കാറുകളുടെയും എസ്‌യുവികളുടെയും അളവുകളിൽ ഏറെ പ്രാധാന്യം കിട്ടുന്ന ഒന്നാണ് ഗ്രൗണ്ട് ക്ലിയറൻസ്. വണ്ടിയുടെ ഏറ്റവും താഴ്ന്ന ഭാഗവും ഗ്രൗണ്ടും തമ്മിലുള്ള അകലമാണിത്. ചില വണ്ടികൾ ചെറിയ ഹംപുകളിൽപ്പോലും ‘അടി തട്ടുന്ന’തിന് ഒരു കാരണം അതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് കുറവായതാണ്. കാറുകൾ 160 മില്ലിമീറ്ററിനടുത്തുമാത്രം ഗ്രൗണ്ട് ക്ലിയറൻസ് അവകാശപ്പെടുമ്പോൾ എസ്‌യുവികൾ 200 മില്ലിമീറ്റർ ഉണ്ടെന്ന് അഹങ്കരിക്കുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ.
ലോഡ് കയറ്റാത്ത കാർ നിരപ്പായ പ്രതലത്തിൽ നിർത്തിയിട്ടാൽ കിട്ടുന്ന ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഇതുവരെ ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ മാനദണ്ഡങ്ങൾ രൂപീകരിക്കുന്ന ഓട്ടമോട്ടിവ് റിസർച്ച് ഏജൻസി ഓഫ് ഇന്ത്യ (എആർഎഐ) പ്രഖ്യാപിച്ച പുതിയ അളവുരീതി അനുസരിച്ച് നിലവിലെ അവകാശവാദങ്ങൾ കംപ്ലീറ്റ് പൊളിയും. അനുവദനീയമായ ഫുൾ ലോഡ് കയറ്റിയശേഷം വാഹനത്തിന്റെ അടിഭാഗത്തിന്റെ മധ്യഭാഗം റോഡിൽനിന്ന് എത്ര ഉയർന്നു നിൽക്കുന്നു എന്നതാണ് പുതിയ അളവ്. കെർബ് വെയ്റ്റ് (കാറിന്റെ ഭാരം മാത്രം) അടിസ്ഥാനമാക്കിയുള്ള അളവിനെക്കാൾ സ്വാഭാവികമായും കുറവായിരിക്കും ഫുൾ ലോഡുള്ള (ഗ്രോസ് വെഹിക്കിൾ വെയ്റ്റ്) കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. ഭാരം കയറ്റുമ്പോൾ സസ്പെൻഷൻ അമരുന്നതാണു കാരണം. ഭാരം കയറ്റാതെയുള്ള ഗ്രൗണ്ട് ക്ലിയറൻസിനെക്കാൾ 20–30 ശതമാനം കുറവായിരിക്കും ഭാരം കയറ്റിയശേഷമുള്ളത്. പുതിയ രീതി കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ളതാണ്. യാത്രക്കാരില്ലാത്ത കാറിന്റെ ‘അടി തട്ടുന്നില്ല’ എന്നു പറഞ്ഞിട്ടെന്തു കാര്യം..!
ചില മോഡലുകൾ പുതിയ രീതി അനുസരിച്ചുള്ള ഗ്രൗണ്ട് ക്ലിയറൻസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ടൊയോട്ട ഫോർച്യൂണറിന്റേത് 225 മില്ലിമീറ്ററായിരുന്നത് 184 മില്ലിമീറ്ററായി. ഫോക്സ്‌വാഗൺ ടിഗ്വാന്റേത് 189 മിമീ ആയിരുന്നത് 149മിമീ ആയും ഫിയറ്റ് അവഞ്ച്യുറയുടേത് 205 മിമീ ആയിരുന്നത് 156 മില്ലിമീറ്ററായും മാറി. ഇതൊക്കെ കടലാസിലുള്ള മാറ്റം മാത്രമാണെന്നും വാഹനത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഓർക്കണം. ചില കമ്പനികൾ പഴയ രീതി തന്നെ പിന്തുടരുന്നുമുണ്ട്. അതുകൊണ്ട് പല മോഡലുകൾ താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധിക്കണം. ചില കമ്പനികൾ ഗ്രൗണ്ട് ക്ലിയറൻസ് പറയുകയേയില്ലെന്നതും ശ്രദ്ധേയം.
(ഗ്രൗണ്ട് ക്ലിയറൻസ് അളവു മില്ലിമീറ്ററിൽ പറയുന്നതുകൊണ്ടാണ് മൂന്നക്ക സംഖ്യകൾ വരുന്നത്. കാറുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് താരതമ്യത്തിൽ 165 മില്ലിമീറ്ററും 170 മില്ലിമീറ്ററും എന്നു കേൾക്കുമ്പോൾ വ്യത്യാസം വെറും അര സെന്റിമീറ്ററാണെന്നോർക്കുക.)