ഗതാഗതക്കുരുക്ക് രൂക്ഷമായിടങ്ങളിലും ഇടുങ്ങിയ റോഡുകളിലും ഏറ്റവുമധികം വഴക്കുകൾക്കു കാരണമാകുന്നത് കാറുകളുടെ റിയർ വ്യൂ മിററുകളാണ്. ഉരസുന്നു, ഇടിക്കുന്നു, പൊളിക്കുന്നു എന്നിങ്ങനെ വിവിധ ഡിഗ്രികളിൽ കണ്ണാടികൾ നാശത്തിന് ഇരയാകും. തുടർന്ന്, കണ്ണുതള്ളിക്കുന്നതരം പദപ്രയോഗങ്ങളും. അല്ലെങ്കിൽത്തന്നെ പുറത്തു പിടിപ്പിക്കുന്ന കണ്ണാടികൾ കാറിന്റെ സകല സൗന്ദര്യവും ചോർത്തുന്ന ഏച്ചുകെട്ടലുകളാണ്. ഒഴിവാക്കാനാകാത്തതുകൊണ്ട് ഉൾപ്പെടുത്തുന്നു എന്നു മാത്രം. അങ്ങനെ ത്യാഗം സഹിച്ച് പിടിപ്പിച്ചാൽത്തന്നെ, പിന്നിലുള്ളതെല്ലാം കാണാൻ ഡ്രൈവറെ ഇവ സഹായിക്കുന്നുണ്ടോ... ഇല്ല. ബ്ലൈൻഡ് സ്പോട്ട് എന്നൊരു പ്രശ്നമുണ്ട്. കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്തൂരിമറുക് എന്നു പറഞ്ഞതുപോലൊരു സംഗതി. കണ്ണാടിയിൽപ്പെടാത്ത ചില പോയിന്റുകൾ ഉണ്ട്. ഈ ഭാഗത്തെത്തുന്ന വാഹനങ്ങളും വ്യക്തികളും വസ്തുക്കളുമൊന്നും ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടില്ല. കണ്ണാടിയെ പൂർണമായി വിശ്വസിച്ചാൽ അപകട സാധ്യതയുണ്ടെന്നർഥം.
വാഹനം ഓടുമ്പോൾ വായുവിന്റെ പ്രതിരോധം കുറയ്ക്കാനുള്ള ‘എയ്റോഡൈനമിക്’ വിദ്യകൾക്കും കണ്ണാടികൾ തടസ്സമാണ്. കണ്ണാടികൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏറെക്കാലമായി വാഹന നിർമാതാക്കളുടെ ആലോചനയിലുണ്ട്. ക്യാമറകൾ പ്രയോജനപ്പെടുത്തി കണ്ണാടികൾ ഒഴിവാക്കാനുള്ള ഒരു മാർഗം വാഹന ഘടക നിർമാതാക്കളായ കോൺടിനെന്റൽ അവതരിപ്പിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. കാറിനു പുറത്ത് വിഡിയോ ക്യാമറകളും ഉള്ളിൽ സ്ക്രീനുകളുമാണു കോൺടിനെന്റലിന്റെ സംവിധാനം. മെഴ്സിഡീസ് ബെൻസ് സിഎൽഎസ് കാറിൽ ഇവ പ്രവർത്തിപ്പിച്ചുകാട്ടുകയും ചെയ്തു അവർ. ഡ്രൈവർ പുറത്തെ മിററുകളിലേക്കു നോക്കുന്ന സ്ഥാനങ്ങളിലാണ് സ്ക്രീനുകൾ.
കണ്ണാടിയെക്കാൾ കൂടുതൽ ഏരിയയിൽ ക്യാമറക്കണ്ണുകൾ എത്തും. ബ്ലൈൻഡ് സ്പോട്ട് ഇല്ല. വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിൽ ബാധിക്കാതെ ബ്രൈറ്റ്നെസ് സ്വയം ക്രമീകരിക്കും. ഡിജിറ്റൽ മിറർ എന്നാണു കമ്പനി ഈ സംവിധാനത്തെ വിളിക്കുന്നത്. പിന്നിൽ വരുന്ന വാഹനങ്ങളുടെ സ്പീഡ് അറിയുന്നതടക്കം വിവിധ സൗകര്യങ്ങൾ ബോണസായി കിട്ടുമെന്നു കമ്പനി പറയുന്നു. ഡിജിറ്റൽ മിറർ ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്നത് മോശമല്ലാത്ത വെല്ലുവിളിയാകും. എങ്കിലും അസാധ്യമായി ഒന്നുമില്ലെന്ന ഐടി സിദ്ധാന്തപ്രകാരം നോക്കുമ്പോൾ ഡിജിറ്റൽ മിറർ അതിദൂരത്തല്ല.