ഇന്ത്യൻ കാർ വിപണിയുടെ സി വിഭാഗത്തിൽ രണ്ടു പതിറ്റാണ്ടായി ശക്തമായ സാന്നിധ്യമാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ സെഡാനായ സിറ്റി. 2012ൽ ഹ്യുണ്ടേയിയുടെ ഫ്ളൂയിഡിക് രൂപകൽപ്പനയുള്ള വെർണയും രണ്ടു വർഷം മുമ്പ് മാരുതി സുസുക്കിയുടെ സിയാസുമെത്തും വരെ സിറ്റിക്ക് കാര്യമായ വെല്ലുവിളി പോലുമുണ്ടായിരുന്നില്ല. ഈ ആധിപത്യം വ്യക്തമാക്കാനെന്നവണ്ണമാണു സിറ്റിയുടെ പുതിയ ടി വി പരസ്യം ഹോണ്ട തയാറാക്കിയിരിക്കുന്നത്. മറ്റുകാറുകളെ പേരെടുത്തു പറയുന്നില്ലെങ്കിലും സിറ്റിയുടെ എതിരാളികളെ കളിപ്പാട്ടം എന്നാണു പുത്തൻ പരസ്യത്തിൽ ഹോണ്ട വിശേഷിപ്പിക്കുന്നത്.
സി വിഭാഗത്തിൽ മത്സരം ശക്തമാവുമ്പോഴും പ്രകടനം മെച്ചപ്പെടുത്തി മുന്നേറാൻ സിറ്റിക്കു സാധിക്കുന്നുണ്ടെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. പക്ഷേ വിൽപ്പന കണക്കെടുപ്പിൽ മാരുതി സിയാസിനും ഹ്യുണ്ടേയ് വെർണയ്ക്കും പിന്നാലാണ് ഇപ്പോൾ സിറ്റിക്കു സ്ഥാനമെന്നതാണു യാഥാർഥ്യം. പരിഷ്കരിച്ച സിയാസിനു ലഭിച്ച മികച്ച വരവേൽപ്പാണു കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കെടുപ്പിൽ സിറ്റിയെ മൂന്നാം സ്ഥാനത്തെത്തിച്ചത്.
Honda City: Forget The Toys
എന്നിട്ടും ഈ വിഭാഗത്തിലെ നിലവാരമായി വിപണി പരിഗണിക്കുന്നതു സിറ്റിയെ ആണെന്നതാവും ഹോണ്ടയ്ക്കു പ്രതീക്ഷ പകരുന്നത്. അതുകൊണ്ടുതന്നെ സിയാസിനെയും വെർണയെയും അപേക്ഷിച്ച് പ്രീമിയം വില നിലവാരത്തിലാണു ഹോണ്ട സിറ്റി വിൽക്കുന്നത്. എട്ടു ലക്ഷം രൂപയിലാണു വെർണയുടെ വില നിലവാരം ആരംഭിക്കുന്നത്; ഇതിലും 70,000 രൂപ അധികം ഈടാക്കിയാണു ഹോണ്ടയുടെ സിറ്റി വിൽപ്പന. രണ്ട് എൻജിൻ സാധ്യതകളും മൂന്നു ട്രാൻസ്മിഷനുകളുമായി വിൽപ്പനയ്ക്കുള്ള സിറ്റിയുടെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ വർഷമാണു നിരത്തിലെത്തിയത്. 2020ൽ പൂർണമായും നവീകരിച്ച സിറ്റി വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.