വാഹനത്തിന്റെ ചില്ലു നോക്കണം, പൊന്നു പോലെ

വാഹനത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വിൻഡ് സ്ക്രീൻ അല്ലെങ്കിൽ വിൻഡ് ഷീൽഡ്. കാഴ്ച സുഗമമാക്കുന്ന വിൻഡ് ഷീൽഡിനും സംരക്ഷണം വേണം. റോഡിലെ പൊടി പടലങ്ങളും, അന്തരീക്ഷത്തിലെ ഈർപ്പവും, വാഹനങ്ങളിലെ പുകയുമെല്ലാം ചേർന്ന് വിൻഡ് ഷീൽഡുകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. മഴയുള്ള രാത്രി കാലങ്ങളിലാണ് ചില്ലുകളിൽ പറ്റിപിടിച്ചിരിക്കുന്ന എണ്ണമെഴുക്കുള്ള പദാർഥങ്ങൾ‌ ശരിക്കും പ്രശ്നക്കാരനാവുന്നത്. എങ്ങനെ വിൻഡ് ഷീൽഡ് എളുപ്പം വൃത്തിയാക്കാം. വിൻഡ് ഷീൽഡിലെ എങ്ങനെ പരിപാലിക്കാം.

വൈപ്പറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക

വൈപ്പറുകളുടെ കാര്യക്ഷമത എപ്പോഴും ഉറപ്പാക്കുക. വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ എപ്പോഴും വൈപ്പർ ഉയർത്തിവയ്ക്കുവാൻ ശ്രമിക്കുക. ഇത്തരത്തിൽ ചെയ്താൽ വൈപ്പറുകൾ ഏറെ നാള്‍ കേടാതിരിക്കുകയും ചില്ലുകൾക്ക് തകരാറുണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. മഴക്കാലത്തും മറ്റും വൈപ്പറുകൾ വൃത്തിയുള്ളതാണെന്നും പ്രവർത്തനക്ഷമമാണെന്നും പ്രത്യേകം ഉറപ്പാക്കുക. യാത്രയ്ക്കു മുമ്പ് വൈപ്പറുകൾ വൃത്തിയാക്കുന്നതും ഗുണകരമാണ്. വൈപ്പർ പ്രവർത്തിപ്പിക്കും മുമ്പ് വിൻഡ് സ്ക്രീൻ വാഷർ ഉപയോഗിക്കുക. വാഹനത്തിന്റെ വിൻഡ്സ്ക്രീൻ വാഷർ ഫ്ളൂയിഡ് സംഭരണിയിൽ സോപ്പ് ലായനിയോ ഷാംപുവോ ചേർക്കുന്നതു നല്ലതാണ്. വൈപ്പറും ചില്ലുമായുള്ള ഘർഷണം ഒഴിവാക്കാനും ഗ്ലാസിൽ പോറൽ വീഴുന്നത് ഇല്ലാതാക്കാനും ഇതുവഴി സാധിക്കും. ഓരോ വർഷം കൂടുമ്പോഴും വൈപ്പർ മാറ്റുന്നതും വളരെ നന്നായിരിക്കും.

വിൻഡ് ഷീൽഡ് ഇടയ്ക്കിടെ വൃത്തിയാക്കുക

സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വിൻഡ് ഷീൽഡ് വ‍ൃത്തിയാക്കുന്നതു നന്നായിരിക്കും. ചില്ലുകൾ വൃത്തിയാക്കുന്നതിനുള്ള പ്രത്യേക തരം തുണികൾ വിപണിയിൽ ലഭ്യമാണ് അവ ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കും ഉത്തമം. കൂടാതെ വിൻഡ് ഷീൽഡ് ക്ലീനിങ് ലായിനികളും ഉപയോഗിക്കുന്നതും നന്നായിരിക്കും. അവയൊന്നുമില്ലെങ്കിൽ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളുമൊക്കെ വൃത്തിയാക്കാനുള്ള മികച്ച ഉപാധി നനഞ്ഞ പത്രക്കടലാസാണ്. ഗ്ലാസിലെ പൊടിയും പാടും കറയുമൊക്കെ അകറ്റുന്നതിനു പുറമെ പോളിഷിങ് പേപ്പറിന്റെ ഗുണം കൂടി പത്രക്കടലാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലാസുകൾ നന്നായി തുടച്ചു വൃത്തിയാക്കിയ ശേഷം ബാക്കിയാവുന്ന ജലം വൈപ്പർ ഉപയോഗിച്ചോ ഉണങ്ങിയ പത്രക്കടലാസ് കൊണ്ടോ നീക്കാവുന്നതാണ്.