പുത്തൻ അമെയ്സിന് വിപണി നൽകിയ സ്വീകരണം ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)ന് ആവേശമാവുന്നു. കഴിഞ്ഞ മാസം 9,789 അമെയ്സ് ആണു ഹോണ്ട വിറ്റത്; ഹോണ്ടയെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ ശ്രേണിയിലെ ഏതെങ്കിലും മോഡൽ കൈവരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. പുതിയ അമെയ്സിന് പതിനയ്യായിരത്തിലേറെ ബുക്കിങ് ലഭിച്ചെന്നും ഹോണ്ട കാഴ്സ് അവകാശപ്പെടുന്നു. കാർ ബുക്ക് ചെയ്തവർക്ക് വേഗത്തിൽ അമെയ്സ് ലഭ്യമാക്കാൻ ഇന്ത്യയിലെ വാഹന ഉൽപ്പാദനം പുനഃക്രമീകരിക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്.
Honda Amaze Test Drive
ഡീസൽ — സി വി ടി സങ്കലനമടക്കം നാല് എൻജിൻ ഗീയർബോക്സ് സാധ്യതകളോടെയാണു പുതിയ അമെയ്സിന്റെ വരവ്. ലഭിച്ച ബുക്കിങ്ങിൽ 64% പെട്രോൾ എൻജിനുള്ളവയ്ക്കാമെന്നു ഹോണ്ട വെളിപ്പെടുത്തുന്നു; 34% മാത്രമാണു ഡീസൽ പതിപ്പുകളുടെ വിഹിതം. പോരെങ്കിൽ ഗീയർരഹിത ട്രാൻസ്മിഷനുള്ള അമെയ്സിന് ആവശ്യക്കാരേറിയിട്ടുണ്ടെന്നും ഹോണ്ട വെളിപ്പെടുത്തുന്നു. ട്രാൻസ്മിഷൻ അടിസ്ഥാനമാക്കിയാൽ ബുക്കിങ്ങിൽ 74 ശതമാനവും മാനുവൽ ഗീയർബോക്സുള്ള മോഡലുകൾക്കാണ്; ബാക്കി 26% മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെ വിഹിതം.
അതേസമയം ഓട്ടമാറ്റിക് ഗീയർബോക്സുള്ള മോഡലുകൾക്ക് ആവശ്യക്കാരേറിയിട്ടുണ്ടെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ വിലയിരുത്തുന്നു. പെട്രോൾ — സി വി ടി ഗീയർബോക്സ് പതിപ്പുകൾക്ക് നിലവിൽ 24% ആവശ്യക്കാരുണ്ട്; മുൻമോഡലിൽ ഇത്തരം മോഡലുകൾക്കുള്ള ആവശ്യം ഏഴു ശതമാനത്തോളം മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പുതുതായി അവതരിപ്പിച്ച ഡീസൽ — സി വി ടി സഖ്യത്തിനും ആവശ്യക്കാരേറെയുണ്ടെന്ന് ഗോയൽ അവകാശപ്പെടുന്നു. മൊത്തം ബുക്കിങ്ങിൽ 11 ശതമാനത്തോളമാണു ഡീസൽ — സി വി ടിയുടെ വിഹിതം.