Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ സുരക്ഷയ്ക്ക് റഷ്യയിൽ നിന്നെത്തിയ ‘ഒളിപ്പോരാളി’

INS Sindhudhvaj INS Sindhudhvaj

രണ്ടാം ലോക മഹായുദ്ധത്തില്‍ അച്ചുതണ്ട് ശക്തികളിലെ പ്രധാനിയായ ജപ്പാന്റെ കടലിലെ ആധിപത്യം തകര്‍ക്കാന്‍ അമേരിക്ക ആശ്രയിച്ചത് അന്തര്‍വാഹനികളെയായിരുന്നു. ജപ്പാനീസ് നാവികസേനയുടെ ആയിരക്കണക്കിന് കപ്പലുകളാണ് അമേരിക്കയുടെ കടലിലെ ഈ ഒളിപ്പോരാളികള്‍ തകര്‍ത്തത്. അതുകൊണ്ടു തന്നെ ലോക രാജ്യങ്ങളിലെ നാവികസേനകളുടെ ബ്രഹ്മാസ്ത്രമാണ് അന്തര്‍വാഹനികള്‍. ഇന്ത്യന്‍ നാവികസേനയ്ക്കുമുണ്ട് നിരവധി അന്തര്‍വാഹനികള്‍. സിന്ധുഘോഷ് ക്ലാസില്‍പ്പെട്ട അന്തര്‍വാഹനികളാണ് അതില്‍ പ്രധാനി. സിന്ധുഘോഷ് ക്ലാസില്‍ പെട്ട രണ്ടാമത്തെ ഒളിപ്പോരാളിയുടെ കൂടുതല്‍ വിവരങ്ങളിലേക്ക്...

ഐഎന്‍എസ് സിന്ധുധ്വജ്

ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ കിലോക്ലാസ് വിഭാഗത്തില്‍പെട്ട 10 ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളിലൊന്നാണ് സ്വിന്ധുധ്വജ്. റഷ്യയുടെ കിലോക്ലാസ് എന്നത് സിന്ധുഘോഷ് ക്ലാസ് എന്നാക്കി ഇന്ത്യ നാമകരണം ചെയ്തു. റഷ്യ കഴിഞ്ഞാല്‍ ഇന്ത്യക്കാണ് ഏറ്റവുമധികം കിലോക്ലാസ് അന്തര്‍വാഹനികളുള്ളത്. 1987 ജൂണ്‍ 12-നാണ് ഐഎന്‍എസ് സിന്ധുധ്വജ് നാവിക സേനയുടെ ഭാഗമാകുന്നത്.

One day with submarine INS Sindhudhvaj

കണ്‍ട്രോള്‍ റൂം

അന്തര്‍വാഹിനികളുടെ ഉള്ളിലേക്ക് ഇറങ്ങുന്നത് ഫിങ്ക് എന്ന ചട്ടക്കൂടിലെ ഇടുങ്ങിയ കുഴലിലൂടെയാണ്. ഇറങ്ങി ചെല്ലുന്നത് കണ്‍ട്രോള്‍ റൂമിലേയ്ക്കും. അന്തര്‍വാഹനികളുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. വെള്ളത്തില്‍ മുങ്ങിയാല്‍ പിന്നെ പെരിസ്‌കോപ്‌സ് എന്ന ഉപകരണത്തിലൂടെയാണ് പുറം ലോകത്തെ കാണുന്നത്. എന്നാല്‍ 11 മീറ്ററില്‍ കൂടുതല്‍ വെള്ളത്തില്‍ താഴ്ന്നാല്‍ പിന്നെ ആശ്രയം സോണാര്‍ ആണ്. പുറത്ത് നിന്നുള്ള ശബ്ദങ്ങള്‍ മാത്രം പിടിച്ച് എടുക്കാന്‍ പറ്റുന്ന ഒരു സംവിധാനമാണ് സോണാര്‍. സോണാര്‍ ഉപയോഗിച്ചാണ് വെള്ളത്തിന്റെ അടിയിലെ ദിശ അറിയുന്നതും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതും. ശബ്ദ സിഗ്നലുകൾ വഴി എന്തോ ഒരു വസ്തു വെള്ളത്തിന്റെ മുകളില്‍ ഉണ്ടെന്നും, വസ്തുവിന്റെ ദിശ ഏതാണെന്നും സോണാറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. വെള്ളത്തിനടിയില്‍ അന്തര്‍വാഹിനി സഞ്ചരിക്കുന്നത് ഇലക്ട്രിക് മോട്ടര്‍ ഉപയോഗിച്ചാണ്. ഈ ഇലക്ട്രിക് മോട്ടര്‍ സ്ഥാപിച്ചിരിക്കുന്നത് മോട്ടര്‍ റൂമിലാണെങ്കിലും അതിന്റെ നിയന്ത്രണം കണ്‍ട്രോള്‍ റൂമിലുണ്ട്.

അന്തര്‍വാഹിനിയുടെ ടാങ്കുകളില്‍ വെള്ളം നിറക്കുകയും ആ വെള്ളം പുറത്തേക്ക് വിടുകയും ചെയ്യുമ്പോള്‍ ആണ് അന്തര്‍വാഹിനി മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത്. ടാങ്കുകളില്‍ വെള്ളം നിറയ്ക്കാനായി വാല്‍വുകള്‍ തുറക്കുന്നതിന്റെ നിയന്ത്രണവും കണ്‍ട്രോള്‍ റൂമില്‍ തന്നെ. 72.6 മീറ്ററാണ് സിന്ധുധ്വജിന്റെ നീളം. സമുദ്രത്തിനുമുകളിലൂടെ 10 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ നീങ്ങുന്ന സിന്ധുജോഷ് സമുദ്രത്തിന്റെ അടിത്തട്ടിലൂടെ 17 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കുതിക്കാന്‍ സാധിക്കും. 980 അടി ആഴത്തിൽ വരെ ഈ അന്തര്‍വാഹിനി മുങ്ങാന്‍ കുഴിയിടും. 13 ഓഫീസര്‍മാർ ഉള്‍പ്പെടെ 52 പേരുമായി കടലിന്റെ അടിത്തട്ടില്‍ 45 ദിവസം വരെ ഒളിച്ച് കിടക്കാനുമാകും.

അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനതത്വം

എങ്ങനെയാണ് അന്തര്‍വാഹിനികള്‍ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങാന്‍ കുഴിയിടുന്നതും തിരികെ കടലിന്റെ മുകളിലേക്ക് എത്തുന്നതും? പ്രധാനമായും രണ്ടു വലിയ ക്യാപ്‌സ്യൂളുകളാണ് അന്തര്‍വാഹിനിക്കുള്ളത്. ഇവ രണ്ടിനെയും ബെല്ലാസ് ടാങ്കുകള്‍ എന്ന അറകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. റഷ്യന്‍ നിര്‍മിത സിന്ധുദ്വജിന് 11 ബെല്ലാസ് ടാങ്കുകളുണ്ട്. ഈ ടാങ്കുകളിലേക്ക് വെള്ളം നിറയുമ്പോള്‍ ക്യാപ്‌സ്യൂളുകളുടെ ഭാരം കൂടുകയും അന്തര്‍വാഹിനികള്‍ കടലിന്റെ അടിത്തട്ടിലേക്ക് താഴുകയും ചെയ്യും. ഈ ടാങ്കുകളിലൂടെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വായു കടത്തിവിടുമ്പോള്‍ ടാങ്കുകളിലെ വെള്ളം പുറത്തുപോവുകയും അന്തര്‍വാഹിനി സമുദ്രത്തിന്റെ മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നു വരികയും ചെയ്യുന്നു. കപ്പലിനേക്കാളേറെ ഒരു വിമാനത്തോട് താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് അന്തര്‍വാഹിനിയുടെ രൂപഘടനയും പ്രവര്‍ത്തനവും.

കടലിന്റെ അടിയിലൂടെ പാഞ്ഞുപോയി കപ്പലിനെ തകര്‍ക്കുന്ന ടോര്‍പ്പിഡോകളാണ് അന്തര്‍വാഹനികളുടെ പ്രധാന ആയുധം. 300 മീറ്റര്‍ ആഴത്തില്‍ ഐഎന്‍എസ് സിന്ധുദ്വജിന് സഞ്ചരിക്കാമെങ്കിലും സുരക്ഷിതമായ ആഴം 240 മീറ്റര്‍ ആണ്. സോളാര്‍ ഉപയോഗിച്ച് ആക്രമിക്കേണ്ട കപ്പലിന്റെ ആംഗിളും ദൂരവും ദിശയും മനസിലാക്കിയതിനു ശേഷം മാത്രമാണ് ആക്രമണം. കുറ്റമറ്റ കൃത്യതയാണ് ആക്രമണത്തിന് വേണ്ടത്. അതുകൊണ്ടുതന്നെ നാല് തരത്തില്‍ ശത്രുവിന്റെ സ്ഥാനം നിര്‍ണ്ണയിക്കും. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച്, സോണാര്‍ വഴിയാണ് ഏറ്റവും പ്രധാനപ്പെട്ട ദൂര നിര്‍ണ്ണയം. പേയാന്‍ പേ എന്ന മേശയില്‍ നേരിട്ട് കണക്കുക്കൂട്ടിയും ദൂരം നിര്‍ണയിക്കും. ഇതിനു പുറമേ കമാന്‍ഡ് ടേബിളിലും കംപ്യൂട്ടറില്‍ നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ചും ദൂര നിര്‍ണയം നടത്തും. ഈ നാല് കണക്കെടുപ്പുകള്‍ ഒന്നായാല്‍ മാത്രമേ കൃത്യത ഉറപ്പാക്കി ആക്രമണം ഉണ്ടാകൂ. 18 ടോര്‍പ്പിഡോകളെ ഒരേസമയം വഹിക്കാന്‍ കരുത്തുണ്ട് സിന്ധുദ്വജിന്. ടൈപ്പ് 53 എന്ന സോവിയറ്റ് ടോര്‍പ്പിഡോകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.