മിഡ് സൈസ് സെഡാന്‍ സെഗ്‌മെന്റിലെ തൊണ്ണൂറ് ശതമാനവും കൈയടക്കി വെച്ചിരിക്കുന്ന ത്രിമൂര്‍ത്തികളാണ് സിറ്റിയും സിയാസും വെര്‍ണയും. പലരും പലപ്പോഴും ശ്രമിച്ചിട്ടും വിജയം കാണാത്ത ഈ സെഗ്മെന്റിലേക്കാണ് ടൊയോട്ട യാരിസിനെ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ വിശ്വാസ്യത കൈമുതലാക്കി യാരിസ് അടുത്ത മാസം വിപണിയിലെത്തും. സെഗ്‌മെന്റിലെ ആദ്യമായി എല്ലാ വകഭേദങ്ങളിലും ഏഴ് എയര്‍ബാഗുമായി എത്തുന്ന യാരിസിന് കൂട്ടായി ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്. സെഗ്‌മെന്റിലെ മിടുക്കന്മാരോട് ഏറ്റമുട്ടുമ്പോള്‍ യാരിസിന്റെ വിധി എന്താകുമെന്ന് കാത്തിരുന്നു കാണാം.
Toyota Yaris @ Delhi Auto Expo
യാരിസും ഏതിരാളികളും ഫീച്ചറുകളിലൂടെ
എക്സ്റ്റീരിയര്‍
സെഗ്‌മെന്റിലെ മറ്റുവാഹനങ്ങളുമായി അളുവുകളില്‍ യാരിസിന് ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. മൂവരെക്കാളും നീളം കുറവാണ് യാരിസിന്. 4490 എംഎം നീളവുമായി സിയാസ് ഒന്നാമത് നില്‍ക്കുമ്പോള്‍ 4440 എംഎം നീളവുമായി സിറ്റിയും വെര്‍ണയും രണ്ടാമതും 4425 എംഎം നീളവുമായി യാരിസ് മൂന്നാമതും എത്തുന്നു. നീളത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഉയരത്തിന്റെ കാര്യത്തിലും യാരിസ് മൂന്നാമതാണ്. ഹോണ്ട സിറ്റി 1495 എംഎം ഉയരവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ 1485 എംഎമ്മുമായി വെര്‍ണയും സിയാസും രണ്ടാമതും 1475 എംഎമ്മുമായി യാരിസ് മൂന്നാമതുമാണ്. 1730 എംഎമ്മുമായി വീതിയില്‍ മുന്നില്‍ യാരിസും സിയാസുമാണ്. തൊട്ടു പുറകെ 1729 എംഎമ്മുമായി വെര്‍ണയും 1695 എംഎമ്മുമായി സിറ്റിയുമുണ്ട്.
Honda City Test Drive
സേഫ്റ്റി ആന്റ് ഫീച്ചേഴ്‌സ്
അടിസ്ഥാന വകഭേദം മുതല്‍ ഏഴ് എയര്‍ബാഗുകളുമായാണ് യാരിസ് എത്തുക. ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ഉയര്‍ന്ന വകഭേദത്തിലുണ്ട്. സിറ്റിയിലും വെര്‍ണയിലും സിയാസിലും രണ്ട് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കുന്നുണ്ട്. സിറ്റിയുടേയും വെര്‍ണയുടേയും ഉയര്‍ന്ന് മോഡലിന് 6 എയര്‍ബാഗുകളുണ്ട്. നാലു വാഹനങ്ങളുടേയും ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റവും റിയര്‍ എസി വെന്റുകളുമുണ്ട്. (യാരിസില്‍ റൂഫ് മൗണ്ടര്‍ റിയര്‍ എസിയാണ്). ഇവയ്ക്ക് പുറമെ യാരിസില്‍ കൈകളുടെ ചലനം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍സീറ്റ്, ക്രമീകരിക്കാവുന്ന നെക്ക് റെസ്‌ട്രെയ്ന്റ്, ആംബിയന്റ് ലൈറ്റിങ് എന്നിവയുമുണ്ട്. സിറ്റിയിയും വെര്‍ണയും സണ്‍റുഫ് ഓപ്ഷനും നല്‍കുന്നുണ്ട്.
Hyundai Verna Test Drive
എന്‍ജിന്‍
ഹോണ്ട സിറ്റിയും ഹ്യുണ്ടേയ് വെര്‍ണയും മാരുതി സിയാസും ഡീസല്‍ ഓപ്ഷനുകള്‍ നല്‍കുമ്പോള്‍ യാരിസിന് നിലവില്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമേയുള്ളൂ. ഹോണ്ട സിറ്റിയും യാരിസും 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുമ്പോള്‍ വെര്‍ണ 1.6 ലീറ്റര്‍ എന്‍ജിനും സിയാസ് 1.4 ലീറ്റര്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. നാലു വാഹനങ്ങള്‍ക്കും ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളുണ്ട്. ആറു സ്പീ!ഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സും യാരിസ് ഉപയോഗിക്കുമ്പോള്‍ അഞ്ച് സ്പീ!ഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുമാണ് സിറ്റിയില്‍ ഉപയോഗിക്കുന്നത്. വെര്‍ണ്ണയുടെ ഒട്ടമാറ്റിക്കും മാനുവലും ആറ് സ്പീഡ് തന്നെ. മാരുതി സിയാസില്‍ അഞ്ച് സ്പീ!ഡ് മാനുവലും നാല് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുമാണ് ഉപയോഗിക്കുന്നത്. കരുത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടേയ് വെര്‍ണയാണ് മുന്നില്‍ പരമാവധി 123 എച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്കും വെര്‍ണയുടെ 1.6 ലീറ്റര്‍ എന്‍ജിന്‍ നല്‍കുമ്പോള്‍ ഹോണ്ട സിറ്റിയുടെ 1.5 ലീറ്റര്‍ എന്‍ജിന്‍ പരമാവധി 119എച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. യാരിസിന്റെ 1.5 ലീറ്റര്‍ എന്‍ജിന്‍ 108 എച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്. മാരുതി സിയാസിന്റേത് 92 എച്ച്പി കരുത്തും 130 എന്‍എം ടോര്‍ക്കുമാണ്.
വില
ടൊയോട്ട യാരിസിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിയെക്കാള്‍ കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഏകദേശം 8.5 ലക്ഷത്തില്‍ യാരിസിന്റെ വില ആരംഭിക്കും.