ബൈക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കണം

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും നിരത്തിലിറങ്ങുന്നത് ലക്ഷക്കണക്കിനു ബൈക്കുകൾ. വിപണിയിലെ വിഹിതം വർധിപ്പിക്കാൻ ഓരോ നിർമാതാവും കഠിന പരിശ്രമത്തിലാണ്. മികച്ച മൈലേജും സ്റ്റൈലും കരുത്തുമുള്ള നിരവധി വാഹനങ്ങളുണ്ട് ഇന്ത്യൻ വിപണിയിൽ. ഇവയിൽനിന്ന് ഒരെണ്ണം തിര‍ഞ്ഞെടുക്കുക ശ്രമകരമായ ജോലി തന്നെ. എന്തൊക്കെ കാര്യങ്ങളാണ് ബൈക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?

മൂമ്പ് ഇന്ത്യൻ വിപണിയിൽ ബൈക്കുകൾക്കായിരുന്നു പ്രാധാന്യമെങ്കിൽ ഇന്ന് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഒരേ പ്രാധാന്യമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽ‌പ്പനയുള്ളതും ഒരു സ്കൂട്ടറാണ് - ഹോണ്ട ആക്ടീവ.

ബൈക്കോ അതോ സ്കൂട്ടറോ

ബൈക്കാണോ അതോ സ്കൂട്ടറാണോ വേണ്ടതെന്ന് ആദ്യം തീരുമാനിക്കാം. ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ധാരാളം ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദിവസവും ചെറുയാത്രകൾ മാത്രം ചെയ്യുന്നവരാണെങ്കിൽ സ്കൂട്ടറുകളാകും നല്ലത്. കൂടാതെ ടൗണുകളിൽ യാത്ര ചെയ്യുന്നവർക്കും സ്കൂട്ടറുകളാകും യോജിക്കുക. എന്നാൽ ദിവസവും ദൂരയാത്രകൾ ചെയ്യുന്നവരാണെങ്കിൽ ബൈക്കുകൾ തന്നെയാകും നല്ലത്. അ‍മ്പതു വയസ്സിൽ കൂടുതലുള്ള ആളുകളാണെങ്കിൽ സ്കൂട്ടറുകൾ വാങ്ങുന്നതായിരിക്കും നല്ലത്. കാരണം സ്കൂട്ടറുകളെ ഏളുപ്പം ഹാൻഡിൽ ചെയ്യാം. കൂടാതെ കുറഞ്ഞ പരിപാലന ചിലവ്, പ്രായോഗികത തുടങ്ങിയവയിലും മുന്നിൽ സ്കൂട്ടറുകൾ തന്നെ. സ്കൂട്ടറുകൾ വീട്ടിലെ സ്ത്രീകൾക്കും ഉപയോഗിക്കാം എന്ന ഗുണവുമുണ്ട്.

ബൈക്കുകൾക്ക് മൈലേജ്, കരുത്ത് തുടങ്ങിയവ കൂടുതലായിരിക്കും. കൂടാതെ വാഹനം വാങ്ങുന്ന ആളുടെ ശരീരഘടനയും നോക്കി എതാണ് കൂടുതൽ നല്ലതെന്നു തീരുമാനിക്കാം. കൂടുതൽ യാത്രാസുഖം, മികച്ച സസ്പെൻഷൻ എന്നിവ ബൈക്കുകൾക്കാകും ഉണ്ടാകുക.

ബജറ്റ്

എത്രയാണ് നിങ്ങളുടെ ബജറ്റ് എന്ന് ആദ്യം തീരുമാനിക്കാം. 45000 രൂപ മുതൽ 55000 രൂപ വരെയാണ് ബജറ്റെങ്കിൽ കമ്യൂട്ടർ ബൈക്കുകളും 55000 രൂപ മുതൽ 80000 രൂപ വരെയെങ്കിൽ 150 സിസി ബൈക്കുകളും 80000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെയെങ്കിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളും സ്വന്തമാക്കാം. ബജറ്റ് തീരുമാനിച്ചതിനു ശേഷം ആ ബജറ്റിൽ വരുന്ന ബൈക്കുകളെ ഷോർട്ട് ലിസ്റ്റ് ചെയ്യുക. ഷോർട്ട് ലിസ്റ്റ് ചെയ്ത ബൈക്കുകളെല്ലാം ടെസ്റ്റ് റൈഡ് ചെയ്യാനും മറക്കരുത്. കാരണം, തിരഞ്ഞെടുക്കുന്ന ബൈക്ക് നിങ്ങൾക്ക് അത്ര സൗകര്യപ്രദമായില്ലെങ്കിൽ പിന്നീട് അതൊരു ബാധ്യതയായി തീരും. ടെസ്റ്റ് റൈഡ് ചെയ്യാതെ ഒരിക്കലും ബൈക്ക് വാങ്ങരുത്.

കരുത്തോ, മൈലേജോ?

എത്ര സിസി വരെ എൻജിൻ കപ്പാസിറ്റിയുള്ള ബൈക്കാണ് വേണ്ടത്. മൈലേജ് കൂടുതൽ വേണമെങ്കിൽ 100 മുതൽ 125 സിസി വരെ കപ്പാസിറ്റിയുള്ള കമ്യൂട്ടര്‍ ബൈക്കുകൾ തന്നെ തിരഞ്ഞെടുക്കുകയായിരിക്കും ഉത്തമം. ലീറ്ററിന് 100 കിലോമീറ്റർ മൈലേജ് തരുന്ന ബൈക്കുകൾ വിപണിയിൽ ലഭ്യമാണ്. ഭേദപ്പെട്ട മൈലേജും കരുത്തും വേണമെങ്കിൽ 150 സിസിയിലേക്കു പോകാം. മൈലേജ് പ്രശ്നമല്ല കരുത്താണ് വേണ്ടതെങ്കിൽ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകൾ വാങ്ങാവുന്നതാണ്. ദൂരയാത്രകൾക്കായാണ് ബൈക്കുകൾ വാങ്ങുതെങ്കിൽ റോയൽ എൻഫീൽഡ്, ബജാജ് തുടങ്ങിയ നിർമാതാക്കളുടെ ക്രൂയിസർ ബൈക്കുകൾ സ്വന്തമാക്കാം.

പഴയതോ, പുതിയതോ

ആദ്യമായി ബൈക്ക് സ്വന്തമാക്കുന്നവർ സ്വയം ഒരുപാടു പ്രാവശ്യം ചോദിക്കുന്ന ചോദ്യമാണിത്. ബൈക്ക് ഓടിക്കാൻ പഠിക്കുന്നവരാണെങ്കിൽ ആദ്യം പഴയ ബൈക്ക് വാങ്ങുന്നതായിരിക്കും നല്ലത്. കാരണം പുതിയ ബൈക്ക് വാങ്ങിയാൽ ചിലപ്പോള്‍ മറിഞ്ഞു വീഴാനും ഗിയർഷിഫ്റ്റിങ് കൃത്യമല്ലാതെ തകരാർ സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്. പുതിയ ബൈക്കുകൾ വാങ്ങുമ്പോൾ ഫ്രീ സർവീസ് ആനുകൂല്യങ്ങൾ, പുതിയ ടെക്നോളജി എന്നിവ ലഭിക്കും. സെക്കൻഡ് ഹാൻ‍ഡ് കാറുകൾക്കുള്ളതുപോലുള്ള വിപണികളും സെക്കൻഡ് ഹാൻഡ് ഷോറൂമുകളും ഇരുചക്രവാഹനങ്ങൾക്കുമുണ്ട്. അതുകൊണ്ടുതന്നെ ഒരു പരിധി വരെ ആനുകൂല്യങ്ങൾ സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹനങ്ങൾക്കും ലഭിക്കും. ലോൺ സൗകര്യം പോലും ഇപ്പോള്‍ ലഭ്യമാണ്.

താരതമ്യം ചെയ്യുക

നാം തിരഞ്ഞെടുക്കുന്ന ബൈക്കിനെ അതിന്റെ തൊട്ടടുത്ത എതിരാളിയുമായി താരമത്യം ചെയ്യുക. കൂടുതൽ ഗുണങ്ങൾ ഏതു ബൈക്കിനാണെന്നു നോക്കുന്നത് നല്ലതായിരിക്കും. കൂടാതെ മികച്ച സർവീസ് നെറ്റ്‌വർക്കുള്ള നിർമാതാക്കളിൽനിന്ന് വാഹനം സ്വന്തമാക്കുന്നതായിരിക്കും ഉത്തമം. അതേ മോഡൽ ബൈക്ക് ഉപയോഗിക്കുന്നവരുടെ ഉപദേശം കേൾക്കുന്നതും. നന്നായിരിക്കും.