മഹീന്ദ്ര മരാസോ വിപണിയിലെത്തി. എർട്ടിഗ മുതൽ ഇന്നോവ വരെയുള്ള എംപിവികളുമായാണ് മരാസോ മത്സരിക്കുന്നത്. വലുപ്പത്തിൽ ഇന്നോവ ക്രിസ്റ്റയോടാണ് മത്സരിക്കുന്നതെങ്കിൽ വിലയിൽ ക്രിസ്റ്റയുടേയും എർട്ടിഗയുടേയും മധ്യത്തിലാണ് മരാസോയുടെ സ്ഥാനം. എർട്ടിഗയോടും ഇന്നോവയോടും താരതമ്യപ്പെടുത്തുമ്പോൾ ആദ്യം നോക്കേണ്ടതു വില തന്നെ. എർട്ടിഗ ഡീസലിന് 8.8 ലക്ഷം രൂപ മുതൽ 10.7 ലക്ഷം രൂപവരെയാണു ഷോറൂം വില. ഇന്നോവ ക്രിസ്റ്റയ്ക്ക് 14.65 ലക്ഷം മുതൽ 22 ലക്ഷം വരെ. മരാസോയ്ക്കു മഹീന്ദ്ര നിർണയിച്ച വില കൃത്യം ഇതിനിടയ്ക്കു നിൽക്കും– 10 ലക്ഷം മുതൽ 13.90 ലക്ഷം വരെ.
എർട്ടിഗയുടെ പുതിയ പതിപ്പ് ഇക്കൊല്ലം തന്നെ ഇന്ത്യയിലും എത്തുമെന്നതിനാൽ ഇപ്പോഴത്തെ എർട്ടിഗയുമായി മരാസോയെ താരതമ്യപ്പെടുത്തേണ്ടതില്ല. ഇന്നോവയുമായി ഒത്തുനോക്കാം.
അളവുകൾ
അളവുകളിൽ ഇന്നോവ ക്രിസ്റ്റയുടെ അത്രയും തന്നെയുണ്ട് മരാസോ. 4735 എംഎം നീളവും 1830 എംഎം വീതിയും 1795 എംഎം ഉയരവുമുണ്ട്. മരാസോയ്ക്ക് ഇന്നോവയെക്കാൾ നീളവും ഉയരവും അൽപ്പം കുറവാണ്. 4585 എംഎം. എന്നാൽ വീതി 3.6 സെന്റിമീറ്ററും വീൽബേസിൽ ഒരു സെന്റിമീറ്ററും ഇന്നോവയെക്കാൾ കൂടുതലാണു മരാസോയ്ക്ക്. മരാസോയുടെ വീതി 1866 എംഎം ഉയരം 1774 എംഎം വീൽബെയ്സ് 2760 എംഎം എന്നിങ്ങനെയാണ്. ഇന്നോവ ഏഴ് എയർബാഗ് വരെ ഒരുക്കുമ്പോൾ, മരാസോയുടെ ഏറ്റവും ഉയർന്ന പതിപ്പിൽപ്പോലും രണ്ട് എയർബാഗ് മാത്രമേയുള്ളൂ.
എൻജിൻ
ഒരു പെട്രോൾ എൻജിനും രണ്ട് ഡീസൽ എൻജിൻ പതിപ്പുകളും ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട് എന്നാൽ നിലവിൽ മരാസോയ്ക്ക് ഡീസൽ എൻജിൻ മാത്രമേയുള്ളൂ. ഇന്നോവ ക്രിസ്റ്റയ്ക്ക് 2.4 ലീറ്റർ ഡീസൽ എൻജിൻ 148 ബിഎച്ച്പി കരുത്തും 343 എൻഎം ടോർക്കും നൽകും 2.8 ലീറ്റർ ഡീസൽ എൻജിന് 172 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കുമുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിന് 164 ബിഎച്ച്പി കരുത്തും 245 എൻഎം ടോർക്കുമുണ്ട്. അഞ്ച് സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ ലഭ്യമാണ്.
മരാസോയുടെ 1.5 ലീറ്റർ ഡീസൽ എൻജിന് 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവലാണ് ഗിയർബോക്സ്. അൽപ്പം ചെറിയ എൻജിനായതുകൊണ്ടു തന്നെ ഇന്ധന ക്ഷമതയുടെ കാര്യത്തിൽ മരാസോ തന്നെ മുന്നിൽ.
വില
നാലു വകഭേദങ്ങളിലാണ് മരാസോ വിപണിയിലെത്തുന്നത്. അതിൽ ആദ്യത്തെ മൂന്നു വകഭേദങ്ങൾ 8 സീറ്റ് ലേഔട്ടിലും ലഭ്യമാണ്. അടിസ്ഥാന വകഭേദമായ എം 2ന്റെ ഏഴ് സീറ്റ് മോഡലിന് 9.99 ലക്ഷം രൂപയും എട്ട് സീറ്റ് മോഡലിന് 10.04 ലക്ഷം രൂപയുമാണ് വില. എം4 ഏഴ് സീറ്റിന് 10.95 ലക്ഷം രൂപയും എട്ട് സീറ്റിന് 11 ലക്ഷം രൂപയുമാണ്. വില. എം6 ഏഴു സീറ്റിന് 12.40 ലക്ഷം രൂപയും എട്ട് സീറ്റിന് 12.45 ലക്ഷം രൂപയും. ഉയർന്ന വകഭേദമായ എം8 ഏഴ് സീറ്റ് വകഭേദത്തിൽ മാത്രമേ ലഭിക്കും വില 13.90 ലക്ഷം രൂപ.
പെട്രോൾ ഡീസൽ വകഭേദഹങ്ങളിലായി അഞ്ച് മോഡലുകളുണ്ട് ഇന്നോവ ക്രിസ്റ്റയ്ക്ക്. അതിൽ ഉയർന്ന വകഭേദങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഏഴ്. എട്ടു സീറ്റ് പതിപ്പുകളിൽ ലഭ്യമാണ്. 14.65 ലക്ഷം മുതൽ 22.01 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ വില.