Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിൻ ഫീൽഡ് ബുള്ളറ്റ് !

വിനോദ് നായർ
bullet Illustration : A K Girish

പ്രിയാ ബാജ്പേയി..  ഓടിക്കുന്നത് ബൈക്ക് ആണെങ്കിലും ജാഗ്വാറിന്റെ പുലിയാണ് അവളുടെ കീ ചെയിൻ ! മുംബൈ വർളിയിലെ ന്യൂജെൻ ബാങ്കിൽ കസ്റ്റമർ എക്സിക്യൂട്ടീവാണ് പ്രിയ. അവിവാഹിത. 500 സിസി ബുള്ളറ്റാണ് അവളുടെ കാമുകൻ.  എയർഫോഴ്സിൽ പൈലറ്റായിരുന്നു പ്രിയയുടെ അച്ഛൻ വിങ് കമാൻഡർ‌ ഹരി ബാജ്പേയി. അച്ഛന്റെ വിമാനം ആകാശത്തൂടെ പറക്കുമ്പോൾ ഇങ്ങു താഴെ നേതാജി പാർക്ക് മൈതാനത്ത് വിമാനത്തിന്റെ നിഴലിനൊപ്പം ഓടി വിമാനത്തെ ഓവർ ടേക് ചെയ്യുന്നതായിരുന്നു കുട്ടിക്കാലത്തെ അവളുടെ ഹോബി.  പിന്നെ മുംബൈയിലെ റോഡിൽ ബൈക്ക് ഓടിക്കുന്ന പയ്യന്മാരെ പിന്നിലാക്കുന്നതിലായി  ത്രിൽ. 

മുംബൈ – താനെ റോഡിൽ പന്ത്രണ്ടു ട്രാഫിക് സിഗ്നലുകൾ ക്രോസ് ചെയ്യണം ഫ്ളാറ്റിൽ നിന്ന് അവളുടെ ഓഫിസിലെത്താൻ.  ചുവപ്പു കത്തുമ്പോൾ ട്രാഫിക് സിഗ്നലുകളിൽ ഏറ്റവും മുൻ നിരയിൽ കാണും അവളുടെ ബൈക്ക്. പച്ച തെളിഞ്ഞാൽ അടുത്ത നിമിഷം എല്ലാ ബൈക്കുകളും വെട്ടുക്കിളിക്കൂട്ടം പോലെ ഫട ഫടാന്ന് ഒരു പറക്കലാണ്. അടുത്ത ട്രാഫിക് സിഗ്നലിൽ ആദ്യമെത്താനാണ് മൽസരം. എന്നും മുന്നിലെത്തുന്നത് പ്രിയയായിരുന്നു ! അതോടെ ബൈക്കർമാർ എല്ലാവരും ചേർന്ന് അവൾക്കൊരു പേരിട്ടു... ബുള്ളറ്റ് റാണി !

മുംബൈ – താനെ റോഡിൽ ബൈക്കർമാരായ 50 ചെറുപ്പക്കാരുടെ ഒരു സംഘമുണ്ട് – മുബൈ റോക്കേഴ്സ്. അതിലെ ഏക പെൺകുട്ടിയും ടീം ലീഡറുമാണ് പ്രിയ. ഫുൾ ടാങ്ക് അടിക്കലും ഓഫ് റോഡിങ്ങും മാത്രമായി നടന്നിരുന്ന പയ്യന്മാരുടെ ആ ഗ്രൂപ്പ് പ്രിയ ലീഡറായതോടെ എൻജിഒ ആയി.  ഈ കൂട്ടായ്മയ്ക്ക് ഓഫിസും ബോർഡും ഒന്നുമില്ല.   റോഡിൽ സിഗ്നലുകളിൽ കാത്തു കിടക്കുന്ന നാലോ അഞ്ചോ മിനിറ്റാണ് ഇവരുടെ മീറ്റിങും ചർച്ചയുമൊക്കെ ! കാർ വാങ്ങിയാൽ അതോടെ സംഘടനയിൽ നിന്നു പുറത്താകും. ചിരി ദിനം, ടാറ്റാ ദിനം, അന്താക്ഷരി ദിനം, ട്രാഫിക് ദിനം, രാഖി ദിനം ഇങ്ങനെ മുംബൈ റോക്കേഴ്സിന് എന്തും ആഘോഷമാണ്. 

റോഡിൽ കാണുന്ന എല്ലാവരെയും നോക്കി ചിരിക്കുന്നതാണ് ചിരിദിനം ! സല്യൂട്ട് പൊലീസ് ദിനത്തിൽ ട്രാഫിക് പൊലീസുകാരെ എവിടെ കണ്ടാലും ബൈക്കർമാർ സല്യൂട്ട് ചെയ്യും. അമിതാഭ് ബച്ചൻ ദിനമാണ് സൂപ്പർ ! അന്ന് മുംബൈയിലെ 70 വയസ്സിൽക്കൂടുതലുള്ള, സ്വന്തമായി വണ്ടി വാങ്ങാൻ കഴിവില്ലാത്ത മുത്തച്ഛന്മാരെ ബൈക്കിലിരുത്തി സിറ്റി റൈഡിനു കൊണ്ടു പോകും ! സംഘടയുടെ ധീമി ദിവസ് ആഘോഷവും അന്നു തന്നെയാണ്. പ്രായം ചെന്നവർ പിന്നിലുള്ളതുകൊണ്ട് ആ ദിവസം മെല്ലെ മെല്ലെയേ ബൈക്ക് ഓടിക്കൂ ! മുത്തശ്ശിമാർക്കായി ജയാ ബച്ചൻ ദിനവുമുണ്ട് അടുത്ത വർ‌ഷം മുതൽ..ട്രാഫിക് സിഗ്നലുകളിൽ സമയം കളയാനായി ബൈക്കുകാർക്കു കളിക്കാനൊരു ട്രാഫിക് അന്താക്ഷരിയും പ്രിയയുടെ കണ്ടുപിടുത്തമാണ്. അതിലെ വിജയികൾക്കു സമ്മാനവുമുണ്ട് !

പ്രിയയുടെ വിവാഹമായിരുന്നു ഈയിടെ. വരനും ബൈക്കറാണ്. അവർ തമ്മിൽ കണ്ടുമുട്ടിയതും പ്രണയം തുടങ്ങിയതും റോഡിൽ. പയ്യൻ പ്രിയയോട്.. എനിക്ക് നിന്നെ എന്നു പറഞ്ഞപ്പോഴേക്കും ട്രാഫിക് പോസ്റ്റിൽ പച്ച ലൈറ്റ് തെളിഞ്ഞു. പ്രിയ ബൈക്ക് കത്തിച്ചു വിട്ടു.. പിന്നെ അടുത്ത ട്രാഫിക് മരത്തിന്റെ ചുവട്ടിൽ വച്ചാണ് ഇഷ്ടമാണ് എന്നു പറയാൻ ടൈം കിട്ടിയത്. ഇഷ്ടപ്പെടാനുള്ള കാരണമായിരുന്നു പ്രിയയ്ക്ക് അറിയേണ്ടത്. പയ്യൻ പറഞ്ഞു.. ആറു മാസമായി ഞാൻ നിന്റെ ബൈക്കിന്റെ പിന്നാലെയുണ്ട്. നീ ആവശ്യമില്ലാതെ ബ്രേക്കും ക്ളച്ചും യൂസ് ചെയ്യാറേയില്ല.  മുംബൈയിലെ ബൈക്കർമാരിൽ ഏറ്റവും കുറച്ച് ബ്രേക്ക് ഉപയോഗിക്കുന്നത് നീയായിരിക്കും ! അത്രയും പെർഫെക്ടാണ് നിന്റെ റൈഡിങ്. അതുകൊണ്ട് നിന്നെ കല്യാണം കഴിച്ചാൽ ലൈഫിന് നല്ല മൈലേജ് കിട്ടും !

പ്രിയ അതിൽ വീണു. വിവാഹം കഴ‍ിഞ്ഞ് ആദ്യത്തെ യാത്രയിൽ പയ്യന്റെ ബൈക്കിനു പിന്നിൽ ഇരിക്കുമ്പോൾ പക്ഷേ, അവൾക്കു ബോറടിച്ചു. പ്രിയ പറഞ്ഞു.... ഡാർലിങ്,  നിന്റെ ജീവിതത്തിലെ ഓരോ വിജയത്തിന്റെയും പിന്നിൽ ഞാൻ‌ ഉണ്ടാവും. പക്ഷേ ബൈക്കിന്റെ പിൻ സീറ്റിൽ മാത്രം പറ്റില്ല. യാത്രയൊക്കെ പഴയതുപോലെ രണ്ടു ബൈക്കിൽ മതി. കഴിയുമെങ്കിൽ എന്നെ ഓവർടേക് ചെയ്തോളൂ.. !