ആദ്യ ഇന്ത്യൻ നിർമിത സ്കൂട്ടർ കേരളത്തിൽ നിന്ന്, മലയാളികളുടെ സ്വന്തം അറ്റ്ലാന്റ
‘അറ്റ്ലാന്റ’ – കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്രവീഥികളിൽ കാലം ടയർപ്പാടുകൾ കൊണ്ടു തെളിച്ചിട്ട ഒരു സുന്ദരിയുടെ പേരായിരുന്നു ഇത്. തലയെടുപ്പിലും രൂപഭംഗിയിലും ഈ ‘പായുന്ന സുന്ദരിക്ക്’ ഒരിക്കൽ എതിരാളികളില്ലായിരുന്നു. രാജ്യത്തിന്റെ നാട്ടിടവഴികളിലൂടെ അവൾ തലങ്ങും വിലങ്ങും ഓടിയപ്പോൾ ചെറുപ്പക്കാർ കണ്ണിമ വെട്ടാതെ
‘അറ്റ്ലാന്റ’ – കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്രവീഥികളിൽ കാലം ടയർപ്പാടുകൾ കൊണ്ടു തെളിച്ചിട്ട ഒരു സുന്ദരിയുടെ പേരായിരുന്നു ഇത്. തലയെടുപ്പിലും രൂപഭംഗിയിലും ഈ ‘പായുന്ന സുന്ദരിക്ക്’ ഒരിക്കൽ എതിരാളികളില്ലായിരുന്നു. രാജ്യത്തിന്റെ നാട്ടിടവഴികളിലൂടെ അവൾ തലങ്ങും വിലങ്ങും ഓടിയപ്പോൾ ചെറുപ്പക്കാർ കണ്ണിമ വെട്ടാതെ
‘അറ്റ്ലാന്റ’ – കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്രവീഥികളിൽ കാലം ടയർപ്പാടുകൾ കൊണ്ടു തെളിച്ചിട്ട ഒരു സുന്ദരിയുടെ പേരായിരുന്നു ഇത്. തലയെടുപ്പിലും രൂപഭംഗിയിലും ഈ ‘പായുന്ന സുന്ദരിക്ക്’ ഒരിക്കൽ എതിരാളികളില്ലായിരുന്നു. രാജ്യത്തിന്റെ നാട്ടിടവഴികളിലൂടെ അവൾ തലങ്ങും വിലങ്ങും ഓടിയപ്പോൾ ചെറുപ്പക്കാർ കണ്ണിമ വെട്ടാതെ
‘അറ്റ്ലാന്റ’ – കേരളത്തിന്റെ ഓട്ടമൊബീൽ ചരിത്രവീഥികളിൽ കാലം ടയർപ്പാടുകൾ കൊണ്ടു തെളിച്ചിട്ട ഒരു സുന്ദരിയുടെ പേരായിരുന്നു ഇത്. തലയെടുപ്പിലും രൂപഭംഗിയിലും ഈ ‘പായുന്ന സുന്ദരിക്ക്’ ഒരിക്കൽ എതിരാളികളില്ലായിരുന്നു. രാജ്യത്തിന്റെ നാട്ടിടവഴികളിലൂടെ അവൾ തലങ്ങും വിലങ്ങും ഓടിയപ്പോൾ ചെറുപ്പക്കാർ കണ്ണിമ വെട്ടാതെ കാത്തുനിന്നു. ഒരിക്കലെങ്കിലും അവളെ സ്വന്തമാക്കാൻ മോഹിച്ചവർ ഏറെയായിരുന്നു, അവളുടെ നെറുകയിൽ ചുംബിക്കാൻ, അവളോടൊത്ത് നീണ്ട യാത്ര പോകാൻ ഇഷ്ടവുമായി അടുത്തു കൂടിയവരും അനവധി. അത്രയ്ക്ക് സുന്ദരിയായിരുന്നു അറ്റ്ലാന്റ എന്ന സ്കൂട്ടർ.
പുതുതലമുറയിൽപ്പെട്ടവരാർക്കും ‘അറ്റ്ലാന്റ’ എന്ന പേര് അത്ര പരിചിതമല്ല. രാത്രിയും പകലും മറന്ന്, തിരുവനന്തപുരം നഗരത്തിനു തൊട്ടു ചേർന്നുള്ള കൈമനം എന്ന സ്ഥലത്തെ കൊച്ചു ഷെഡ്ഡിലെ വർക്‌ഷോപ്പിൽ കഠിനാധ്വാനം ചെയ്ത ഒരുപിടി മനുഷ്യരുടെ തലച്ചോറിലും ചോരയിലും നീരിലും പിറവിയെടുത്തതാണ് ഇൗ പേര്. നമ്മുടെ കൊച്ചു കേരളത്തിലെ ഒരുപറ്റം സാധാരണക്കാരായ ഉത്സാഹികളുടെ, അസാധാരണ ബുദ്ധിയും സാങ്കേതികമികവും വൈദഗ്ധ്യവും ഒരുമിച്ചപ്പോൾ, പറന്നുയർന്ന, സ്കൂട്ടറിന്റെ പേരാണ് അറ്റ്ലാന്റ.
ആദ്യത്തെ ഇന്ത്യൻ നിർമിത തദ്ദേശീയ സ്‌കൂട്ടർ എന്ന വിശേഷണമാണ് അറ്റ്‌ലാന്റയ്ക്ക്. പക്ഷേ, കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ എഴുതപ്പെടാത്ത താളുകളിൽ, ഇപ്പോഴും പൊടി പിടിച്ചു കിടക്കുന്ന അറ്റ്ലാന്റയുടെ ഉയർച്ചയും താഴ്ചയുമെല്ലാം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്.
എൻ.എച്ച്. രാജ്കുമാർ ഐഎഎസ് എന്ന വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ബുദ്ധിയിൽ വിരിയുകയും, പി.എസ്. തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ കഠിനാധ്വാനത്തിലൂടെ നിർമിക്കുകയും ചെയ്ത അറ്റ്ലാന്റയെ, രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണടകൾ ചവിട്ടിക്കുഴച്ചെറിയുകയായിരുന്നു. വ്യവസായങ്ങൾക്ക് കേരള മണ്ണിൽ വളക്കൂറില്ലെന്നും, രാഷ്ട്രീയ കോമരങ്ങൾ വ്യവസായങ്ങളെ തച്ചു തകർക്കാൻ എന്നും എക്കാലവും നീല തിരശ്ശീലയ്ക്കു പിന്നിൽ ചരടുവലി തുടരുമെന്ന ‘ചരിത്ര പാഠം’ കേരളത്തിനു സമ്മാനിക്കുകയും ചെയ്ത അറ്റ്ലാന്റയുടെ ഓർമകൾക്ക് 60 വയസ്സു തികയുകയാണ്. വിടരും മുൻപേ എന്നന്നേക്കുമായി അസ്തമിച്ച ആ സുന്ദരിയുടെ കഥയിലേക്ക്.....
ഷൂ പോളിഷ് ടിൻ കൊണ്ട് സ്റ്റീം ടർബൈൻ നിർമിച്ച കുട്ടി ‘എൻജിനീയർ’
ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി (indigenous) വാഹനം രൂപകൽപന ചെയ്തു നിർമിച്ച കേരളത്തിന്റെ ശിൽപി എൻ.എച്ച്. രാജ്കുമാറായിരുന്നു. ആ എൻജിനീയറിങ് ജീനിയസിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് പ്രോജക്ട് അറ്റ്ലാന്റ എന്ന അറ്റ്ലാന്റ സ്കൂട്ടർ. കണ്ണൂർ തലശ്ശേരിയിൽ പരേതരായ ഡോ. വി. നാഗോജി റാവു–യമുന റാവു ദമ്പതികളുടെ മകനായ രാജ്കുമാർ പഠിച്ചത് വൈക്കത്തും മാവേലിക്കരയിലുമായിരുന്നു. 1935 ൽ, ഡോ. വി. നാഗോജി റാവുവിനെ തിരുവിതാംകൂർ മഹാരാജാവിന്റെ ചീഫ് ഫിസിഷ്യനായി നിയമിച്ചു. തിരുവിതാംകൂറിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസറായും തുടർ നിയമനം ലഭിച്ചു. മദ്രാസിലെ ലയോള കോളജിലായിരുന്നു രാജ്കുമാറിന്റെ പ്രീ –യൂണിവേഴ്സിറ്റി പഠനം.
സ്കൂൾ പഠനകാലത്ത്, ഷൂ പോളിഷിന്റെ ടിൻ ഉപയോഗിച്ച് സ്റ്റീം ടർബൈനും ചോറ്റുപാത്രം കൊണ്ട് ബോയിലറും നിർമിച്ചു പ്രവർത്തിപ്പിച്ച രാജ്കുമാറിലെ വിസ്മയിപ്പിക്കുന്ന എൻജിനീയറിങ് മികവ് തിരിച്ചറിഞ്ഞ അധ്യാപകരാണ്, മകനെ എൻജിനീയറിങ് പഠനത്തിനു വഴിതിരിച്ചു വിടാൻ ഡോ. നാഗോജി റാവുവിനെ ഉപദേശിച്ചത്. ഓട്ടമൊബീൽ എൻജിനീയറിങ്ങിനോടായിരുന്നു രാജ്കുമാറിന് കൂടുതൽ ഇഷ്ടം. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാർഥികളിലൊരാളായിരുന്ന രാജ്കുമാർ ഉയർന്ന മാർക്കോടെ എൻജിനീയറിങ്ങ് പാസായി. തൊട്ടു പിന്നാലെ രാജ്കുമാറിന് സർക്കാർ ഉദ്യോഗവും ലഭിച്ചു. ഡ്രെയിനേജ് ആൻഡ് വാട്ടർ വർക്സ് ഡിപ്പാർട്മെന്റിലായിരുന്നു ആദ്യ നിയമനം. ഇതിനുശേഷം വ്യവസായ–വാണിജ്യ വകുപ്പിൽ പ്രോജക്ട് ഓഫിസറായി.
പ്രോജക്ട് അറ്റ്ലാന്റ – രാജ്കുമാറിന്റെ തലച്ചോറ്
1958 ൽ, ജപ്പാനിലെ വ്യവസായങ്ങളെക്കുറിച്ചു പഠിക്കാനും ആ മാതൃകകൾ കേരളത്തിൽ പരീക്ഷിക്കുകയെന്ന ദൗത്യവുമായി കേരള സർക്കാർ രാജ്കുമാറിനെ ജപ്പാനിലേക്ക് ഒരു വർഷത്തെ പഠനത്തിനായി അയച്ചു. ജപ്പാൻ സന്ദർശിച്ച വേളയിൽ ശേഖരിച്ച അറിവിന്റെ പിൻബലത്തിലാണ് കേരളത്തിൽ സ്കൂട്ടർ ഫാക്ടറി നിർമിക്കാമെന്ന ആശയം രാജ്കുമാറിന്റെ തലച്ചോറിലുദിച്ചത്. കേരളത്തിലെ തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി നൽകുകയായിരുന്നു ഉദ്ദേശ്യം. ജപ്പാനിൽനിന്നു മടങ്ങിയെത്തിയ രാജ്കുമാർ, സ്വന്തമായി സ്കൂട്ടർ നിർമിക്കാമെന്ന ചിന്തയുടെ പണിപ്പുരയിലായിരുന്നു.
ഇറ്റലിയിൽനിന്ന് ഇറക്കുമതി ചെയ്ത പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലാംബ്രട്ട സ്കൂട്ടർ മാത്രമാണ് അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവ എൻജിനീയർ പി.എസ്. തങ്കപ്പൻ എന്ന പ്രതിഭയെ രാജ്കുമാർ കണ്ടെത്തുന്നത്. ജൂനിയർ ടെക്നിക്കൽ ഓഫിസറായി വ്യവസായ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തങ്കപ്പനിലെ എൻജിനീയറിങ് വൈദഗ്ധ്യം മുൻകൂട്ടിയറിഞ്ഞ രാജ്കുമാർ, തങ്കപ്പന് ടെക്നിക്കൽ ട്രെയിനിങ് സ്കൂളിൽ വിദഗ്ധ പരിശീലനം നൽകാൻ മുൻകൈയെടുത്തതോടെ സ്കൂട്ടർ പദ്ധതിക്കായി, ഇരുവരുടെയും മനസ്സിൽ സ്വപ്നങ്ങളുടെ ചക്രങ്ങളുരുണ്ടു.
‘‘അന്ന് ഞാൻ കുട്ടിയായിരുന്നു. രാത്രി വൈകുവോളം ഇരുന്ന് എൻജിൻ, സസ്പെൻഷൻ, ഹാൻഡിൽ ബാർ, പെട്രോൾ ടാങ്ക്, കാർബുറേറ്റർ എന്നിവയുടെ ഡിസൈൻ അച്ഛൻ തയാറാക്കുമായിരുന്നു. ഉൗണും ഉറക്കവും മറന്നായിരുന്നു അച്ഛന്റെ ജോലി...’’– രാജ്കുമാറിന്റെ മകൻ ഡോ. എച്ച്. വിനയരഞ്ജന്റെ വാക്കുകൾ. ഏറെ സമയമെടുത്ത് തയാറാക്കിയ സ്കൂട്ടറിന്റെ ഡിസൈൻ, രാജ്കുമാർ, തന്റെ വിശ്വസ്തനായ എൻജിനീയർ പി.എസ്. തങ്കപ്പനു കൈമാറി. ഗിയർ ഇല്ലാത്ത സ്കൂട്ടർ നിർമിക്കുകയായിരുന്നു രാജ്കുമാറിന്റെ ഉദ്ദേശ്യം. ശ്രമകരമായ ആ ദൗത്യത്തിൽ രാജ്കുമാറും തങ്കപ്പനും വിജയിച്ചു. രാജ്യത്ത് ആദ്യത്തെ പരീക്ഷണം കൂടിയിരുന്നു ഗിയർലെസ് സ്കൂട്ടർ.
28 ഇരുമ്പു പണിക്കാരും സ്കൂട്ടറിന്റെ പിറവിയും
രാജ്കുമാറിന്റെ സ്വപ്നപദ്ധതി എത്രയും വേഗം പ്രാവർത്തികമാക്കുകയായിരുന്നു തങ്കപ്പന്റെ മുന്നിലെ വെല്ലുവിളി. 1960 ൽ തിരുവനന്തപുരം നഗരത്തിനു സമീപം കൈമനത്ത് ഒരു കൊച്ച് ഷെഡ് നിർമിച്ചാണ് സ്കൂട്ടർ നിർമാണ പദ്ധതിക്ക് ഇരുവരും തുടക്കമിട്ടത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് രാജ്കുമാറും തങ്കപ്പനും പദ്ധതി മുന്നോട്ടു നയിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇരുമ്പു മുതലുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കടുത്ത നിയന്ത്രണങ്ങളുള്ള കാലം. സ്കൂട്ടർ പദ്ധതിക്കായി വ്യവസായ വകുപ്പിനു കീഴിൽ ഒരു ട്രേഡ് സ്കൂളും തങ്കപ്പൻ തുടങ്ങിയതോടെ പദ്ധതിയുടെ വേഗം സ്പീഡോമീറ്ററും കടന്നു. ആധുനിക യന്ത്രങ്ങളൊന്നും അന്നില്ലായിരുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുത്ത 28 പരമ്പരാഗത ഇരുമ്പു പണിക്കാർക്ക്, യന്ത്രഭാഗങ്ങളുടെ ഉപയോഗം ഉൾപ്പെടെ സാങ്കേതിക പരിശീലനം നൽകിയാണ് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമത്തെ രാജ്കുമാറും തങ്കപ്പനും നേരിട്ടത്. ഇരുമ്പു പണിക്കാരുടെ കഠിന പ്രയത്നത്തോടെ, ആദ്യ സ്കൂട്ടറിന്റെ മാതൃക 1960 ൽ നിർമിച്ചു. പൂർണമായും കേരളത്തിൽത്തന്നെ നിർമിച്ച സ്കൂട്ടറിന്റെ കാർബുറേറ്റർ മാത്രം ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്തു.
‘പായുന്ന സുന്ദരി’യും ഇന്ദിരാഗാന്ധിയും
സ്കൂട്ടറിന്റെ ആദ്യ പ്രോട്ടോ ടൈപ് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്യൂണിറ്റി എൻജിനീയറിങ് വർക്സ് എന്ന ഫാക്ടറിയിൽനിന്ന് 1961 ൽ പുറത്തിറങ്ങി. 2 കിർലോസ്കർ ഡെഡ് സെന്റർ ലെയ്ത്ത് മെഷീൻ, ( kirloskar dead centre lathe machine), ഒരു ഫ്രിറ്റ്സ് വെർണർ മില്ലിങ് മെഷീൻ (Fritzwerner milling maching), ഒരു ഷെയ്പിങ് മെഷീൻ (Shaping machine), ഒരു രാജ്കോട്ട് പവർ പ്രസ് (Rajkot power press) എന്നിവയാണ് പ്രോട്ടോ ടൈപ് നിർമിക്കാൻ ഉപയോഗിച്ച പ്രധാന യന്ത്രഭാഗങ്ങൾ. ഇവ കൂടാതെ സ്വന്തമായി സർഫസ് ഗ്രൈൻഡിങ് മെഷീനും (Surface grinding machine) പവർ ഹാമർ മെഷീനും നിർമിച്ചു. പിസ്റ്റൺ എക്സൻട്രിക് ഗ്രൈൻഡിങ് (Piston eccentric grinding) ഉൾപ്പെടെ പ്രധാന ജോലികൾ കൈകൾ കൊണ്ടാണു ചെയ്തത്. മണിക്കൂറിൽ 60 കിലോമീറ്റർ സ്പീഡിൽ കുതിക്കുന്ന അറ്റ്ലാന്റയ്ക്ക് 40 കിലോമീറ്റർ മൈലേജ് ലഭിച്ചിരുന്നു. തന്റെ ഭാവനയിൽ വിരിഞ്ഞ വാഹനത്തിന്, ‘പായുന്ന സുന്ദരി’ എന്ന് അർഥം വരുന്ന അറ്റ്ലാന്റ എന്ന പേരും പദ്ധതിയുടെ ഉപജ്ഞാതാവു കൂടിയായ രാജ്കുമാർ സമ്മാനിച്ചു.
വ്യവസായികാടിസ്ഥാനത്തിൽ സ്കൂട്ടറുകൾ നിർമിക്കാനുള്ള ലൈസൻസ് സ്വന്തമാക്കുകയായിരുന്നു രാജ്കുമാറിന്റെ ഉദ്ദേശ്യം. ഇതിനുള്ള ആദ്യ പടിയായി തന്റെ മാതൃകാ സ്കൂട്ടർ, ട്രെയിനിൽ കയറ്റി തങ്കപ്പൻ വശം ഡൽഹിയിലെത്തിച്ചു. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. പി.കെ. വാസുദേവൻ നായരും, പാലക്കാട് എംപി ആയിരുന്ന ബാലചന്ദ്രമേനോനും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കി. ഡൽഹിയുടെ നിരത്തുകളിലൂടെ സ്കൂട്ടർ ഓടിച്ചാണ്, പി.എസ്. തങ്കപ്പൻ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
സർദാർജിയെ കയറ്റിയിട്ടും അറ്റ്ലാന്റ കുലുങ്ങിയില്ല!
ഓട്ടമൊബീലുകളിൽ താൽപര്യവും സാമാന്യ പരിജ്ഞാനവുമുണ്ടായിരുന്ന ഇന്ദിരാഗാന്ധി, തങ്കപ്പനോട് വാഹനത്തിലെ ചില ഭാഗങ്ങൾ അഴിച്ചു മാറ്റാനും ഓരോ പാർട്സിന്റെയും പ്രവർത്തനതത്വം വിശദീകരിക്കാനും ആവശ്യപ്പെട്ടു. ശ്രദ്ധയോടെ എല്ലാം കേട്ടു ബോധ്യപ്പെട്ടശേഷം ഇതേപ്പറ്റി കൂടുതൽ പഠിക്കാനും സാങ്കേതികവിദ്യ വിലയിരുത്താനുമായി 28 പേരടങ്ങുന്ന കാബിനറ്റ് കമ്മിറ്റി ഫോർ ടെക്നിക്കൽ അഫയേഴ്സിനും ഇന്ദിരാഗാന്ധി രൂപം നൽകി. വിദഗ്ധ സമിതി അംഗങ്ങൾ തങ്കപ്പനുമായി പല ദിവസങ്ങളിലായി ചർച്ചകൾ നടത്തി. വിശദമായ റോഡ് ടെസ്റ്റും നടത്തി. തടിയനായ ഒരു സർദാർജിയെ സ്കൂട്ടറിനു പിന്നിലിരുത്തിയുള്ള ഒരു യാത്രയായിരുന്നു അവസാന കടമ്പ. സർദാർജിയെയും കൊണ്ട് തങ്കപ്പൻ, ഡൽഹിയിലെ തിരക്കേറിയ നിരത്തുകളിലൂടെ ‘പറന്നപ്പോൾ’ ഇന്ദ്രപ്രസ്ഥത്തിലെ സാങ്കേതിക വിദഗ്ധർക്ക് അദ്ഭുതം. 1967 ൽ ഇന്ദിരാഗാന്ധി സർക്കാർ, സ്കൂട്ടറിന്റെ ഡിസൈൻ അംഗീകരിക്കുകയും, പ്രതിവർഷം 25,000 സ്കൂട്ടറുകൾ നിർമിക്കാനുള്ള അനുമതിയും നൽകി. അറ്റ്ലാന്റയെ ഇന്ത്യൻ നിരത്തുകളിൽ ഇറക്കാനുള്ള അംഗീകാരവും ഇതോടൊപ്പം നൽകി. സ്പീഡോ മീറ്റർ ഘടിപ്പിച്ചെങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കൂ എന്ന നിർദേശത്തെ തുടർന്ന് സ്പീഡോ മീറ്ററും കൈമനത്തെ ഫാക്ടറിയിൽത്തന്നെ നിർമിച്ചു. പ്രോട്ടോ ടൈപ് മോഡലിൽ ഫ്രണ്ട് ബ്രേക്ക് ഉണ്ടായിരുന്നില്ല. വിദഗ്ധ സമിതിയുടെ നിർദേശത്തെ തുടർന്ന് ഫ്രണ്ട് ബ്രേക്കും ഘടിപ്പിച്ചു.
‘‘Your scooter and your Thankappan behaved well..’’
ഒരു യുവ എൻജിനീയർ ഒറ്റയ്ക്ക് ഇന്ത്യൻ നിർമിത സ്കൂട്ടറുമായി എത്തി, വിജയകരമായി അനുമതി നേടിയത് ഇന്ദിരാഗാന്ധിയെ അദ്ഭുതപ്പെടുത്തി. ഏറെ താൽപര്യത്തോടെയാണ്, സ്കൂട്ടർ പ്രോജക്ടിനെ ഇന്ദിരാഗാന്ധി കണ്ടത്. ‘‘Your scooter and your Mr. Thankappan have behaved well...’’എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു കേരളത്തിലെ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിക്ക്, സ്കൂട്ടർ അംഗീകരിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം എത്തിയത്. ഇത് രാജ്കുമാറിനും തങ്കപ്പനും വിലപ്പെട്ട അംഗീകാരമായി.
രഞ്ജൻ മോട്ടർ കമ്പനിയുടെ പിറവി
ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്ത് സ്കൂട്ടർ നിർമാണം വിപുലീകരിക്കാൻ രാജ്കുമാർ ശ്രമിച്ചെങ്കിലും തുടക്കത്തിൽത്തന്നെ അതു പരാജയപ്പെട്ടു. തോൽവി സമ്മതിക്കാതെ, ‘രഞ്ജൻ മോട്ടർ കമ്പനി’ എന്ന പേരിൽ രാജ്കുമാർ സ്വന്തമായി കമ്പനി റജിസ്റ്റർ ചെയ്തു. മക്കളായ അനിൽ രഞ്ജന്റെയും, വിനയൻ രഞ്ജന്റെയും പേരുകൾ ചേർത്തായിരുന്നു കമ്പനിക്കു പേരിട്ടത്.
തിരുവിതാംകൂർ രാജകുടുംബം 2 ലക്ഷം രൂപയുടെ ആദ്യ ഷെയർ വാങ്ങി. മൊത്തം 5 ലക്ഷം രൂപ ആയിരുന്നു മൂലധനം. ഫൈബർ നിർമിതമായിരുന്നു സ്കൂട്ടറിന്റെ ബോഡി. വർഷം 22,500 സ്കൂട്ടറുകൾ പുറത്തിറക്കുവാനുള്ള ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് മദ്രാസിലും ഹൈദരാബാദിലും കൊൽക്കത്തയിലും വിൽപനകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. 1,500 രൂപയായിരുന്നു സ്കൂട്ടറിന്റെ വില. ലീറ്ററിന് 40 കിലോമീറ്ററായിരുന്നു സ്‌കൂട്ടറിന്റെ മൈലേജ്. കൈമനത്ത് ചെറിയ ഫാക്ടറിയും പ്രവർത്തനം ആരംഭിച്ചു. തദ്ദേശീയരായ സമർഥരായ തൊഴിലാളികൾക്ക് ജോലി നൽകുകയായിരുന്നു രാജ്കുമാറിന്റെ ലക്ഷ്യം. ഗിയർ ഇല്ലാത്ത ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ആയിരുന്നു സ്കൂട്ടറിൽ ഉപയോഗിച്ചിരുന്നത്.
സ്റ്റാർട്ടിങ് ട്രബിൾ
ചെന്നൈയിലും, കൊൽക്കത്തയിലും ബെംഗളൂരുവിലും കമ്പനി ഡീലർഷിപ് ഷോറൂമുകൾ തുടങ്ങി. സ്കൂട്ടറുകൾ വൻതോതിൽ നിർമിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഹൈദരാബാദ്, ഗുണ്ടൂർ, കർണാടക എന്നിവിടങ്ങളിലേക്കും അയച്ചെങ്കിലും, വിൽപന പ്രതീക്ഷിച്ചപോലെ വിജയകരമായില്ല. 8000 സ്കൂട്ടറുകളാണ് നിർമിച്ചത്. ഈ സമയം രാജ്കുമാറിനെ, കേരള സ്റ്റേറ്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കോർപറേഷനിൽ സ്പെഷൽ ഓഫിസറായി നിയമിച്ചു. തൊഴിൽരഹിതരായ എൻജിനീയർമാർക്കും, ഐടിഐ കോഴ്സ് പാസായവർക്കും രാജ്കുമാർ ജോലി നൽകി. രാഷ്ട്രീയത്തിന്റെ വിത്തുകൾ രഞ്ജൻ മോട്ടർ കമ്പനിയിൽ ഇതിനിടെ മുളപൊട്ടിയിരുന്നു. തൊഴിലാളി തർക്കങ്ങൾ തുടർക്കഥയായതോടെ, രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാനും അണിയറ നീക്കം തുടങ്ങി. സഹകരണ മേഖലയിലൊരു സ്കൂട്ടർ ഫാക്ടറി എന്ന ഉദ്ദേശ്യത്തോടെ കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീഷ്യൻസ് (വർക്‌ഷോപ്) കോ ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ എൻകോസ് (ENCOS) ആണ് രഞ്ജൻ മോട്ടർ കമ്പനിയെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നത്.
തകർച്ചയുടെ പുകക്കുഴലുകൾ
ഏറെ പ്രതീക്ഷയോടെയാണ് കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീഷ്യൻസ് (വർക്‌ഷോപ്) ഇൻഡസ്ട്രിയൽ സൊസൈറ്റിയാണ് സഹകരണ മേഖലയിൽ, കേരളത്തിലൊരു സ്കൂട്ടർ ഫാക്ടറി സ്ഥാപിക്കുകയെന്ന സംരംഭവുമായി മുന്നോട്ടു വന്നത്. തൊഴിൽരഹിതരായ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായിരുന്നു ഇത്. അഭ്യസ്തവിദ്യരുടെ ഇടയിലെ തൊഴിലില്ലായ്മ നിർമാർജനം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. സഹകരണ മേഖലയിലെ കേരളത്തിൽ ആദ്യമായൊരു സ്കൂട്ടർ ഫാക്ടറി എന്നതായിരുന്നു ഇവർ മന്നോട്ടു വച്ചത്. പ്രതിവർഷം 1000 സ്കൂട്ടറുകൾ ഈ ഫാക്ടറിയിൽനിന്നു പുറത്തിറക്കാനായിരുന്നു ലക്ഷ്യം. സർക്കാർ ധനസഹായം, ഷെയറുകൾ, ദേശസാൽകൃത ബാങ്കുകളിൽനിന്നുള്ള വായ്പ എന്നിവയിലൂടെയാണ് മൂലധനം സ്വരൂപിക്കാൻ സൊസൈറ്റി ഉദ്ദേശിച്ചിരുന്നത്.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന രഞ്ജൻ മോട്ടർ കമ്പനി എന്ന സ്കൂട്ടർ ഫാക്ടറി ഏറ്റെടുത്ത് വികസിപ്പിക്കണമെന്നായിരുന്നു എൻകോസിന്റെ തീരുമാനം. വിദേശ സഹകരണം കൂടാതെ ഫാക്ടറിയുടെ വികസനത്തിന് 69 ലക്ഷം രൂപയുടെ പദ്ധതിയാണ് സംഘം അംഗീകരിച്ചത്. ഈ തുകയിൽ 10 ലക്ഷം രൂപ ജീവനക്കാരുടെ ഓഹരിയായും, ബാക്കിയുള്ള 59 ലക്ഷം രൂപയിൽ ഭൂരിഭാഗം കേരള സ്റ്റേറ്റ് വ്യവസായ വികസന കോർപറേഷനും നൽകുമെന്നായിരുന്നു ധാരണ. ശേഷിക്കുന്ന തുക ബാങ്കുകളിൽനിന്നു സമാഹരിക്കാൻ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. രഞ്ജൻ മോട്ടർ കമ്പനി ഏറ്റെടുക്കുന്നതിനായി കേരള സർക്കാർ 7 ലക്ഷം രൂപ നൽകാനും ധാരണയായി. രഞ്ജൻ മോട്ടർ കമ്പനിക്കു ലഭിച്ച ലൈസൻസ് പ്രകാരം, സ്കൂട്ടറുകൾ നിർമിക്കുന്ന പ്രക്രിയ തുടരുമ്പോൾത്തന്നെ ആലപ്പുഴയിൽ അതിന്റെ ഭാഗമായി ഒരു സ്കൂട്ടർ അസംബ്ലിങ് യൂണിറ്റും ആരംഭിക്കാനും തീരുമാനിച്ചു. 1971ൽ രഞ്ജൻ മോട്ടർ കമ്പനി, എൻകോസ് ഏറ്റെടുത്തു. ഇതോടെ രാജ്കുമാർ കമ്പനി വിട്ടു. ഇതിനിടെ ഈ സംരംഭം ഏറ്റെടുക്കാൻ വ്യവസായ പ്രമുഖൻ ബിർള താൽപര്യം കാട്ടിയെങ്കിലും, അന്നു കേരളത്തിലെ വ്യവസായ മന്ത്രി ഇത് ശക്തമായി എതിർത്തതോടെ അതും ഫലം കണ്ടില്ല. കേരളത്തിലെ വ്യവസായം നാടു കടക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നായിരുന്നു മന്ത്രി അന്നു പറഞ്ഞ ന്യായം.
സ്വദേശി സ്കൂട്ടർ,‘മെയ്ഡ് ഇൻ കേരള’
തൊഴിൽരഹിതരായ എൻജിനീയർമാരുടെ സഹകരണസംഘം ഇതിനിടെ 500 സ്കൂട്ടർ നിർമിച്ചു. പ്രതിവർഷം 25,000 സ്കൂട്ടർ എന്നതാണു സംഘത്തിന്റെ നിർമാണലക്ഷ്യം. സംഘത്തിൽ 75 എൻജിനീയർമാരുമുണ്ടായിരുന്നു. ഇന്ത്യൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ചു നിർമിച്ച ‘അറ്റ്ലാന്റ’ എന്ന സ്കൂട്ടർ 1976 ൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ മുൻപാകെ പ്രദർശിപ്പിച്ചു. അറ്റ്ലാന്റ എന്ന പേര് മാറ്റാനും കേരളീയ നാമം നൽകാനും എൻകോസ് തീരുമാനിച്ചു. നികുതിക്കു പുറമേ 2,300 രൂപ വില വരുന്ന സ്കൂട്ടറിന് മണിക്കൂറിൽ 70 കിലോമീറ്റർ സ്പീഡ് കിട്ടുമെന്നും ഒരു ലീറ്റർ പെട്രോൾ ഉപയോഗിച്ച് 40 കിലോമീറ്റർ ഓടുമെന്നുമായിരുന്നു എൻജിനീയർമാരുടെ സഹകരണ സംഘത്തിന്റെ അവകാശവാദം. സ്കൂട്ടറിന്റെ 75 ശതമാനവും തികച്ചും ഇന്ത്യൻ സാധന സാമഗ്രികളായിരുന്നു. കാർബുറേറ്റർ തുടങ്ങി ഇന്ത്യയിലല്ലാത്തവ മാത്രമാണ് ഇറക്കുമതി ചെയ്തത്.
അറ്റ്ലാന്റയ്ക്കൊരു ‘ചരമഗീതം’
100 ശതമാനം ഇന്ത്യൻ യന്ത്രസാമഗ്രികൾ കൊണ്ട് സ്കൂട്ടർ നിർമിക്കാൻ കഴിയുമെങ്കിൽ കേരളത്തിൽ ഒരു സ്കൂട്ടർ നിർമാണശാല സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യവസായ വികസന മന്ത്രി ഫക്രുദീൻ അലി അഹമ്മദ് ലോക്സഭയിൽ ഉറപ്പു നൽകി. കേരള സ്റ്റേറ്റ് എൻജിനീയറിങ് ടെക്നീഷ്യൻസ് (വർക് ഷോപ്) ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാപ്പനംകോട്ടു സ്ഥാപിച്ച സ്കൂട്ടർ ഡിവിഷന്റെ ഉദ്ഘാടനം അന്നത്തെ ഗവർണർ വി. വിശ്വനാഥനായിരുന്നു നിർവഹിച്ചത്. സൊസൈറ്റിയുടെ കീഴിൽ ആദ്യം പ്രവർത്തിക്കുന്നതാണ് സ്കൂട്ടർ ഡിവിഷൻ. പാപ്പനംകോട്ടെ സ്കൂട്ടർ യൂണിറ്റിൽനിന്നു 2–3 വർഷത്തിനുള്ളിൽ പ്രതിവർഷം 3,000 സ്കൂട്ടറുകൾ പുറത്തിറക്കാനായിരുന്നു പരിപാടി.
ഇതിനിടെ സർക്കാർ ഇടപെട്ട് സംരംഭം ഏറ്റെടുത്തു. കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് (കെഎഎൽ) എന്ന് പുനർനാമകരണം ചെയ്യുകയും, ആറാലുംമൂട്ടിലേക്ക് മാറ്റുകയും ചെയ്തു. കെടുകാര്യസ്ഥതയും, രാഷ്ട്രീയ ഇടപെടലുകളും തൊഴിൽതർക്കവും തുടർക്കഥയായതോടെ ‘അറ്റ്ലാന്റയെ’ കേരളത്തിന്റെ വ്യവസായ ചരിത്രത്തിന്റെ മണ്ണിൽ കുഴി വെട്ടി മൂടി.
അവഗണനയുടെ ടോപ് ഗിയറുകൾ
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തത് എൻ.എച്ച്. രാജ്കുമാറായിരുന്നു. പാപ്പനംകോട്ടെ സിഎസ്ഐആർ, കെൽട്രോൺ എന്നിവയുടെ രൂപീകരണത്തിനും മുന്നിൽ നിന്നു. കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് ആറാലുംമൂട്ടിൽ സ്ഥാപിക്കാൻ മുഖ്യ പങ്കു വഹിച്ചെങ്കിലും ഉദ്ഘാടന ചടങ്ങിൽ പോലും രാജ്കുമാറിനെ ക്ഷണിച്ചില്ല. രാഷ്ട്രീയക്കളിയുടെ ഭാഗമായിരുന്നു ഈ അവഗണന. ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടറായും ഡിപ്പാർട്മെന്റ് സെക്രട്ടറിയായും രാജ്കുമാർ സേവനം അനുഷ്ഠിച്ചു. മികച്ച സേവനം കണക്കിലെടുത്ത് ഐഎഎസും കൺഫർ ചെയ്തു. 2005 മാർച്ച് 27 ന് രാജ്കുമാർ അന്തരിച്ചു. 2010 ൽ ഭാര്യ മീരയും മരിച്ചു. രാജ്കുമാർ–മീര ദമ്പതികൾക്ക് 2 മക്കൾ: പരേതനായ അനിൽ രഞ്ജൻ, ഡോ. എച്ച്. വിനയ് രഞ്ജൻ (എംഡി, കൈമനം ഡോ. വി.എൻ. റാവു മെമ്മോറിയൽ ക്ലിനിക്). ഉഷാ രഞ്ജനാണ് അനിൽ രഞ്ജന്റെ ഭാര്യ. ഡോ. അനിതയാണ് ഡോ. വിനയ് രഞ്ജന്റെ ഭാര്യ.
രഞ്ജൻ മോട്ടർ കമ്പനിയിലും പിന്നീട് എൻകോസിലും വർക്സ് മാനേജരായി പ്രവർത്തിച്ച പി.എസ്. തങ്കപ്പൻ, വ്യവസായ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്നു. 1978 ൽ ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ സ്ഥാപിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചു. പിന്നീട് ഈ സ്ഥാപനത്തിന്റെ എംഡിയായി. 1984 ൽ വിരമിക്കുമ്പോൾ വ്യവസായ വകുപ്പിൽ അഡീഷനൽ ഡയറക്ടറായിരുന്നു തങ്കപ്പൻ. വിരമിച്ച ശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ ടെക്നിക്കൽ കൺസൾറ്റന്റായും പ്രവർത്തിച്ചു. 2011 നവംബർ 30 ന് തങ്കപ്പൻ അന്തരിച്ചു.
ഭാര്യ: ശാന്ത. മക്കൾ: സത്യാ ദേവി, ഗായത്രി ദേവി, ഹരിശങ്കർ (എൻജിനീയറിങ് പ്രോജക്ട് മാനേജർ ദുബായ്). ചെന്നൈയിലെ പ്രശസ്ത ആർട്ടിസ്റ്റായിരുന്ന കെ. മാധവന്റെ മകളാണ് ശാന്ത.
അച്ഛന്റെ സ്കൂട്ടർ ഇപ്പോഴും സൂക്ഷിക്കുന്ന മകൻ
അച്ഛൻ രാജ്കുമാർ വീട്ടിലേക്കു കൊണ്ടുവന്ന അറ്റ്ലാന്റ സ്കൂട്ടർ (KLT 5732) മകൻ ഡോ. എച്ച്. വിനയ് രഞ്ജൻ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു. പെയിന്റടിച്ച് വീണ്ടും സുന്ദരിയാക്കിയ സ്കൂട്ടർ ഇപ്പോഴും നല്ല കണ്ടീഷനിലാണ്. അച്ഛൻ ഉപയോഗിച്ച മോറിസ് മൈനർ (1952 മോഡൽ) കാറും ഡോ. വിനയ് രഞ്ജന്റെ വീട്ടിലുണ്ട്. ‘‘അച്ഛന്റെ ഓർമക്കൂടാരങ്ങളാണ് ആ സ്കൂട്ടറും കാറും. അവ എന്റെ വിലപ്പെട്ട നിധികളാണ്. എന്റെ അച്ഛൻ എനിക്കു സമ്മാനിച്ച നിധികൾ. എന്റെ മരണം വരെ അതു ഞാൻ സൂക്ഷിക്കും. കാര്യങ്ങൾ നേരെ ചൊവ്വേ നടത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. തെറ്റായ വഴികൾ അദ്ദേഹത്തിന് അന്യമായിരുന്നു. ഒരു മന്ത്രിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നപ്പോൾ, അദ്ദേഹത്തിനു കീഴിൽ ജോലി ചെയ്യാൻ കഴിയില്ലെന്നും വേറെ ഏതെങ്കിലും വകുപ്പിലേക്ക് മാറ്റണമെന്നും അദ്ദേഹത്തോടു നേരിട്ടു പറഞ്ഞ വ്യക്തിയായിരുന്ന എന്റെ അച്ഛൻ.
അച്ഛൻ കഠിനാധ്വാനിയായിരുന്നു. ആത്മാർഥതയുള്ളവനായിരുന്നു. സത്യസന്ധനുമായിരുന്നു. വളഞ്ഞ വഴികൾ അദ്ദേഹത്തിന് അറിയില്ല. ജർമനിയെയും ജപ്പാനെയും പോലെ ഇന്ത്യയും വ്യാവസായികമായി വളരണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു അച്ഛൻ. പക്ഷേ, എന്തുകൊണ്ടോ അദ്ദേഹത്തെ രാജ്യം അറിയാതെ പോയി...’’–ഡോ. വിനയ് രഞ്ജൻ പറയുന്നു.
‘‘അർഹതയ്ക്കുള്ള അംഗീകാരം രാജ്കുമാർ സാറിനും എന്റെ അച്ഛൻ പി.എസ്. തങ്കപ്പനും ലഭിച്ചിരുന്നോ എന്ന് സംശയമാണ്. എങ്കിലും കേരള വ്യവസായ സംസ്കാരത്തിന്റെ കരുത്തും കഴിവും തെളിയിച്ച ശേഷമാണ് ഇരുവരും കളമൊഴിഞ്ഞത്. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ടെക്നോക്രാറ്റായിരുന്നു രാജ്കുമാർ സാർ.’’
തങ്കപ്പന്റെ മകൻ ഹരിശങ്കറിന്റെ വാക്കുകൾ.
English Summary: Know More About Atlanta Scooters