ജീവിതത്തിലേക്കൊരു ബെൽറ്റിടാം

Seat Belt

കാറുകളിൽ സുരക്ഷയുടെ പ്രാഥമികപാഠം സീറ്റ് ബെൽറ്റാണ്. സീറ്റിലിരുന്നു ബെൽറ്റ് മുറുക്കിയാൽത്തന്നെ 60 ശതമാനം സുരക്ഷിതരായി. എയർബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങളുമൊക്കെ സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെൽറ്റ് കഴിഞ്ഞേയുള്ളൂ.

∙ നൂറ്റാണ്ടുകൾ: കാറുകളിൽ വന്നിട്ട് ഏതാനും ദശകങ്ങളുടെ ചരിത്രമേയുള്ളുവെങ്കിലും ലോകത്തിലെ ആദ്യ സീറ്റ്ബെൽറ്റ്  പത്തൊൻപതാം നൂറ്റാണ്ടിലെത്തി. ഇംഗ്ളണ്ടുകാരനായ ജോർജ് കയ്‌ലെ രൂപകൽപന ചെയ്ത സീറ്റ് ബെൽറ്റ് കെട്ടിയത് െെഗ്ലഡർ െെപലറ്റുമാരും ഉയരങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നവരുമായിരുന്നു. കാറുകളിലേക്കും കുതിരവണ്ടികളിലേക്കും സീറ്റ് ബെൽറ്റ് കയറിയത് 1885 ൽ അമേരിക്കയിലാണ്. വാടകവണ്ടികളുടെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയായിരുന്നു ലക്ഷ്യം.

∙ കാറിലേക്ക്: ഇന്നു കാണുന്ന തരത്തിലുള്ള, സുരക്ഷാ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ സീറ്റ് ബെൽറ്റ്  നാൽപതുകളിലും അമ്പതുകളിലും എത്തി. വോൾവോ, ഫോഡ് തുടങ്ങിയ കമ്പനികളായിരുന്നു ഈ നീക്കത്തിനു പിന്നിൽ. ഇന്നു കാണുന്ന തരം ത്രീ പോയിൻറഡ് സീറ്റ് ബെൽറ്റ് ആദ്യമായി അവതരിപ്പിച്ചതിെൻറ ബഹുമതി സ്വിഡനിൽ നിന്നുള്ള വോൾവോയ്ക്കാണ്. സീറ്റ് െബൽറ്റ് മാത്രമല്ല സുരക്ഷയുടെ പല ആദ്യ കാൽവയ്പുകളും വോൾവോയിൽ നിന്നാണെത്തിയത്.

∙  ഇന്ത്യയിൽ: വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവർക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ സുരക്ഷ നല്‍കുന്ന വാഹനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായി നിരവധി പുതിയ സുരക്ഷാമാനദണ്ഡങ്ങൾ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നു. ലോകത്തെമ്പാടുമുള്ള മികച്ച വാഹന സുരക്ഷാ രീതികൾ പഠിച്ചശേഷമാണ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ മന്ത്രാലയം ഈ മാനദണ്ഡങ്ങള്‍ കൊണ്ടു വരുന്നത്.

∙ നവീകരണം: നിർമാതാക്കളും വികസിത രാജ്യങ്ങളുടെ നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിലാണ്. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ ഏർപ്പെടുത്തുന്നതിനൊപ്പം ക്രാഷ് ടെസ്റ്റ് ലാബുകള്‍ പോലുള്ള സൗകര്യങ്ങളും നിര്‍മാതാക്കൾ ഒരുക്കിത്തുടങ്ങി. മാരുതിയാണ് ഇന്ത്യയിൽ ഇക്കാര്യത്തിൽ മറ്റു നിർമാതാക്കൾക്കു മാതൃക. ഹരിയാനയിലെ റോഹ്തക് ആര്‍ ആന്‍ഡ് ഡി സെന്ററില്‍ ഓരോ മോഡലുകളുടേയും 35 മുതല്‍ 40 വരെ കാറുകള്‍ വരെ ക്രാഷ് ടെസ്റ്റ് നടത്തി സുരക്ഷ ഉറപ്പാക്കിയാണ് നിരത്തിലെത്തിക്കുന്നത്.

∙ മരണം 1.5 ലക്ഷം: ഇന്ത്യന്‍ റോഡുകളില്‍ വർഷം 1.5 ലക്ഷം പേര്‍ അപകടങ്ങളിൽ മരിക്കുന്നു. 2020 ആകുമ്പോഴേക്കും റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം പകുതിയിൽ താഴെയെത്തിക്കാനാണ് ശ്രമം. വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക എന്ന അടിസ്ഥാന സുരക്ഷ നിയമം പാലിക്കാനായി മാരുതി പ്രത്യേക ശ്രമങ്ങൾ തുടങ്ങി. ആർ ആൻ‍ഡ് ഡി വിഭാഗം മേധാവി സി വി രാമനാണ് ചുമതല. സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വലുതാണെന്ന് പറയുന്നു. കാരണം എയര്‍ബാഗ് ഉള്ള വാഹനങ്ങളില്‍ അവ പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം.  

∙ സുരക്ഷാബെൽറ്റ്: സീറ്റ് ബെല്‍റ്റ് ധരിച്ചാൽ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 50 ശതമാനവും ഗുരുതരമായ പരിക്കുകള്‍ 45 ശതമാനവും ഒഴിവാക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍. പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം കുറയ്ക്കാം. 

∙ ജീവൻരക്ഷാ ഡമ്മി:  ക്രാഷ് ടെസ്റ്റ് നടത്തുമ്പോള്‍ വിവിധ അളവുകളിലുള്ള ഡമ്മികളാണ് അപകടത്തിന്റെ ആഘാതമറിയാൻ ലാബുകളില്‍ ഉപയോഗിക്കുന്നത്. ഉരുക്കിലും റബറിലുമുണ്ടാക്കിയ ഡമ്മികളില്‍ വിവിധ സെന്‍സറുകള്‍ ഘടിപ്പിക്കും. ബെല്‍റ്റ് ധരിക്കാത്ത ഡമ്മികളില്‍ അപകടങ്ങളുടെ ആഘാതം വളരെ കൂടുതലായിരിക്കും. 

∙ ശീലം മാറട്ടെ: സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ശീലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വലിയൊരു ശതമാനം സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ല.കര്‍ശനമായ സാഹചര്യത്തില്‍ മുന്‍ സീറ്റിലെ യാത്രക്കാരില്‍ മാത്രമായി ഒതുങ്ങുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപൂർവമാണ്. നിയമപരമായി നിർബന്ധമില്ലെങ്കിലും പിൻ സീറ്റ് യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കണം.