മാരുതിയുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ് സ്വിഫ്റ്റ്. 2005 ല്‍ പുറത്തിറങ്ങിയതു മുതല്‍ രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കാറുകളുടെ ടോപ് 10 ല്‍ സ്ഥാനം പിടിച്ചു മാരുതിയുടെ ഈ ഹോട്ട് ഹാച്ച്. പുറത്തിറങ്ങി പതിമൂന്നു വര്‍ഷം പിന്നിടുമ്പോള്‍ മൂന്നു തലമുറകളിലായി ഏകദേശം 2.5 ദശലക്ഷത്തിലധികം സ്വിഫ്റ്റുകള്‍ ഇന്ത്യയില്‍ മാത്രം പുറത്തിറങ്ങിയിട്ടുണ്ട്. അടുമുടി മാറ്റങ്ങളുമായി മൂന്നാം തലമുറ പുറത്തിറങ്ങിയത് ഫെബ്രുവരി ആദ്യമാണ്. വില പ്രഖ്യാപിക്കുന്നത് മുന്നേ തന്നെ പതിനായിരത്തിലധികം ബുക്കിങ് ലഭിച്ച സ്വിഫ്റ്റ് വിപണിയില്‍ എത്തി ആദ്യമാസം തന്നെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള രണ്ടാമത്തെ കാറായി. മാരുതിയുടെ വിശ്വാസ്യതയും സ്വിഫ്റ്റിന്റെ ജനപ്രീതിയും ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഭീഷണി സൃഷ്ടിക്കുന്നത് ആര്‍ക്കെല്ലാം
ഡിസൈന്‍
നിരത്തിലിറങ്ങിയതില്‍ ഏറ്റവും സ്റ്റൈലിഷ് ഡിസൈന്‍ എന്നാണ് പുതിയ സ്വിഫ്റ്റിനെ മാരുതി വിശേഷിപ്പിക്കുന്നത്. സൂപ്പര്‍മിനി ഡിസൈന്‍ കണ്‍സെപ്റ്റാണ്. ഡിസയറിനെ അനുസ്മരിപ്പിക്കുന്ന ഹെക്സഗണല്‍ ഗ്രില്ലാണ്. എന്നാല്‍ ഗ്രില്ലിനു ചുറ്റുമുള്ള ക്രോം വലയം ഒഴിവാക്കിയിട്ടുണ്ട്. എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ് ലാംപുകളും കൊത്തിവച്ചതുപോലെയുള്ള ഫോഗ് ലാംപുകളും. റീഡിസൈന്‍ ചെയ്ത ബംബറാണ് മുന്നില്‍. ബ്ലാക് കണ്‍സോളിലാണ് ഫോഗ് ലാമ്പ്. ഫ്ളോട്ടിങ് കണ്‍സെപ്റ്റിലുള്ള റൂഫാണ്. അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍. സി പില്ലറിനോട് ചേര്‍ത്ത് ഒളിച്ചുവെച്ചിരിക്കുന്നു പിന്‍ ഡോര്‍ ഹാന്‍ഡില്‍. എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് പിന്നില്‍. വലിപ്പമുള്ള ബൂട്ട് ഡോര്‍. 268 ലീറ്ററാണ് ബൂട്ട് സ്‌പെയ്‌സ്.
ഗ്രാന്‍ഡ് ഐ10 പുതുക്കി ഇറങ്ങിയത് അടുത്തിടെയാണ്. എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും മാറ്റങ്ങള്‍ വരുത്തിയ ഗ്രില്ലും ബംബറും ഗ്രാന്‍ഡിന് പുതുമ സമ്മാനിക്കുന്നു. സ്‌പോര്‍ട്ടി ലുക്കിനെക്കാള്‍ ക്ലാസി ലുക്കാണ് ഗ്രാന്‍ഡിന് കൂടുതല്‍.
പുതിയ അലോയ് വീല്‍ രൂപകല്‍പനയാണ് കൂടാതെ പിന്നില്‍ ഫോഗ് ലാമ്പിനു ചുറ്റും വലിയൊരു കറുത്ത സ്ട്രിപ്പുമുണ്ട്. ഒരു ഇറ്റാലിയന്‍ കാറില്‍ മാത്രം ഇത്ര നാളും കണ്ടിരുന്ന സ്റ്റെലിങ് പുതു തലമുറ ഫിഗോയില്‍ കണ്ടെത്താം. അത്യാധുനികവും അതീവ സുരക്ഷിതവും സുഖകരവുമാണ് ഫിഗോ. ഫിഗോയുടെ മാറ്റു കൂട്ടുന്ന മുഖ്യകാരണം ഗ്രില്‍ തന്നെ. മസരട്ടിയോടോ ആസ്റ്റന്‍ മാര്‍ട്ടിനോടോ ഫിയറ്റിനോടോ കടപ്പാടുള്ള ഗ്രില്‍ ഫിഗോയ്ക്ക് പ്രത്യേക ഭംഗി സമ്മാനിക്കുന്നു. ഈ വാഹനത്തിന്റെ ഹൈലൈറ്റ് ഈ ഗ്രില്‍ തന്നെ. അലോയ് വീല്‍ രൂപകല്‍പനയും എടുത്തു നില്‍ക്കും. പിന്‍വശം പൊതുവേ ലളിതമാണ്. എന്നാല്‍ ആക്‌സസറിയായി ലഭിക്കുന്ന ക്രോം ഗാര്‍ണിഷ് ഗാഭീര്യമേകും.
അളവുകള്‍
കൂട്ടത്തില്‍ ഏറ്റവും നീളമുള്ള വാഹനം ഫോഡ് ഫിഗോയാണ് 3886 എംഎമ്മാണ് ഫിഗോയുടെ നീളം, സ്വിഫ്റ്റി്‌ന് 3840 എംഎമ്മവും ഗ്രാന്‍ഡിന് 3765 എംഎം നീളവുമുണ്ട്. എന്നാല്‍ വീതിയുടെ കാര്യത്തിലും ഉയരത്തിന്റെ കാര്യത്തിലും സ്വിഫ്റ്റ് തന്നെയാണ് മുന്നില്‍. സ്വിഫ്റ്റിന് 1735 എംഎം വീതിയും 1530 എംഎം ഉയരവുമുണ്ട്. ഫിഗോയുടെ വീതി 1695 എംഎമ്മും പൊക്കം 1525 എംഎമ്മുമാണ്. ഗ്രാന്‍ഡിന്റേത് 1660 എംഎമ്മും 1520 എംഎമ്മും. ഗ്രൗണ്ട് ക്ലിയറന്‍സില്‍ ഫോഡ് ഫിഗോ മറ്റു രണ്ടുപേരേയും കടത്തി വെട്ടി. ഫിഗോയുടേത് 174 എംഎമ്മും സ്വിഫ്റ്റിന്റേത് 163 എംഎമ്മും ഗ്രാന്‍ഡിന്റേത് 165 എംഎമ്മുമാണ്.
ഇന്റീരിയര്‍
മാരുതിയുടെ കാറുകളിലെ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ് പുതിയ സ്വിഫ്റ്റിന്റേത്. കറുപ്പും സാറ്റിന്‍ ക്രോമും സങ്കലിക്കുന്ന ട്രിമ്മുകള്‍. ക്രോമിയം വലയിതമായ മീറ്റര്‍ കണ്‍സോളുകള്‍. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉരുണ്ട എസി വെന്റുകള്‍, സ്പോര്‍ട്ടി മീറ്റര്‍ കണ്‍സോള്‍, കൂടുതല്‍ സ്റ്റോറേജ് സ്പെയ്സുകള്‍ എന്നിവയുണ്ട് പുതിയ സ്വിഫ്റ്റില്‍. മികച്ച രീതിയിലാണ് സീറ്റുകളുടെ ഡിസൈന്‍. രണ്ടാം തലമുറ സ്വിഫ്റ്റില്‍ പിന്‍വശം അല്‍പ്പം ഇടുങ്ങിയതായിരുന്നെങ്കില്‍ മൂന്നാം തലമുറ ആ പോരായ്മ പരിഹരിച്ചു. പെര്‍ഫോമന്‍സ് കാര്‍ എന്ന പേരു പോകാതെ പ്രായോഗികത എങ്ങനെ കൊണ്ടുവരാം എന്നതില്‍ സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്. അതിനൊപ്പം യാത്രാസുഖവും കൈകാര്യ മികവും നഗരത്തിരക്കിലെ ഉപയോഗക്ഷമതയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്.
പുറത്തിറങ്ങിയ നാള്‍ മുതല്‍ മികച്ച ഫീച്ചറുകളുമായണ് ഗ്രാന്‍ഡ് എത്തിയത്. മുഖം മാറി എത്തിയപ്പോഴും ഫീച്ചറുകള്‍ക്ക് കുറവൊന്നുമില്ല. പുറം കാഴ്ചയിലുള്ള അപ് മാര്‍ക്കറ്റ് ഫീല്‍ പൊടിക്കു കൂടുതലാണ് ഉള്ളിലേക്കു കയറുമ്പോള്‍. സീറ്റുകളും ഡോര്‍ ട്രിമ്മും ഡാഷ് ബോര്‍ഡും സ്റ്റീയറിങ്ങുമെല്ലാം മേൽത്തരം. അന്തസ്സുള്ള ബീജ് ഫിനിഷും കറുപ്പുമാണ് മുഖ്യ നിറങ്ങള്‍. വീല്‍ ബേസ് കൂടുതലുള്ളത് പിന്നിലെ യാത്രക്കാരുടെ അധികസ്ഥലമാണ്. ഫാബ്രിക് സീറ്റുകള്‍ സുഖകരമായ ഇരിപ്പു തരുന്നു.
വാട്ടര്‍ഫോള്‍ കണ്‍സെപ്റ്റിലുള്ള ഇന്റീരിയറാണ്. കറുപ്പാണ് സീറ്റും ട്രിമ്മുകളും. സുഖകരമായ സീറ്റുകള്‍. ഓട്ടമാറ്റിക് എ സി അടക്കം എല്ലാ ആഡംബരങ്ങളുമുണ്ട്. മുന്‍ഡോറുകളില്‍ രണ്ട് ബോട്ടില്‍ ഹോള്‍ഡറുകള്‍ വീതമുണ്ട്. ധാരാളം സ്റ്റോറേജ്. മികച്ച സീറ്റുകളാണ് മുന്നിലും പിന്നിലും. മികച്ച യാത്ര സുഖം നല്‍കുന്ന സീറ്റുകള്‍. ലെഗ് റൂമും ഹെ്ഡ് റൂമും ധാരാളം.
എന്‍ജിന്‍
മൂന്നു കാറുകളിലും പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുണ്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൂന്നു കാറുകള്‍ക്കും കരുത്തു പകരുന്നത്. 6000 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി കരുതത്ും 4200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും സ്വിഫ്റ്റ് സമ്മാനിക്കുമ്പോള്‍ 6300 ആര്‍പിഎമ്മില്‍ 87 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കും ഫിഗോ നല്‍കും. 6000 ആര്‍പിഎമ്മില്‍ 81 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും നല്‍കും ഗ്രാന്‍ഡ് 10 എന്‍ജിന്‍. പെട്രോള്‍ എന്‍ജിനോടു കൂടി ഓട്ടമാറ്റിക്ക് ഓപ്ഷന്‍ സ്വിഫ്റ്റും ഫിഗോയും നല്‍കുന്നുണ്ട്. സ്വിഫ്റ്റില്‍ എഎംടി ഗിയര്‍ബോക്‌സ് ഉപയോഗിക്കുമ്പോള്‍ കരുത്തു കൂടിയ 1.5 ലീറ്റര്‍ എന്‍ജിനോടു കൂടിയാണ് സിവിടി ഗിയര്‍ബോക്‌സ് ഫിഗോയില്‍.
മൂന്നു വാഹനങ്ങളിലും ഏറ്റവും വലുതും കരുത്തു കൂടിയതുമായ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത് ഫിഗോയാണ്. 1.5 ലീറ്റര്‍ എന്‍ജിനാണ് ഫിഗോയുടെ ഡീസല്‍ പതിപ്പിന് കരുത്തേകുന്നത്. സ്വിഫ്റ്റില്‍ 1.3 ലീറ്റര്‍ എന്‍ജിനും ഗ്രാന്‍ഡില്‍ 1.2 ലീറ്റര്‍ എന്‍ജിനും ഉപയോഗിക്കുന്നു. 3750 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി കരുത്തും 175 ആര്‍പിഎമ്മില്‍ 215 എന്‍എം ടോര്‍ക്കും നല്‍കും ഫിഗോയുടെ 1.5 ലീറ്റര്‍ എന്‍ജിന്‍. 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് സ്വിഫ്റ്റിന്റെ എന്‍ജിന്‍. കൂട്ടത്തില്‍ ചെറുതായ ഗ്രാന്‍ഡിന്റെ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്.
വില
സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പിന് 4.99 ലക്ഷം രൂപ മുതല്‍ 7.29 ലക്ഷം രൂപ വരെയും ഗ്രാന്‍ഡിന് 4.69 ലക്ഷം മുതല്‍ 7.01 ലക്ഷം വരെയും ഫിഗോയ്ക്ക് 5.47 ലക്ഷം മുതല്‍ 8.10 ലക്ഷം വരെയുമാണ് വില. സ്വിഫ്റ്റിന്റെ ഡീസല്‍ പതിപ്പിന് 5.99 ലക്ഷം മുതല്‍ 8.29 ലക്ഷം രൂപ വരെയും ഫിഗോയുടേതിന് 6.06 മുതല് 7.69 ലക്ഷം രൂപ വരെയും ഗ്രാന്‍ഡിന് 5.92 ലക്ഷം മുതല്‍ 7.55 ലക്ഷം വരെയുമാണ് എക്‌സ് ഷോറൂം വില.