യുദ്ധം ചെയ്യാൻ ഡിസയറും അമേയ്സും

Dzire & Amaze

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ മുടിചൂടാമന്നനാണ് ഡിസയര്‍. കഴിഞ്ഞ വര്‍ഷം അവസാനം അടിമുടി പുതിയ ലുക്കില്‍ ഡിസയര്‍ എത്തിയതോടു കൂടി സെഗ്മെന്റിലെ മറ്റു വാഹനങ്ങള്‍ ഔട്ട്‌ഡേറ്റഡായി കാരണം അത്രയ്ക്കുണ്ടായിരുന്നു മാറ്റങ്ങള്‍. ഇപ്പോഴിതാ ഡിസയറിനെ വെല്ലുവിളിക്കാന്‍ അതിലേറെ മാറ്റങ്ങളുമായി ഹോണ്ട അമേയ്‌സ് എത്തിയിരിക്കുന്നു. പേരുമാത്രം നിലനിര്‍ത്തി പൂര്‍ണ്ണമായും പുതിയൊരു കാറായി എത്തിയ അമേയ്‌സ് ഡിസയറിന് വെല്ലുവിളി സൃഷ്ടിക്കും. വില പ്രഖ്യാപിച്ചതോടെ വീണ്ടും താരമായി മാറി ഈ കോംപാക്റ്റ് സെഡാന്‍. അമേയ്‌സും പ്രധാന എതിരാളി ഡിസയറും തമ്മിലൊരു താരതമ്യം.

ഡിസൈന്‍

നാലുമീറ്ററില്‍ താഴെയാണ് നീളമെങ്കിലും മധ്യനിര സെഡാനുകളോടു ഒരു കൈ നോക്കാന്‍ അമേയ്‌സിനു കെല്‍പുണ്ട്. കാരണം ഹോണ്ടയുടെ 'മാന്‍ മാക്‌സിമം മെഷിന്‍ മിനിമം' സാങ്കേതികത. പരമാവധി സ്ഥലം ഉള്ളിലേക്ക് ആവാഹിച്ച് പുറത്ത് വലുപ്പക്കുറവു കൊണ്ടു വരുന്ന ചെപ്പടി വിദ്യ. വീല്‍ബേയ്‌സിന്റെ കാര്യത്തില്‍ മധ്യനിര സെഡാനുകളുമായി നേരിയ വ്യത്യാസമേയുള്ളൂ എന്നതും നേട്ടമാണ്. സാധാരണ സെഡാനുകളെപ്പോലെ താഴേക്ക് ഒഴുകിയിറങ്ങുന്ന ബോണറ്റല്ല. എസ് യു വികളെപ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന രൂപം. ഹോണ്ട സിഗ്‌നേച്ചര്‍ ക്രോമിയം ഗ്രില്‍ കൂടിച്ചേരുമ്പോള്‍ സംഗതി നല്ല ഭംഗിയായി. വശങ്ങളിലെ കാഴ്ചയും ചെറു സെഡാനുകളെപ്പോലെ ഏച്ചു കെട്ടലല്ല. പിന്‍ഭാഗമാകട്ടെ സിവിക് പ്രേരിത രൂപകല്‍പന.

Amaze

കൂടുതല്‍ സ്‌റ്റൈലിഷായാണ് ഡിസയറിന്റെ വരവ്. പൂര്‍ണമായും പുതിയ മോഡലാണ് ഡിസയര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതുതലമുറ സ്വിഫ്റ്റിനോട് സാമ്യം തോന്നുന്ന വലിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടു കൂടിയ ഹെഡ്‌ലാംപ്, എല്‍ഇഡിയാണ് ടെയില്‍ ലാംപ് എന്നിവ ഡിസയറിന്റെ പ്രത്യേകതകളാണ്. കാഴ്ച്ചയിൽ വലിയ സെ‍ഡാനെന്ന് തോന്നലുളവാക്കുന്ന തരത്തിലാണ് ഡിസയറിന്റെ ഷോൾഡർ ലൈനുകളും ബോഡി ലൈനുകളും.

Dzire

നീളത്തിന്റെ കാര്യത്തില്‍ ഡിസയറും അമേയ്സും രമ്യതയിലാണ്. 3995 എംഎമ്മാണ് ഇരുകാറുകളുടേയും നീളം. എന്നാൽ വീതിയുടെ കാര്യത്തില്‍ 1735 എംഎമ്മുമായി ഡിസയറാണ് മുന്നിൽ. അമേയ്സിന്റേത് 1695 എംഎം. ഉയരത്തിന്റെ കാര്യത്തിലും ഡിസയർ തന്നെ മുന്നിൽ. ഡിസയറിന്റെ ഉയരം 1515 എംഎമ്മും അമേയ്‌സിന്റെ 1501 എംഎമ്മുമാണ്. വീല്‍ബെയ്‌സിന്റെ കാര്യത്തിൽ അമേയ്സാണ് മുന്നിൽ 2470 എംഎം. ഡിസയറിന്റേത് 2450 എംഎമ്മാണ്.

Amaze

ഇന്റീരിയര്‍

സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ് അമേയ്സിന്. ഫീച്ചറുകളുടെയും ഫിനിഷിങ്ങിന്റേയും കാര്യത്തില്‍ പഴയ മോഡലുമായി സമാനതകളില്ല. കറുപ്പ്, ബെയ്ജ്, പിയാനോ ബ്ലാക് നിറസങ്കലനത്തിലുള്ള ഉള്‍വശം. 7 ഇഞ്ച് ടച്ച് ഇന്‍ഫൊടെയ്ൻമെന്റ് സംവിധാനം. സ്റ്റിയറിങ് വീലും ഡാഷ്‌ബോര്‍ഡും അത്യാധുനികം. പുതിയ ഗിയര്‍നോബ് കൊള്ളാം. ധാരാളം സ്‌റ്റോറേജ് സ്‌പെയ്‌സ്. ബൂട്ട് സ്‌പെയ്‌സ് 400 ലീറ്ററില്‍ നിന്ന് 420 ലീറ്ററായി. ആദ്യ തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ സീറ്റുകളുടെ നിലവാരം അനേകമടങ്ങ് ഉയരത്തിലെത്തി. എ ബി എസ്, ഇ ബി ഡി എയര്‍ബാഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് സൗകര്യം.

Dzire

ഡ്യൂവല്‍ ടോണിലാണ് ഡാഷ്‌ബോര്‍ഡാണ് ഡിസയറിന്. തടിയില്‍ തീര്‍ത്ത ഉള്‍ഭാഗങ്ങളും ബീജ് അപ്‌ഹോള്‍സ്റ്ററിയും കാറിനകത്ത് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിന്‍പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആന്‍ഡ്രോയ്ഡ് കാര്‍പ്ലേയോടു കൂടിയ ടച്ച്!സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങള്‍. മികച്ച നിലവാരമുള്ള സീറ്റുകള്‍. മികച്ച സസ്പെൻഷൻ യാത്ര സുഖകരമാക്കുന്നു.

Amaze

എന്‍ജിന്‍

പഴയ അമേയ്സിലുണ്ടായിരുന്ന എൻജിനുകള്‍ തന്നെ. 1.2 ലീറ്റര്‍ പെട്രോള്‍ 1.5 ഡീസല്‍. പക്ഷെ കാര്യമായ പരിഷ്‌കാരങ്ങളുണ്ടായി. ശബ്ദവും വിറയലും കുറഞ്ഞു. പെര്‍ഫോമന്‍സ് ഉയര്‍ന്നു. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 90 പി എസ് കരുത്തും 110 എന്‍ എം ടോര്‍ക്കും. 1.5 ലീറ്റര്‍ ഡീസല്‍ മാനുവലിന് 100 പി എസ്, 200 എന്‍എം ടോര്‍ക്ക്. 1.5 ലീറ്റര്‍ ഡീസല്‍ ഓട്ടമാറ്റിക്കിന് 80 പി എസ്. ഇന്ധനക്ഷമത പെട്രോള്‍ മാനുവലിന് 19.5 കി മി. ഓട്ടമാറ്റിക്കിന് 19 കി മി. ഡീസല്‍ മാനുവലിന് 27.4 കി മി. ഓട്ടമാറ്റിക്കിന് 23.8 കി മി. പലപ്പോഴും പെട്രോള്‍ സി വി ടിയെപ്പോലും വെല്ലുന്ന നിശ്ശബ്ദതയാണ് ഡീസൽ ഓട്ടമാറ്റിക്കിന്. മാനുവല്‍ മോഡലിന് 20 ബി എച്ച് പി അധികമുണ്ടെങ്കിലും ൈഡ്രവിങ്ങില്‍ അത്രയ്ക്ക് വ്യത്യാസം പ്രകടമാകില്ല. ഓട്ടമാറ്റിക് ഓടിക്കുമ്പോള്‍ ശക്തിക്കുറവല്ല, കൂടുതലാണ് അനുഭവപ്പെടുക. പെട്രോള്‍ 1.2 മാനുവല്‍ മോഡലിന് ആവശ്യത്തിനു കരുത്തുണ്ട്. ഗിയര്‍ റേഷ്യോയും ഷിഫ്റ്റും മികച്ചത്.

Dzire

ഡിസയറിന്റെ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും മാരുതി മൈലേജില്‍ അത്ഭുതങ്ങള്‍ കാണിച്ചിരിക്കുന്നു. ലീറ്ററിന് 28.4 കിലോമീറ്റര്‍ മൈലേജോടെ സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ കാറായി മാറി ഡിസയര്‍. ലീറ്ററിന് 22 കിലോമീറ്ററാണ് പെട്രോള്‍ മോഡലിന്റെ ഇന്ധനക്ഷമത. എഎംടി ഗിയർബോക്സോടു കൂടിയ മോഡലും ലഭ്യമാണ്.

വില

അമേയ്സിന്റെ പെട്രോൾ പതിപ്പിന് 5.59 ലക്ഷം മുതൽ 7.57 ലക്ഷം വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 7.39 മുതല്‍ 7.99 ലക്ഷം രൂപവരെയുമാണ് വില. ഡിസയർ പെട്രോളിന് 5.55 ലക്ഷം മുതൽ 7.05 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 6.91 ലക്ഷം മുതൽ 8.42 ലക്ഷം വരെയുമാണ് വില. അമേയിസിന്റെ ഡീസൽ പതിപ്പിന് 6.69 ലക്ഷം രൂപ മുതൽ 8.67 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 8.39 ലക്ഷം മുതൽ 8.99 ലക്ഷം രൂപ വരെയുമാണ് വില. ഡിസയറിന്റെ ‍ഡീസൽ പതിപ്പിന് 6.55 ലക്ഷം മുതൽ 8.53 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 7.91 ലക്ഷം മുതൽ 9.43 ലക്ഷം രൂപവരെയുമാണ് വില.