Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രം 'ഇല്ലാതാക്കാൻ' ശ്രമിക്കുന്ന ഇന്ത്യയുടെ സ്വന്തം വൻമരം

BEML BH205E- Asia's largest Dump truck BEML BH205E- Asia's largest Dump truck

ലെയ്ത്ത് വർക്‌ഷോപ്പിൽ നിന്നു വാഹനനിർമാതാവായ കഥയാണു പല രാജ്യാന്തര ഭീമൻമാർക്കും പറയാനുള്ളത്. എന്നാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് പറയാനുള്ളതു വാഹന നിർമാതാവിൽ നിന്ന് 121 കോടി  ഭാരതീയരുടെ അഭിമാനമായ കഥയാണ്. സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കാലത്താണ് 6.54 കോടി രൂപ മുതൽ മുടക്കിൽ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിൽ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന ബെമ്‌ൽ സ്ഥാപിക്കപ്പെട്ടത്. റെയിൽവേ വികസനം അടക്കമുള്ള കേന്ദ്രസർക്കാരിന്റെ വികസന താൽപര്യങ്ങൾക്കു ചിറകു നൽകുകയായിരുന്നു ബെമ്‌ലിന്റെ ജന്മ ഉദ്ദേശം.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയ സ്ഥാപനം റെയിൽ കോച്ച്–സ്പെയർ പാർട്സുകൾ, ഘനനത്തിനുള്ള ഉപകരണങ്ങൾ എന്നിവ നിർമിക്കുന്നതിലാണ് ആദ്യകാലത്തു ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീടു വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പല എൻജിനീയറിങ് മേഖലയിലും കൈവയ്ക്കുക മാത്രമല്ല വിജയക്കൊടി പാറിക്കുകയും ചെയ്തു. സാമ്പത്തികമാന്ദ്യം ഉൾപ്പെടെയുള്ള തിരിച്ചടികൾ പലതവണ ലോകത്തെ മിക്ക വിപണികളിലും വീശിയടിച്ചിട്ടു പോലും ബെമ്‌ൽ ഒരു ഘട്ടത്തിൽ പോലും തളർന്നില്ല. പൊതുമേഖലാ സ്ഥാപനമാണെന്നതൊഴിവാക്കിയാൽ പ്രത്യക്ഷത്തിൽ സർക്കാർ സഹായം പോലും വാങ്ങാതെയായിരുന്നു കുതിപ്പ്. എന്നാൽ പ്ലാനിങ് കമ്മിഷനു പകരം കേന്ദ്രസർക്കാർ നിയോഗിച്ച നീതി ആയോഗ് സ്വകാര്യവൽക്കരിക്കണമെന്നു ശുപാർശ ചെയ്ത 17 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായി ബെമ്ൽ. തുടർന്നു പ്രതിപക്ഷ ജനപ്രതിനിധികളും തൊഴിലാളി യൂണിയനും എതിർപ്പുമായി രംഗത്തെത്തിയതോടെ ചൂടു പിടിച്ച ‘ബെമ്‌ൽ’ എന്ന ഭാരതീയന്റെ ബ്രാൻഡിനെപ്പറ്റി അൽപമറിയാം.

electric-hydraulic-excavator BEML180 ton Electric Hydraulic Excavator BE 1800E

ബെമ്ൽ എന്ന വൻമരം

വസ്തുതകൾ വിവരിക്കുന്നതിനു മുൻപ് ചില റെക്കോർഡുകൾ വെളിപ്പെടുത്താം; ഏഷ്യയിലെ രണ്ടാമത്തെ വലിയ ഘനന–നിർമാണ വാഹന നിർമാതാവും രാജ്യത്തെ ഒരേയൊരു മെട്രോ കോച്ച് നിർമാതാവുമാണ് ബെമ്‌ൽ. മൂന്നു പ്രധാന വ്യാപാര ഡിവിഷനുകളാണ് ബെമ്‌ലിനുള്ളത്; ഘനനം–നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾ–വാഹനങ്ങൾ, പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന തന്ത്രപ്രധാന വാഹനങ്ങൾ–യന്ത്രങ്ങൾ, റെയിൽ ആൻഡ് മെട്രോ എന്നിവയുടെ നിർമാണം, വിതരണം, സർവീസ് എന്നിവയാണു ബെമ്‌ൽ ചെയ്യുന്നത്. പൂർണതോതിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയ ഡൽഹിയുടെ (ഡിഎംആർസി) കോച്ചുകൾ എല്ലാം ബെമ്‌ലാണു നിർമിച്ചത്. ആദ്യ കാലത്തു ദക്ഷിണ കൊറിയൻ കമ്പനിയായ ഹുണ്ടെയ് റോട്ടമിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചു കോച്ച് നിർമിച്ച ബെമ്‌ൽ കഴി‍ഞ്ഞ അഞ്ചു വർഷത്തിലേറെയായി സ്വന്തമായി സാക്ഷാത്കരിക്കുന്നു. ബെംഗളൂരു, ജയ്പുർ, കൊൽക്കത്ത (പുതിയത്) മെട്രോ കോച്ചുകളും ബെമ്‌ൽ നിർമിച്ചവ തന്നെ.

dumper--shovel-combination Dumper -Shovel combination -BEML

ഘനന മേഖലയിലെ വാഹനങ്ങൾ നിർമിക്കുന്ന പൂർണമായും സ്വദേശിയായ ഒരേയൊരു നിർമാതാവ് ബെമ്‌ൽ മാത്രമാണ്. ഡംപർ, ബുൾ ഡോസർ, മോട്ടോർ ഗ്രേഡർ, ചെയിൻ ഡ്രിവൻ എക്സ്കവേറ്റർ, ഫ്രണ്ട് ലോഡ് എക്സ്കവേറ്റർ, പൈപ്പ് ലെയർ, റോപ്പ് ഷവൽ എന്നിവ ബെമ്‌ൽ നിർമിക്കുന്നു. ജാപ്പനീസ് കമ്പനിയായ കോമറ്റ്സുവിന്റെ സാങ്കേതിക വിദ്യയായിരുന്നു ആദ്യകാലത്ത് അടിസ്ഥാനപ്പെടുത്തിയിരുന്നത്. ഹെവി മിലട്ടറി ഗണത്തിൽപ്പെടുന്ന ഒരു ട്രക്ക് പോലും ഇന്ത്യയിൽ സ്വകാര്യ കമ്പനികൾ നിർമിക്കുന്നില്ല. പ്രതിരോധ വാഹന രംഗത്തെ രാജ്യാന്തര ചാംപ്യൻമാരായ ചെക് റിപ്പബ്ലിക്കിലെ ടട്ര ട്രക്ക്സ് കമ്പനിയിൽ നിന്നു സാങ്കേതിക വിദ്യ വാങ്ങി ബെമ്‌ലാണു മിലിട്ടറി ട്രക്കുകൾ സാക്ഷാത്കരിച്ചു സൈന്യത്തിനു കൈമാറുന്നത്. നിലവിൽ ബെമ്‌ൽ–ടട്ര എന്നാണു ട്രക്കുകളിൽ ഉപയോഗിക്കുന്ന ബ്രാൻഡ് നാമം. 84% ട്രക്ക് ഘടകങ്ങളും തദ്ദേശീയമായി നിർമിക്കാനുള്ള ശേഷി ബെമ്‌ൽ കൈവരിച്ചു എന്നതിനാലാണ് ഈ നേട്ടം സ്വന്തമാക്കാനായത്.

dozer BEML BD 355 Dozer

ബെമ്‌ലിന്റെ മിക്ക വാഹനങ്ങളിലും ഉപയോഗിക്കുന്ന ഡീസൽ എൻജിൻ സാങ്കേതിക വിദ്യ തദ്ദേശീയമാണ്. ഇതും മറ്റൊരു ‘ഇന്ത്യൻ’ വാഹനനിർമാതാവിന് അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ്. വിമാനം വലിച്ചു നീക്കുന്ന എയർക്രാഫ്റ്റ് ടോവിങ് ട്രാക്ടർ, ദുർഘടമേറിയതും സങ്കീർണവുമായ സ്ഥലങ്ങളിൽ അഗ്നിശമന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ക്രാഷ് ഫയർ ടെൻഡർ എന്ന ഹെവി ഡ്യൂട്ടി ഫയർ എൻജിൻ, ഘനന മേഖലയിലെ ഡംപർ എന്ന ഭീമൻ ട്രക്ക് എന്നിവ ബെമ്‌ൽ അല്ലാതെ നിർമിക്കുന്നതു വിദേശ കുത്തകകൾ മാത്രം.

BEML BG 6051 Motor Grader BEML BG 6051 Motor Grader

വോൾവോ, കൊമറ്റ്സു, കാറ്റർപില്ലർ, ബൊംബാർഡിയർ, ആൾസ്റ്റോം, കമ്മിൻസ്, പെർക്കിൻസ്, ഇസുസു, ടാറ്റ, അശോക് ലെയ്‌ലാൻഡ്, ജനറൽ മോട്ടോഴ്സ്, മഹീന്ദ്ര എന്നീ രാജ്യാന്തര വാഹന–എൻജിനീയറിങ് ഭീമൻമാരോടു ഒറ്റയ്ക്കു യുദ്ധം ചെയ്താണ് ഇവയെല്ലാം ബെമ്ൽ നേടിയതും നിലനിർത്തുന്നതും. മെട്രോയുടെ കോച്ചുകളുടെ ഓർഡർ പോലും ബെമ്‌ൽ നേടിയതു സർക്കാരിന്റെ മുന്നിൽ കൈനീട്ടിയല്ല. മറിച്ച് ഓപ്പൺ ടെൻഡറിൽ രാജ്യാന്തര ഭീമൻമാരോടു മത്സരിച്ച് ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തു തന്നെയാണ്.

armoured-recovery-vehicle Armoured Recovery Vehicle

‘മേക്ക് ഇൻ ഇന്ത്യ–റെയിൽവേ’ എന്ന പരസ്യത്തിൽ സ്വകാര്യ കോച്ച് നിർമാണ കമ്പനി തലവൻമാരുടെ അഭിപ്രായ പ്രകടനത്തിനു മുൻപും ശേഷവും കാണിച്ചതു ബെമ്‌ൽ നിർമിച്ച കോച്ചുകളായിരുന്നു! വെറും കോച്ചുകൾ മാത്രമല്ല ട്രാക്ക് ലെയിങ് എൻജിൻ പോലയുള്ള സങ്കീർണ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റെയിൽവേ എൻജിനുകൾ വരെ ബെമ്‌ൽ നിർമിക്കുന്നു.

വിവാദത്തിന്റെ ‘കേന്ദ്രം’

കഴിഞ്ഞ ഒക്ടോബറിലാണു നീതി ആയോഗ് കേന്ദ്ര കാബിനെറ്റിനു ബെമ്‌ൽ അടക്കം 17 കമ്പനികൾ സ്വകാര്യവൽക്കരിക്കണമെന്നു ശുപാർശ ചെയ്യുന്നത്. നവംബറിൽ ചേർന്ന കാബിനെറ്റ് നീതി ആയോഗിന്റെ ശുപാർശ നടപ്പാക്കുന്നതിനു തത്വത്തിൽ അംഗീകാരം നൽകി. എന്നാൽ 1000 മുതൽ 5000 കോടി രൂപ വരെ വാർഷിക വ്യാപാരം ഉള്ളതും തുടർച്ചയായി മൂന്നു വർഷം ലാഭത്തിൽ പ്രവർത്തിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തുന്ന മിനിരത്ന കാറ്റഗറി ഒന്നു പട്ടികയിലാണു നിലവിൽ ബെമ്ൽ. ഇത്തരത്തിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള സ്ഥാപനത്തെ എന്തിനു സ്വകാര്യവൽക്കരിക്കുന്നു എന്നു പ്രതിപക്ഷ ജനപ്രതിനിധികളും തൊഴിലാളി സംഘടനകളും പാർലമെന്റിനകത്തും പുറത്തും ഒരുപോലെ ചോദിച്ചിട്ടും കേന്ദ്രസർക്കാർ ഇതുവരെ യുക്തിയും വ്യക്തതയുമുള്ള കാരണം മുന്നോട്ടു വച്ചിട്ടില്ല. ഒപ്പം 50000 കോടി രൂപ ആസ്തിയുള്ള സ്ഥാപനത്തിന്റെ 26 ശതമാനം ഓഹരികൾ വിൽക്കുന്നതിനു നിശ്ചയിച്ച തുക 518 കോടി രൂപയും. 

sarvatra-bridging-system BEML Sarvatra Bridging System

പ്രതീക്ഷകൾ

സ്വകാര്യ കുത്തക ഭീമൻമാർ അരങ്ങു വാഴുന്ന ലൈറ്റ് ട്രക്ക് വിഭാഗത്തിൽ ലഭിക്കുമായിരുന്ന 1500 ലൈറ്റ് മിലിട്ടറി ട്രക്കുകളുടെ ഓർഡർ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ചരിത്രമുണ്ട് ബെമ്‌ലിന്. ഇതു ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വാഹന ചരിത്രം മറ്റൊന്നാകുമായിരുന്നു. ലോറിയും ബസും വേണ്ടിവന്നാൽ കാറുകൾ പോലും നിർമിക്കാനുള്ള മനുഷ്യവിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഈ പൊതുമേഖലാ സ്ഥാപനത്തിനുണ്ട്. പക്ഷേ ധൈര്യത്തോടെ ഇതിനു മുന്നിട്ടിങ്ങാനുള്ള നേതൃത്വവും അടിസ്ഥാന സൗകര്യ വികസനത്തിനു താരതമ്യേന ചെറിയ നിക്ഷേപം വേണം. നിലവിൽ നിർമിക്കുന്ന വാഹനങ്ങൾ വച്ചു നോക്കുമ്പോൾ കാർ, ലോറി, ബസ് എന്നിവയുടെ നിർമാണം ബെമ്‌ലിനു വെറും തുവൽ സ്പർശങ്ങളാണ്.

pontoon-midstream-section-bridge BEML PONTOON MIDSTREAM SECTION BRIDGE

1964ൽ കമ്പനി ആരംഭിച്ച ശേഷം 1971ൽ 16 കോടി രൂപ കൂടി നൽകിയതണു സർക്കാർ ഇതുവരെ നടത്തിയ മുതൽ മുടക്ക്. ന്യൂജനറേഷൻ റെയിൽവേ കോച്ചുകളായ ‘എൽഎച്ച്ബി’യുടെ നിർമാണവും ചെറിയ മുതൽ മുടക്കു നടത്തിയാൽ ബെമ്‌ലിൽ ആരംഭിക്കാം. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി മുടക്കാൻ ഉദ്ദേശിക്കുന്ന 500 കോടി രൂപയുടെ പകുതി കഞ്ചിക്കോട് ബെമ്‌ൽ പ്ലാന്റിൽ നിക്ഷേപിച്ചാൽ റെയിൽവേ പറയുന്ന അത്രയും കോച്ചുകൾ നിർമിച്ചു നൽകാൻ കഴിയുമെന്നു ബെമ്‌‍ലിലെ ജീവനക്കാർ പറയുന്നു.

multipurpose-military-vehicle BEML Multipurpose Military vehicle

നിലവിൽ ശക്തമായ ഗവേഷണ–വികസന വിഭാഗം കമ്പനിക്കുണ്ടെങ്കിലും വൈവിധ്യവൽക്കരണം മുന്നിൽ കണ്ട് ഇതു വിപുലീകരിച്ചാൽ രാജ്യം ഉറ്റുനോക്കുന്ന ഊർജ നിർമാണ മേഖലയിലും ബെമ്‌ൽ വൻശക്തിയാകും. കാരണം ഇപ്പോൾ തന്നെ വമ്പൻ ഡീസൽ ജൻസെറ്റുകളുടെ നിർമാണത്തിൽ പെരുന്തച്ചനാണു ബെമ്ൽ. വരുന്ന 10 വർഷങ്ങളിൽ കുറഞ്ഞത് 5000 മെട്രോ കോച്ചുകൾ ആവശ്യം വരുന്ന രാജ്യത്തു സർക്കാർ ഒരു കൈ നൽകി സഹായിക്കാൻ തയാറായാൽ  അതിന്റെ പകുതിയും ബെമൽ നിർമിക്കുമെന്നുറപ്പ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഡീലർഷിപ്പുകൾ തുടങ്ങാനുള്ള നടപടി തുടങ്ങാൻ സ്ഥാപനത്തിന്റെ മാനേജ്മെന്റിനു സർക്കാർ ധാർമിത പിന്തുണ നൽകിയാൽ ഈ മേഖലയിലെ കുത്തകകളായ ജെസിബി, ജെഡി, കെയ്സ്, മഹീന്ദ്ര, ടാറ്റ ഹിറ്റാച്ചി എന്നിവയെ സർക്കാരിനു പരോക്ഷമായി നിയന്ത്രിക്കുകയുമാകാം.

al--terrain-heavy-mobility-vehicle All terrain BEML Heavy Mobility Vehicle

ആസ്തിയിൽ ഭീമസേനൻ

കേന്ദ്ര സർക്കാർ 518 കോടി രൂപ വിലയിട്ട ബെമ്‌ലിന്റെ ആസ്തി ഇന്ത്യയിലെ ചില പ്രധാനപ്പെട്ട വാഹന നിർമാതാക്കളുടെ മൊത്തം ആസ്തിയും വ്യാപാരവും ലാഭവും ചേർന്ന തുക കൊണ്ട് അളന്നാൽ പോലും എത്തില്ല. കൃത്യമായ വില കണക്കാക്കിയിട്ടില്ലെങ്കിലും ഭൂസ്വത്തു മാത്രം 25000 കോടിക്കു മേൽ വിലവരുന്നുണ്ട്.

BEML Truck mounted Crane BEML Truck mounted Crane

ചില കണക്കുകൾ; (കേന്ദ്ര സർക്കാർ കൃത്യമായ വിലനിർണയം നടത്തിയിട്ടില്ലെന്നതിനാൽ വിവിധ സ്ഥലങ്ങളിലെ ന്യായവില പ്രകാരം കണക്കു കൂട്ടിയത്)

∙ ബംഗളൂരുവിലെ തിപ്പസാന്ദ്രയിൽ 205 ഏക്കർ – 18000 കോടി

∙ ബംഗളൂരു കോർപ്പറേറ്റ് ഓഫിസ് സമുച്ചയം മൂന്ന് ഏക്കർ – 400 കോടി

∙ കോലാർ സ്വർണഘനി മേഖലയിൽ 1863 ഏക്കർ – 5000 കോടി

∙ ചെന്നൈ, മുംബൈ, കൊൽക്കത്ത, കൊച്ചി എന്നീ നഗരങ്ങളുടെ ഹൃദയത്തിൽ 10 സെന്റ് മുതൽ അഞ്ചർ ഏക്കർ വരെ ഭൂമി – 1000 കോടി

∙ കൂടാതെ പാലക്കാട്ടെ 375 ഏക്കർ അടക്കം 1494 ഏക്കർ പാട്ട ഭൂമിയും.

aircraft-weapon-loader Bheem 1000 - BEML Aircraft Weapon Loader

കൂടാതെ മൂല്യം വിലയിൽ കണക്കാക്കാൻ സാധിക്കാത്ത കമ്പനിയുടെ സാങ്കേതിക വിദ്യ, തന്ത്രപ്രധാനമായ പ്രതിരോധ കരാറുകൾ എന്നിവയും.

ബെമ്‌ൽ പാലക്കാട് യൂണിറ്റ്

സ്ഥലം; കഞ്ചിക്കോട് വൈസ് പാർക്കിൽ 375 ഏക്കർ

ഉപയോഗിച്ചത്; ഒന്നാം ഘട്ടത്തിൽ പകുതി സ്ഥലം

മറുപേര്; ഗ്രീൻഫീൽഡ് യൂണിറ്റ്

നിർമാണ കാലയളവ്; ആറു മാസം കൊണ്ട്

ചെലവ്; 260 കോടി

ഉദ്ഘാടന തീയതി; മേയ് 16, 2010

ഉദ്ഘാടനം ചെയ്തത്; അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ എന്നിവർ ചേർന്ന്.

നിർമാണ യൂണിറ്റുകൾ‌; രണ്ടു ഹാംഗറുകൾ – ഒന്ന് റെയിൽവേ, ഒന്ന് പ്രതിരോധ ട്രക്കുകൾ

പ്രധാന ഉൽപന്നങ്ങൾ; റെയിൽവേ കോച്ചുകൾ, പ്രതിരോധ ട്രക്കുകൾ, മെട്രോ കോച്ചിന്റെ ബോഗി (വീൽ സെറ്റ്), എൻഡ് ബ്ലോക്ക് (ചെയ്സിന്റെ ഒരു ഭാഗം)

സാക്ഷാത്കരിച്ചവയിൽ പ്രധാനം; 320 റെയിൽ കോച്ചുകൾ (ഇതിൽ നാലെണ്ണം ഫർണിഷിങ് വരെ നടത്തിയവ), 722 ബോഗി ഫ്രെയിമുകൾ, 1000 ടട്ര ഹെവി ഡ്യൂട്ടി മിലിട്ടറി ട്രക്കുകൾ (വിവിധ ഉദ്ദേശങ്ങൾക്കുള്ളത്). 

നിർമിക്കാൻ പോകുന്നവ; 75 മെമു മോട്ടോർ കോച്ചുകൾ

പ്രധാന ഉപഭോക്താക്കൾ; ഡിആർഡിഒ, ബിഇഎൽ, ബിഡിഎൽ, ആർഡിഇ, വിആർഡിഇ, എൽ ആൻഡ് ടി, ഇന്ത്യൻ റെയിൽവേ, ഡിഎംആർസി...

ബെമ്ൽ കണക്കുപുസ്തകം

∙ കേന്ദ്രം നടത്തിയ മുതൽമുടക്ക്; 23.54 കോടി രൂപ (രണ്ടു ഘട്ടങ്ങളിലായി – 1964; 6.54 കോടി, 1971; 16 കോടി)

∙ ഇതുവരെ സർക്കാരിലേക്കു നൽകിയ ലാഭവിഹിതം; 299 കോടി രൂപ

∙ കഴിഞ്ഞ പത്തു വർഷം നികുതിയിനത്തിൽ മാത്രം നൽകിയത്; 6049.89 കോടി 

∙ വാർഷിക വിറ്റുവരവ്; 8000 കോടി രൂപ

∙ കഴിഞ്ഞ 21 വർഷത്തെ ലാഭം; 2420 കോടി

∙ യന്ത്രസാമഗ്രികൾ, കെട്ടിടങ്ങൾ എന്നിവയുടെ മൂല്യം; ഏകദേശം 10000 കോടി രൂപയോളം