ADVERTISEMENT

ആനകളിലെ ആടുതോമയാണ് പാമ്പാടി രാജൻ.  കേരളത്തിൽ‌ ഏറ്റവും അധികം ലോറി യാത്ര ചെയ്യുന്ന ആനയും രാജൻ തന്നെ ! യാത്രയുടെ വിശേഷങ്ങളറിയാൻ വിളിക്കുമ്പോൾ തൃശൂരിൽ ഒരു പൂരം കഴിഞ്ഞ് പാലക്കാട്ടേക്കു ലോറിയിൽ പോവുകയായിരുന്നു. ആന പറഞ്ഞു.. നാളെ പള്ളിക്കാവിലെ ആറാട്ടാണ്. തിടമ്പ് എടുക്കുന്നത് ഞാൻ‌, മേളമൊരുക്കുന്നത് മട്ടന്നൂർ. അവിടെ വന്നാൽ നേരിൽ കാണാം. ഇപ്പോൾ സംസാരിക്കാൻ ഒരു മൂഡില്ല.  കുറച്ചു നേരം ഉറങ്ങണം. നല്ല ക്ഷീണമുണ്ട്.

ദേശീയപാതയിലൂടെ ഓടുന്ന ലോറിയിൽ എങ്ങനെ ഉറങ്ങുമെന്ന് സംശയിച്ചപ്പോൾ ആന ചിരിച്ചു..  സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ, നല്ല ബാലൻസുണ്ട്.. ലോറിയുടെ പ്ളാറ്റ് ഫോമിൽ ഒരു വലിയ കമ്പി ഫിറ്റ് ചെയ്തിട്ടുണ്ട്. അതിലേക്ക് ചന്തി ഉറപ്പിച്ചിരുന്ന് ലോറി ഓടുമ്പോഴും എനിക്ക് സുഖമായി  ഉറങ്ങാൻ പറ്റും. പാമ്പാടി രാജൻ പല ദിവസങ്ങളിലും നൂറു കിലോമീറ്ററോളം യാത്ര ചെയ്യും. സ്വന്തം പേരിൽ ലോറിയുണ്ട്. നല്ല ഡ്രൈവറുണ്ട്. രാത്രിയിലാണ് യാത്ര കൂടുതലും. രാവിലെ 11നു മുമ്പ് എത്തേണ്ട സ്ഥലത്ത് എത്തണം. വെയിലായാൽ യാത്രയില്ല. അതുമാത്രമേയുള്ളു നിർബന്ധം.

പാമ്പാടി രാജൻ പറഞ്ഞു.. ഏഴു ഗിയറുള്ള ലെയ് ലാൻഡ് ലോറിയാണ്. പരമാവധി 25 കിലോമീറ്റർ സ്പീഡിലേ ഓടിക്കൂ. ഓവർ സ്പീഡ് എടുത്താൽ ലോറിയുടെ ക്യാബിനിലേക്കു തുമ്പിക്കൈ നീട്ടി ഡ്രൈവറുടെ ചെവിയിൽ ഫ്രൂ.. ഫ്രൂ.. എന്ന് ഹോണടിക്കും. അതോടെ സ്പീഡ് കുറച്ചോളും.  ഇടയ്ക്കു വിശക്കുമ്പോൾ ലോറി നിർത്താൻ ഡ്രൈവറോടു പറയുന്നതും ഇങ്ങനെയാണ്. യാത്രയ്ക്കിടെ ആനയോടൊപ്പം പാപ്പാനും ലോറിയുടെ പ്ളാറ്റ്ഫോമിലാണല്ലോ ഇരിക്കാറുള്ളത്. സാധാരണ പാപ്പാനല്ലേ ഇതൊക്കെ പറയുന്നത് ?

പാപ്പാൻ‌ ചേട്ടൻ ലോറിയുടെ പ്ളാറ്റ്ഫോമിൽ ഇരിക്കുന്നതു റിസ്കാണ്. ഉറക്കത്തിലെങ്ങാനും എന്റെ കാലോ കയ്യോ മുട്ടിയാൽ കഴിഞ്ഞില്ലേ.. ! എനിക്ക് തനിച്ചു യാത്ര ചെയ്യുന്നതാണ് ഇഷ്ടം.  പാപ്പാൻ  പറഞ്ഞു..  ബാക്കി എല്ലാ ആനകൾക്കും ലോറിയിൽ കയറാൻ പ്ളാറ്റ്ഫോമിലേക്ക് വലിയ പടികൾ വയ്ക്കണം. പാമ്പാടി രാജന് പടിയൊന്നും വേണ്ട, ലോറിയിൽ ചാടിക്കയറും. രാജൻ പറഞ്ഞു.. പാപ്പാഞ്ചേട്ടൻ ചുമ്മാ തള്ളിയതാ.. ചാടിക്കയറാനൊന്നും പറ്റില്ല.  മുൻകാലുയർത്തി നേരെ പ്ളാറ്റ് ഫോമിലേക്ക് ചവിട്ടിക്കയറും.  ‍ഞങ്ങളുടെ കൂട്ടത്തിൽ ഇങ്ങനെ കയറുന്നവർ കുറവാണ്. ലോറിയിൽ നിന്ന് ഇറങ്ങാനും എനിക്ക് പടികൾ വേണ്ട. എത്ര താഴ്ചയുണ്ടെന്ന് തലതിരിച്ചു നോക്കും. പിന്നെ പിൻകാലുകൾ താഴേക്ക് വച്ച് ലോറിയിൽ നിന്ന് നേരെ ഇറങ്ങും.  

നാട്ടുവഴിയിലൂടെ ലോറിയിൽ പോകുമ്പോൾ ഈ കൊമ്പന്റെ ഉള്ളിൽ ഒരു ടെൻഷനുണ്ട്.  താഴ്ന്നു കിടക്കുന്ന ലൈൻ കമ്പികൾ. ആന പറഞ്ഞു.. ലൈൻകമ്പിയോ മരച്ചില്ലയോ കണ്ടാൽ ഡ്രൈവർ ചേട്ടൻ ഒരു പ്രത്യേക രീതിയിൽ നീട്ടി ഹോണടിക്കും. അതു കേട്ടാലുടനെ ഞാൻ ലോറിയുടെ തല നന്നായി കുനിച്ച് പ്ളാറ്റ് ഫോമിലേക്ക് ഇരിക്കും. നാഷനൽ ഹൈവേ സേഫാണ്. ഇടവഴികളാണ് പ്രശ്നം. തലകുനിക്കുന്നതിനെപ്പറ്റി കേട്ടപ്പോൾ പാപ്പാനു സഹിച്ചില്ല... പാമ്പാടി രാജൻ ആരുടെ മുന്നിലും തലകുനിക്കുന്നത് ഫാൻസ് സഹിക്കില്ല. 

ആന പറഞ്ഞു..  കേരളത്തിൽ എല്ലായിടത്തും എനിക്ക് ഫാൻസ് അസോസിയേഷനുകൾ ഉണ്ട്. ചാലക്കുടി, തൃശൂർ, പാലക്കാട് ഒക്കെയാണ് കൂടുതൽ.  ഇപ്പോൾ കൊല്ലത്തും ഫാൻസുകാർ കൂടിയിട്ടുണ്ട്. ഞാൻ വരുന്ന വിവരം അവർ നേരത്തെ വാട്സാപ്പിൽ അംഗങ്ങളെ അറിയിക്കും. എന്റെ ലോറിയുടെ മുമ്പിൽ ഫാൻസിന്റെ ബൈക്ക് റാലി പതിവാ..പാപ്പാൻ പറഞ്ഞു..  പാമ്പാടി രാജന്റെ ലോറിയിലെ സഞ്ചാരം ഈയിടെ ഒരു പയ്യൻ ലോറിയുടെ ക്യാബിന്റെ മുകളിലിരുന്ന് ഷൂട്ട് ചെയ്തു.  ആനയെപ്പറ്റി ഒരു പാട്ടും കൂടെ ചേർത്താണ് അത് വീഡിയോ ആൽബമാക്കിയത്. ആന ചിരിച്ചു... യുട്യൂബിലുണ്ട്. സംഗതി വൈറലാ..

പാമ്പാടി രാജൻ പറഞ്ഞു.. ഒരിക്കൽ എന്റെ ലോറിയുടെ ഒപ്പം ഒരു ബൈക്കിൽ രണ്ടു പിള്ളേർ‌. അവന്മാരുടെ കൈയിൽ ഒരു പടല പഴം. അവന്മാർ പഴം തിന്നിട്ട് തൊലി കാണിച്ച് എന്നെ വട്ടാക്കാൻ നോക്കി. ‌‍ഓടുന്ന ലോറിയിൽ നിന്നു കൊണ്ടു തന്നെ തുമ്പിക്കൈ നീട്ടി ആ പഴം പടലയോടെ ഞാൻ ഇങ്ങെടുത്തു. എന്നോടാ കളി.. !

തുമ്പിക്കൈ ആകാശത്തേക്ക് ഉയർത്തിയിട്ട് അഗ്രഭാഗം വളച്ചിട്ട് പാമ്പാടി രാജൻ ഒരു ചിന്നം വിളി.പാപ്പാൻ പറഞ്ഞു.. ഫാസ്റ്റ് ട്രാക്കിന്റെ വായനക്കാർക്കു പാമ്പാടി രാജന്റെ പുതുവൽസരാശംസകളാണ്. കണ്ടില്ലേ, തുമ്പിക്കൈയുടെ അഗ്രം 9 പോലെ വളച്ചത് ! 2019ന്റെ.. 9 !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com