മാരുതി സിയാസും എതിരാളികളും

Yaris, City, Verna, Ciaz

മാരുതിയുടെ ആഡംബര മുഖമാണ് സിയാസ്. തുടക്കത്തില്‍ മാരുതി ഡീലര്‍ഷിപ്പിലൂടെയും പിന്നീട് പ്രീമിയം വിതരണശൃംഖലയായ നെക്‌സയിലൂടെയും വില്‍പ്പനയ്‌ക്കെത്തിയ സിയാസിന്റെ 2.20 ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം വിറ്റിരിക്കുന്നത്. പുറത്തിറങ്ങി നാലുവര്‍ഷത്തിന് ശേഷം മുഖം മിനുക്കി എത്തിയ സിയാസിന്റെ പ്രധാന എതിരാളികളാണ് സിറ്റിയും വെര്‍നയും യാരിസും. പരിഷ്‌കരിച്ച രൂപവും ഇന്റീരിയറും പുതിയ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമായി എത്തുന്ന സിയാസ് ആരുടെ വിപണി പിടിച്ചടക്കും?

എക്‌സ്റ്റീരിയര്‍

അളവുകളില്‍ പഴയ സിയാസുമായി മാറ്റമൊന്നുമില്ല പുതിയ മോഡലിന്. മൂന്നു പേരേക്കാള്‍ നീളം കൂടുതലാണ് സിയാസിന്. നീളം 4490 എംഎം. ണ്ടാമത് സിറ്റിയും വെര്‍ണയുമാണ്. 4440 എംഎം നീളം. 4425 എംഎം നീളവുമായി യാരിസ് മൂന്നാം ,സ്ഥാനത്താണ്. എന്നാല്‍ ഉരത്തിന്റെ കാര്യത്തില്‍ സിയാസ് രണ്ടാമനാണ്. ഹോണ്ട സിറ്റിയും യാരിസും 1495 എംഎം ഉയരവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ 1485 എംഎമ്മുമായി വെര്‍ണയും സിയാസും രണ്ടാമതുമാണ്. 1730 എംഎമ്മുമായി വീതിയില്‍ മുന്നില്‍ യാരിസും സിയാസുമാണ്. തൊട്ടു പുറകെ 1729 എംഎമ്മുമായി വെര്‍ണയും 1695 എംഎമ്മുമായി സിറ്റിയുമുണ്ട്.

സിറ്റിയിലും വെര്‍ണയിലും സിയാസിലും രണ്ട് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കുന്നുണ്ട്. സിറ്റിയുടേയും വെര്‍ണയുടേയും ഉയര്‍ന്ന് മോഡലിന് 6 എയര്‍ബാഗുകളുണ്ട്. എന്നാല്‍ യാരിസ് അടിസ്ഥാന വകഭേദം മുതല്‍ ഏഴ് എയര്‍ബാഗുകളുണ്ട്. നാലു വാഹനങ്ങളുടേയും ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റവും റിയര്‍ എസി വെന്റുകളുമുണ്ട്. (യാരിസില്‍ റൂഫ് മൗണ്ടര്‍ റിയര്‍ എസിയാണ്).

പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ് ലാംപുകളും ടെയ്ല്‍ ലാംപും പരിഷ്‌കരിച്ച ബമ്പറും പുതിയ സിയാസിലെ പുതുമകളാണ്. മുന്നിലെ മുഖ്യ ആകര്‍ഷണം പ്രൊജക്ടര്‍ ഹെഡ് ലാംപുകളും എടുത്തു നില്‍ക്കുന്ന പുതിയ ഗ്രില്ലുമാണ്. ഉള്ളിലുമുണ്ട് ധാരാളം മാറ്റങ്ങള്‍. ഡാഷ് ബോര്‍ഡിലെ തേക്ക് ഫിനിഷുള്ള ഇന്‍സേര്‍ട്ടുകളാണ്.

എന്‍ജിന്‍

പുതിയ പെട്രോള്‍ എന്‍ജിനാണ് സിയാസിന്റെ പ്രത്യേകത. പുതിയ 1.5 ലീറ്റര്‍ പെട്രോളിന് 105 ബി എച്ച് പി. 22 കിമി ഇന്ധനക്ഷമതയുണ്ട്. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിട് ടെക്‌നോളജിയാണ് സിയാസില്‍. ഹോണ്ട സിറ്റിയും യാരിസും 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുമ്പോള്‍ വെര്‍ണ 1.6 ലീറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. നാലു വാഹനങ്ങള്‍ക്കും ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുകളുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സും യാരിസ് ഉപയോഗിക്കുമ്പോള്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുമാണ് സിറ്റിയില്‍ ഉപയോഗിക്കുന്നത്. വെര്‍ണയുടെ ഓട്ടമാറ്റിക്കും മാനുവലും ആറ് സ്പീഡ് തന്നെ. മാരുതി സിയാസില്‍ അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുമാണ് ഉപയോഗിക്കുന്നത്. കരുത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടേയ് വെര്‍ണയാണ് മുന്നില്‍ പരമാവധി 123 എച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്കും വെര്‍ണയുടെ 1.6 ലീറ്റര്‍ എന്‍ജിന്‍ നല്‍കുമ്പോള്‍ ഹോണ്ട സിറ്റിയുടെ 1.5 ലീറ്റര്‍ എന്‍ജിന്‍ പരമാവധി 119എച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കും. യാരിസിന്റെ 1.5 ലീറ്റര്‍ എന്‍ജിന്‍ 108 എച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്.

ആദ്യ മോഡലില്‍ ഉപയോഗിക്കുന്ന 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയതിലും. 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമുണ്ട്. വെര്‍ണയില്‍ 126 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമുള്ള 1.65 ലീറ്റര്‍ എന്‍ജിനും സിറ്റിയില്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. യാരിസിന് ഡീസല്‍ എന്‍ജിനില്ല.

വില

സിയാസിന്റെ പെട്രോൾ പതിപ്പിന് 8.19 ലക്ഷം മുതൽ 9.97 ലക്ഷം വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 9.80 ലക്ഷം മുതല്‍ 10.97 ലക്ഷം വരെയും ഡീസലിന് 9.19 ലക്ഷം രൂപ മുതൽ 10.97 ലക്ഷം രൂപ വരെയുമാണ് വില. ഹ്യുണ്ടേയ് വെർ‌ണയുടെ പെട്രോൾ പതിപ്പിന് 7.95 ലക്ഷം മുതൽ 12.71 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 12.88 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 9.65 ലക്ഷം മുതൽ 13.08 ലക്ഷം രൂപവരെയുമാണ് എക്സ് ഷോറും വില. യാരിസിന് പെട്രോളിന് 9.29 ലക്ഷം മുതൽ 12.85 ലക്ഷം വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 9.99 ലക്ഷം മുതൽ 14.07 ലക്ഷം വരെയുമാണ് വില. സിറ്റിയുടെ പെട്രോളിന് 8.99 ലക്ഷം രൂപ മുതൽ 12.16 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 12.01 ലക്ഷം രൂപ മുതൽ 14.07 ലക്ഷം രൂപ വരെയും ഡീസലിന് 11.33 ലക്ഷം മുതൽ 14.18 ലക്ഷം രൂപ വരെയുമാണ് വില.