് ഇൻഡസ്ട്രീസ്, എസ്സാർ ഓയിൽ തുടങ്ങിയവയിൽ നിന്നുള്ള ഉൽപ്പാദനം കുറഞ്ഞു.