Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപസിന് ഭീഷണിയാകുമോ പുതിയ എക്സ്‍യുവി

compass-vs-xuv500 XUV500, Compass

വിപണിയിൽ ഏറെ മാറ്റങ്ങൾ കൊണ്ടു വന്ന വാഹനമാണ് എക്സ്‌യുവി 500. മഹീന്ദ്രയുടെ ആദ്യ ഗ്ലോബൽ എസ്‌യുവി പുറത്തിറങ്ങിയ കാലംമുതൽ എതിരാളികൾ‌ക്ക് വലിയ ഭീഷണി സൃഷ്ടിച്ചു. പ്രീമിയം എസ് യു വി സെഗ്‍മെന്റിൽ മാത്രമല്ല പ്രീമിയം സെ‍ഡാൻ സെഗ്‍മെന്റിനേയും എക്സ്‌യുവിയുടെ വരവ് ബാധിച്ചു. എന്നാൽ ജീപ്പ് കോംപസ് എത്തിയതോടെ സംഗതി തെല്ലൊന്നു മാറി. പുറത്തിറങ്ങുന്നതിന് മുന്നേ ട്യൂക്സോൺ, ട്വിഗ്വാൻ ഓഡി ക്യു 3 തുടങ്ങിയ വാഹനങ്ങളുമായിട്ടാകും എറ്റുമുട്ടുക എന്നാണ് കരുതിയിരുന്നതെങ്കിലും വിപണിയെ അമ്പരപ്പിച്ച വില പ്രഖ്യാപനത്തിന് ശേഷം എക്സ് യു വി 500 നും ക്രേറ്റയ്ക്കും വരെ കോംപസ് ഭീഷണി സൃഷ്ടിച്ചു. കോംപസിന്റെ ഭീഷണിയെ നേരിടാൻ സ്റ്റൈലിഷ് മാറ്റവുമായി എത്തിയിരിക്കുന്നു പുതിയ എക്സ് യു വി 500. വില അൽപ്പം കുറച്ചു ഫീച്ചറുകൾ കൂട്ടിയും പുറത്തിറങ്ങിയ എക്സ് യു വി കോംപസിന് ഭീഷണിയാകുമോ? ഫീച്ചറുകളിലൂടെ ഒരു താരമത്യം.

എക്സ്റ്റീരിയർ

എക്സ് യു വി 500: അകത്തും പുറത്തും ധാരാളം മാറ്റങ്ങളുമായാണ് പുതിയ എക്സ് യു വി എത്തിയത്. ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽ, ഹൊറിസോണ്ടൽ എൽഇഡി ഡേറ്റൈം റണ്ണിങ് ലാമ്പോടുകൂടിയ പ്രൊജക്റ്റർ ഹെ‍ഡ്‍ലാമ്പ്, പുതിയ ബംബർ എന്നിവയാണ് മുന്നിലെ പ്രധാനമാറ്റങ്ങൾ. റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകളും നമ്പർപ്ലെയ്റ്റുകൾക്കുള്ള ക്രോം ആവരണവും പിന്നിലെ പ്രത്യേകതകളാണ്. ഡോറുകളിലെ ക്രോം സ്ട്രിപ്പാണ് വശങ്ങളിലെ പ്രധാന മാറ്റം. സ്റ്റൈലിഷായ പുതിയ അലോയ് വീലുകളുമുണ്ട്. 

കോംപസ്:  ജീപ്പിന്റെ ഗ്രാൻ ചെറോക്കിയുമായുള്ള സാമ്യം തന്നെ കോംപസിന്റെ പ്രധാന ആകർഷണം. ചെത്തിമിനുക്കിയെടുത്ത സെവൻ സ്ലോട്ട് ഗ്രില്ലിനും പ്രൊജക്ടർ ലാംപും മികച്ച ലുക്ക് സമ്മാനിക്കുന്നു.  മറ്റു വാഹനങ്ങളില്‍ വാഹനങ്ങളുടെയും വിൻഡോയിലെ ക്രോം ലൈനിങ് ഷോൾഡർലൈനിലൂടെയാണെങ്കിൽ, കോംപസിൽ ഇതു മുകളിലൂടെ ചെന്ന് പിൻ വിൻഡ് സ്ക്രീനിനെ ചുറ്റിവരുന്നു.  വലുപ്പത്തിൽ എക്സ്‌യുവിയുടെ പിന്നിലാണു കോംപസിന് സ്ഥാനം അതുപോലെ തന്നെ എക്സ് യുവിയിൽ ഏഴു പേർക്ക് യാത്ര ചെയ്യാമെങ്കിൽ കോംപസിൽ അഞ്ച് പേർക്ക് മാത്രം. 

ഇന്റീരിയർ

എക്സ് യു വി 500:  അടിസ്ഥാന ഡിസൈനിൽ മാറ്റമില്ലെങ്കിലും ഇന്റീരിയർ ക്വാളിറ്റിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ മോഡലിലെ ഡ്യുവൽ ടോണ്‍ ഇന്റീരിയർ ഓൾ ബ്ലാക്കിന് വഴിമാറിയിരിക്കുന്നു.  ടാൻ കളേഡ് സീറ്റുകളും ഓൾ ബ്ലാക്ക് ഡാഷ്ബോർഡും സെന്റർകൺസോളിലും ഗിയർനോബിലും സ്റ്റീയറിങ് വീലുകളിലുമുള്ള അലുമിനിയം ഫിനിഷുമാണ് ഉള്ളിലെ പ്രധാന മാറ്റങ്ങൾ. കൂടാതെ ഇലക്ട്രിക് സൺറൂഫ്, ലോഗോ പ്രൊജക്ഷൻ ലാമ്പോടു കൂടിയ ഒആർവിഎം, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ജിപിഎസ് നാവിഗേഷനോടു കൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും പുതിയ എക്സ് യു വിയിലുണ്ട്. മഹീന്ദ്ര വാഹനങ്ങളിലെ ഏറ്റവും നല്ല ഇന്റീരിയറുകളിലൊന്നാണ് എക്സ്‌യുവിയുടെ. ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ എക്സ്‌യുവി പണത്തിനൊത്ത മൂല്യം തരും. റയിൻ സെൻസിങ് വൈപ്പറുകൾ, ലൈറ്റ് സെൻസിങ് ലാംപുകൾ, ആംറെസ്റ്റിനുതാഴെ കൂളർ എന്നീ ഫീച്ചറുകൾ എക്സ്‌‌യുവിക്കു മേൽക്കൈ നൽകുന്നവയാണ്. ബൂട്ട് ഡോർ ക്യാംപിങ് ലൈറ്റ് ആയി ഉപയോഗിക്കാം

കോംപസ്: ഗുണമേൻമയിൽ കോംപ്രമൈസ് ചെയ്യാൻ ജീപ്പ് തയാറായിട്ടില്ല. മികച്ച ഇന്റീരീയറാണ് ജീപ്പ് കോംപസിന് നൽകിയിരിക്കുന്നത്. മികച്ച നിലവാരമുണ്ട് ഇന്റീരിയർ പ്ലാസ്റ്റിക്കിന്. എന്നാൽ ക്രൂസ് കൺട്രോൾ, സൺറൂഫ്, ഓട്ടോമാറ്റിക്ക് ഹെ‍‍‍‍ഡ് ലാംപ്, ഓട്ടോമാറ്റിക്ക് വൈപ്പർ എന്നിവ കോംപസിലില്ല. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ജീപ്പ് തയാറായിട്ടില്ല. എബിഎസ്, ഇഎസ്പി, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ആറ് എയർബാഗുകൾ തുടങ്ങിയ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്.  ലൈറ്റ് സ്റ്റിയറിങ് വീൽ ഏതാണ്ടെല്ലാ യാത്രയിലും മികച്ച റെസ്പോൺസ് ആണു നൽകിയത്. ലെതറിൽ പൊതിഞ്ഞ ആ കുഞ്ഞു സ്റ്റിയറിങ് വീൽ ആണ് സത്യത്തിൽ ഇന്റീരിയറിനെ പ്രസന്നമാക്കുന്നത്. സ്റ്റിയറിങ്ങിൽ സ്പോക്കിനു താഴെയായിട്ടാണ് ഓഡിയോ നിയന്ത്രണ ബട്ടണുകൾ നൽകിയിട്ടുള്ളത് എന്നുള്ളത് കൗതുകം. മീറ്റർ കൺസോളിനു നടുവിലെ സ്ക്രീൻ നിയന്ത്രിക്കാനാണ് സ്പോക്കിനു  മുകളിലെ ബട്ടണുകൾ. വലത്ത് ഡമ്മിയാണ്. 

എൻജിൻ 

എക്സ് യു വി: 2.2 ലീറ്റര്‍ നാലു സിലിണ്ടര്‍ എംഹോക്ക് എന്‍ജിനാണ് എക്സ്‌യുവിക്ക് കരുത്ത് പകരുന്നത്. എൻജിനിൽ മാറ്റമില്ലെങ്കിലും പുതിയ വാഹനത്തിന്റെ കരുത്ത് അൽപ്പം കൂടിയിട്ടുണ്ട്. 2.2 ലീറ്റർ എംഹോക്ക് എൻജിന്റെ കരുത്ത് 15 എച്ച്പി കൂടി 3750 ആർപിഎമ്മിൽ കരുത്ത് 155 എച്ച്പിയായിമാറി. ടോർക്ക് 30 എംഎം കൂടി 360 എംഎമ്മുമായി മാറി.  ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവൽ വകഭേദങ്ങളുണ്ട്. ഫ്രണ്ട് വീൽ ഡ്രൈവ് മോഡ് കൂടാതെ നാല് വീൽ ഡ്രൈവ്  വകഭേദവുമുണ്ട്. 

കോംപസ്:  2 ലീറ്റർ മൾ‌ട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോള്‍ എൻജിനുമാണുള്ളത്. ഡീസല്‍ എൻജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. 

വില 

എക്സ് യു വി: ഒരു പെട്രോൾ വേരിയന്റും ഒമ്പത് ഡീസൽ വേരിയന്റുകളുമായിട്ടാണ് പുതിയ എക്സ് യു വി വിപണിയിലെത്തിയത്. ഓട്ടമാറ്റിക്ക് വകഭേദത്തിൽ മാത്രം ലഭിക്കുന്ന പെട്രോൾ പതിപ്പിന് 15.55 ലക്ഷം രൂപയാണ് കൊച്ചി എക്സ്ഷോറൂം വില. ഡീസൽ വകഭേദങ്ങൾക്ക്  12.44 ലക്ഷം മുതൽ 19.10 ലക്ഷം രൂപവരെ

കോംപസ്: മൂന്ന് പെട്രോൾ വേരിയന്റുകൾ അടക്കം 4x2ലും 4x4ലുമായി പത്ത് വകഭേദങ്ങളാണ് ജീപ്പിനുള്ളത്. പെട്രോൾ വേരിയന്റിന്  15.20 ലക്ഷം മുതൽ  20.30 ലക്ഷം വരെയും ഡീസൽ പതിപ്പുകൾക്ക്  16.32 ലക്ഷം മുതൽ 21.95 ലക്ഷം വരെയുമാണ് കൊച്ചി എക്സ്ഷോറൂം വില.