ആഡംബര കാറുകളുടെ രാജാവാണ് റോൾസ് റോയസ്. ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന അത്യാഡംബര കാർ. ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് എന്നും ഒരു ചുവടു മുന്നിലാണ്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ചെയ്യുന്ന കസ്റ്റമൈസേഷൻ മുതൽ കാറിന്റെ ലുക്കും രൂപകൽപ്പനയിലും ടെക്നോളജിയിലുമെല്ലാം യുണിക്നെസ് കാത്തുസൂക്ഷിക്കാൻ റോൾസ് റോയ്സ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ആഡംബരവാഹനത്തെക്കുറിച്ചുള്ള രസകരമായ പത്ത് പ്രത്യേകതകൾ.
24 കാരറ്റ് സ്വർണത്തിൽ തീർത്ത എംബ്ലം
റോൾസ് റോയ്സ് കാറിന്റെ മുഖമുദ്രയാണ് വാഹനത്തിന് മുന്നിലുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസി. 1920 മുതൽ ഇറങ്ങുന്ന റോൾസ് റോയ്സ് കാറുകളിൽ ഈ എംബ്ലം ഉണ്ട്. 24 കാരറ്റ് സ്വർണത്തിലേക്ക് എംബ്ലം കസ്റ്റമൈസ് ചെയ്യാനും കഴിയും. എന്നാൽ അത്തരത്തിലുള്ള സ്വർണ്ണ എംബ്ലം മോഷ്ടാക്കളിൽ നിന്നും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി റോൾസ് റോയ്സിന് വന്നുചേർന്നു. കാർ ഓഫാക്കുമ്പോൾ സ്വർണ്ണ എംബ്ലം കാറിന്റെ ബോണറ്റിന് ഉള്ളിലേക്ക് ഓട്ടമാറ്റിക് ആയി മറയ്ക്കുക എന്ന കിടിലൻ ആശയമാണ് റോൾസ് റോയ്സ് ഇതിനായി നടപ്പിലാക്കിയത്. കാർ ഓണായിരിക്കുമ്പോൾ ആരെങ്കിലും എംബ്ലം കരസ്ഥമാക്കാൻ ശ്രമിച്ചാലും സ്പിരിറ്റ് ഓഫ് എസ്കാറ്റിസ് ബോണറ്റിന്റെ അകത്തേക്ക് മറയും.
നക്ഷത്രങ്ങൾ തിളങ്ങും സീലിങ്
റോൾസ് റോയ്സിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് നക്ഷത്രങ്ങൾ തിളങ്ങുന്ന സീലിങ്. കാറിന്റെ റൂഫ് സങ്കീർണമായ ഒപ്റ്റിക്കൽ ഫൈബറുകളാണ് നിർമിച്ചിരിക്കുന്നത്. കാർ ഓണാകുമ്പോൾ രാത്രിയിൽ ഉള്ളതുപോലെ നക്ഷത്രത്തിളക്കം സീലിങിൽ തെളിഞ്ഞു വരുന്നു. 1340 ഒപ്റ്റിക്കൽ ഫൈബറുകൾ കുത്തിത്തിരുകിയാണ് ഇത്തരത്തിൽ ഒരു നക്ഷത്ര ബംഗ്ലാവ് ഫീലിങ് കാറിൽ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. റോൾസ് റോയ്സിന്റെ ടോപ്പ് എൻഡ് വാഹനങ്ങളിൽ ആവശ്യമെങ്കിൽ മാത്രം ചേർക്കാവുന്ന അക്സ്സറിയാണിത്.
ഡോർ അടയ്ക്കാൻ ബട്ടൺ
റോൾസ് റോയ്സിന്റെ ഡോറുകൾ പൊതുവേ കനംകൂടിയതാണ്. എന്നുപറഞ്ഞ് ഡോറുകൾ അടയ്ക്കാൻ പ്രയാസമുള്ളതെന്ന അർത്ഥമില്ല. എന്നാൽ മറ്റ് വാഹനങ്ങളിൽ ഇല്ലാത്ത ഡോർ അടയ്ക്കൽ സ്വിച്ചുകൾ റോൾസ് റോയ്സിന്റെ പ്രത്യേകതയാണ്. ആരും ഡോർ അടയ്ക്കാൻ അവരുടെ എനർജി പാഴാക്കേണ്ട കാര്യമില്ല. കാറിന്റെ ക്വാർട്ടർ പാനൽ ഗ്ലാസിലുള്ള ബട്ടണിൽ അമർത്തിയാൽ ഡ്രൈവറിന്റെയോ യാത്രക്കാരുടെയോ ഭാഗങ്ങളിലുള്ള ഡോറുകൾ ഓട്ടമാറ്റിക് ആയി അടയ്ക്കാം.
കുട ഉണക്കുന്ന അറ
എല്ലാ റോൾസ് റോയ്സ് കാറുകളിലും ഡ്രൈവറിന്റെയും കോ-ഡ്രൈവറിന്റെയും ഭാഗങ്ങളിൽ ടെഫ്ലോൺ പൂശിയ കുട സൂക്ഷിക്കാവുന്ന ചേമ്പറുകൾ ഉണ്ടാകും. ഇതിലെ ബട്ടണിൽ അമർത്തിയാൽ കുട അപ്പോൾ തന്നെ പുറത്തുവരും. മാത്രമല്ല, അതിനുള്ളിലെ ഫാനുകളും ഹീറ്ററുകളും ഉപയോഗിച്ച് എല്ലാതവണയും നനഞ്ഞ കുട ഉണക്കി തരികയും ചെയ്യും.
അടയാളം വീഴാത്ത ലതർ ഇന്റീരിയർ
കാറിന്റ ഇന്റീരിയർ നിർമാണത്തിൽ ഏറ്റവും മികച്ച സാധനങ്ങൾ മാത്രമേ ഉപയോഗിക്കൂവെന്ന കാര്യത്തിൽ റോൾസ് റോയ്സിന് നിർബന്ധമുണ്ട്. അതിനൊരു ഉദാഹരണമാണ് കാറിൽ ഉപയോഗിച്ചിരിക്കുന്ന ലതർ മെറ്റീരിയൽ. കാളയുടെ തുകൽ മാത്രമേ ഇന്റീരിയറിനായി കമ്പനി ഉപയോഗിക്കാറുള്ളൂ. പശു പ്രസവിക്കുമ്പോൾ ശരീരത്തിൽ അടയാളങ്ങൾ ഉണ്ടാകുമെന്നതിനാലാണ് ഇതൊഴിവാക്കുന്നത്. ഒരു കാറിൽ 17 ദിവസം കൊണ്ട് 11 കാളകളുടെ തുകൽ ഉപയോഗിച്ചാണ് ഇന്റീരിയർ തയാറാക്കുന്നത്.
'ഉപയോഗിക്കാത്ത പവർ' കാണിക്കുന്ന മീറ്റർ
താരതമ്യേന പവർ കൂടിയ വി12 എൻജിനുകളാണ് റോൾസ് റോയ്സിൽ ഉപയോഗിക്കുന്നത്. ഈ പവർ എൻജിൻ തന്നെയാണ് കാറിന്റെ പെട്ടെന്നുള്ള യാത്ര സുഗമമാക്കുന്നതും. കാറിൽ ഘടിപ്പിച്ചിരിക്കുന്ന റിസർവ് പവർ മീറ്ററിലൂടെ എത്രത്തോളം പവർ റിസർവിലാണ് എളുപ്പത്തിൽ അറിയാൻ സാധിക്കും. ഡ്രൈവർ കൺസോളിൽ നിശ്ചിത സമയത്ത് ഉപയോഗിച്ച പവറിന്റെ ശതമാന കണക്ക് അറിയാനും മാർഗമുണ്ട്. അനലോഗ് ഡയലിൽ മുഴുവൻ ഔട്ട്പുട്ടും പവർ ഉപയോഗിച്ചതിന്റെ വിശദാംശങ്ങളും കാണിക്കുന്നു.
ഏത് നിറവും ഉപയാഗിക്കാം
പുത്തൻ വാഹനങ്ങൾ പുറത്തിറങ്ങുമ്പോൾ അവയ്ക്ക് കമ്പനി തന്നെ തിരഞ്ഞെടുത്ത കളർ ഓപ്ഷനുകളും ഉണ്ടാകും. റോൾസ് റോയ്സ് കാറിന്റെ കാര്യത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. വീട്ടിൽ പെയിന്റ് ചെയ്യാൻ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് പോലെ കസ്റ്റമേഴ്സിന് ഇഷ്ടപ്പെട്ട നിറത്തിൽ വാഹനം ലഭിക്കും. ഇന്റീരിയറിന്റെയും സ്റ്റിച്ചിങിന്റെയും വുഡ് ടെക്ച്വറിന്റെയും നിറങ്ങൾ പോലും വാങ്ങുന്ന ആളിന്റെ ഇഷ്ടത്തിന് ചെയ്തു കൊടുക്കും. റോൾസ് റോയ്സിന്റെ ഓരോ വാഹനത്തിനുമുള്ള പെയിന്റുകൾ അതിനായി മാത്രമാണ് നിർമിക്കുന്നത്. ഈടുനിൽക്കുന്നതിനായി 5 ലെയർ പെയിന്റ് ഉപയോഗിക്കുന്നു.
സ്വയം വൃത്തിയാകുന്ന ആസ്ട്രേ
സിഗററ്റുകളുടെ ചാരവും കുറ്റിയുമെല്ലാം തട്ടാൻ കഴിയുന്ന ക്ലോസ്ഡ് ആസ്ട്രേയാണ് റോൾസ് റോയ്സിലുള്ളത്. ആസ്ട്രേയെക്കുറിച്ച് മറ്റ് വേവലാതികൾ ആവശ്യമില്ലെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സിഗററ്റിന്റെ കുറ്റിയും ചാരവും എല്ലാം സ്വയം ആസ്ട്രേയിൽ നിന്നും വൃത്തിയാകുകയും ചെയ്യുന്നു.
കറങ്ങാത്ത ലോഗോ
കാർ എത്ര സ്പീഡിലാണെങ്കിലും വീലുകളിലെ ലോഗോ നിവർന്നു തന്നെയായിരിക്കും. നിരവധി ബോൾ ബെയറിങ് കൊണ്ടുള്ള മെക്കാനിസമാണ് ലോഗോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ RR എന്ന ലോഗോ ഒരിക്കലും തിരിഞ്ഞു വരുന്നതായി തോന്നുകയില്ല.
വഴിക്കനുസരിച്ച് മാറുന്ന ഗിയർ
അത്യാധുനിക സാങ്കേതിക വിദ്യയായ സാറ്റ്‌ലേറ്റ് എയ്ഡഡ് ട്രാൻസ്മിഷനാണ് റോൾസ് റോയ്സിന്റെ ഏറ്റവും പുതിയ കാറിൽ ഉപയോഗിക്കുന്നത്. ജിപിഎസ് ഉപയോഗിച്ച് വളവുകളും കയറ്റവും ഇറക്കവുമെല്ലാം നേരത്തെ തിരിച്ചറിഞ്ഞ് ഗീയർ സ്വയം മാറ്റുന്ന പ്രക്രിയയാണ് സാറ്റ്‌ലേറ്റ് എയ്ഡഡ് ട്രാൻസ്മിഷന്‍. 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് കാറിൽ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ലാൻഡ് സ്കേപ്പിന് അനുസരിച്ച് മാറുന്ന ഗീയറിന് അനുയോജ്യമായി രണ്ടാമത്തെ ക്ലച്ച് തയ്യാറായിരിക്കും. ആ സ്പോട്ടിൽ എത്തുമ്പോൾ രണ്ടാമത്തെ ക്ലച്ച് പ്രവർത്തനക്ഷമമാകുകയും ആദ്യത്തേത് സ്വതന്ത്രമാകുകയും ചെയ്യുന്നു.