പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജൻ, പുറന്തള്ളുന്നത് ചൂടും വെള്ളവും മാത്രം
ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജൻ. കഴിഞ്ഞ 10 വർഷമായി വിവിധ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ നിരത്തുകളിലുണ്ട്. കേരളത്തിലും അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ എത്തിയേക്കും. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇതേക്കുറിച്ചു പ്രഖ്യാപനമുണ്ടായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും (സിയാൽ) ഇന്ത്യൻ
ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജൻ. കഴിഞ്ഞ 10 വർഷമായി വിവിധ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ നിരത്തുകളിലുണ്ട്. കേരളത്തിലും അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ എത്തിയേക്കും. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇതേക്കുറിച്ചു പ്രഖ്യാപനമുണ്ടായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും (സിയാൽ) ഇന്ത്യൻ
ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജൻ. കഴിഞ്ഞ 10 വർഷമായി വിവിധ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ നിരത്തുകളിലുണ്ട്. കേരളത്തിലും അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ എത്തിയേക്കും. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇതേക്കുറിച്ചു പ്രഖ്യാപനമുണ്ടായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും (സിയാൽ) ഇന്ത്യൻ
ഭാവിയുടെ ഇന്ധനമാണ് ഹൈഡ്രജൻ. കഴിഞ്ഞ 10 വർഷമായി വിവിധ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ നിരത്തുകളിലുണ്ട്. കേരളത്തിലും അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ എത്തിയേക്കും. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇതേക്കുറിച്ചു പ്രഖ്യാപനമുണ്ടായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെയും (സിയാൽ) ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സഹകരണത്തോടെ കെഎസ്ആർടിസി 10 ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിനായി സർക്കാർ 10 കോടി രൂപ ധനസഹായം നൽകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളതാപനമെന്ന വലിയ വിപത്തിനും അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കുമൊക്കെ കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങൾ നമ്മുടെ നിരത്തുകളിലെത്തുമെങ്കിൽ അതൊരു വിപ്ലവമായി മാറും. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ നമ്മൾ ലോകത്തിനു തന്നെ മാതൃകയാകും. എന്നാൽ, ഇതത്ര എളുപ്പമല്ല. വലിയ പണച്ചെലവ് ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ മറികടക്കേണ്ടതുണ്ട്.
മുൻപേയുണ്ട് പദ്ധതി
ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാൻ കേരളം പദ്ധതിയിട്ടിട്ട് രണ്ടു വർഷമായി. 2021 പകുതിയോടെ എറണാകുളം– തിരുവനന്തപുരം റൂട്ടിൽ 2 ഹൈഡ്രജൻ ബസുകൾ ഓടിക്കാനായി സർക്കാർ കഴിഞ്ഞ വർഷം തന്നെ പദ്ധതി തയാറാക്കിയിരുന്നു. ഈ വർഷം ഒക്ടോബറോടെ 50 ബസുകൾ നിരത്തിലിറക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ബസുകൾ ഓടിച്ച് സാധ്യതാപഠനം നടത്തി ഓരോ മാസവും റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഗവേഷക സംഘത്തെയും ചുമതലപ്പെടുത്തി. അനേർട്ട്, കെഎസ്ഇബി, കേരള ഓട്ടമൊബീൽസ് എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു. എന്നാൽ, പദ്ധതി നീണ്ടുപോവുകയാണ് ചെയ്തത്. ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി ലഭിക്കാത്തതും ഉയർന്ന നിലവാരമുള്ള ഹൈഡ്രജന്റെ ലഭ്യതക്കുറവുമായിരുന്നു ഇതിനു കാരണം. കൂടാതെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വലിയ മുതൽമുടക്കും ആവശ്യമുണ്ടായിരുന്നു.
ഇനിയെന്ത്?
ബജറ്റിൽ പ്രഖ്യാപനം വന്നതോടെ പദ്ധതി വീണ്ടും സജീവമായിട്ടുണ്ട്. മുൻപ് ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിൽ നിന്ന് ഹൈഡ്രജൻ സ്വീകരിക്കാമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വെള്ളത്തിൽ നിന്ന് ഇലക്ട്രോലിസിസ് പ്രക്രിയ വഴി ഉൽപാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഉയർന്ന നിലവാരമുള്ളത്. ഇതാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾക്ക് ആവശ്യമുള്ളതും. ഇതിനായി കൊച്ചിയിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഹൈഡ്രജൻ ഉൽപാദിക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ടെൻഡർ വിളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഉയർന്ന നിലവാരമുള്ള ഹൈഡ്രജൻ ഉൽപാദിപ്പിക്കാനാണു ലക്ഷ്യം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം– കൊച്ചി റൂട്ടിൽ ഹൈഡ്രജൻ ബസുകൾ ഓടിക്കാനാണു പദ്ധതി.
സിയാലിന്റെ സഹകരണത്തോടെയാണ് ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിലുൽപാദിപ്പിക്കുന്ന സൗരോർജം ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ചാൽ ചെലവ് കുറയ്ക്കാം. ഓരോ നാട്ടിലെയും കാലാവസ്ഥ അനുസരിച്ച് ഹൈഡ്രജൻ വാഹനങ്ങളുടെ പ്രവർത്തനം വ്യത്യാസപ്പെടുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന ബസുകളുടെ ഇത്തരം പ്രത്യേകതകൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും പഠനത്തിനു നേതൃത്വം നൽകുന്ന ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ പ്രഫസർ ഡോ.എം.മോഹനൻ പറയുന്നു.
ഹൈഡ്രജനാണു താരം
ഫോസിൽ ഇന്ധനങ്ങൾക്കു പകരമെന്തെന്ന ചോദ്യത്തിന് ശാസ്ത്രസാങ്കേതിക മേഖല ഉത്തരം തേടാൻ തുടങ്ങിയിട്ട് ഒട്ടേറെ കാലമായി. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളും മറ്റും ഇതിനു പരിഹാരമായി എത്തിയിട്ടുമുണ്ട്. എന്നാൽ, ഹൈഡ്രജനോളം പോന്ന ഒരു പകരക്കാരൻ ഫോസിൽ ഇന്ധനങ്ങൾക്കില്ല. ലോകമെമ്പാടുമായി 400ഓളം ഹൈഡ്രജൻ ബസുകൾ ഇപ്പോൾ ഓടുന്നുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ നടക്കുന്ന ഇലക്ട്രോ– കെമിക്കൽ രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതോർജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്. വൈദ്യുതോർജത്തിൽ ഒരു ഭാഗം ബാറ്ററിയിൽ ശേഖരിക്കുന്നു. ലോഡ് വർധിക്കുമ്പോൾ ഇവ ഉപയോഗിക്കും. ചൂടും വെള്ളവും മാത്രമാണ് ഇതിന്റെ ഉപോൽപന്നങ്ങളായി പുറത്തേക്കു വരുന്നത്.
ഉയർന്ന കാര്യക്ഷമതയും പെട്ടെന്നു റീഫ്യുവൽ ചെയ്യാമെന്നതുമാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ പ്രത്യേകത. വെള്ളം വിഘടിപ്പിച്ചു ഹൈഡ്രജൻ സൃഷ്ടിക്കുന്ന ഇലക്ട്രോലിസിസ് രീതിയാണെങ്കിൽ ‘ക്ലീൻ’ ഇന്ധനം ലഭിക്കും. ഫോസിൽ ഇന്ധനങ്ങളിൽ നിന്നു വ്യത്യസ്തമായി പുനരുപയോഗിക്കാവുന്ന ഊർജമാണ് ഹൈഡ്രജൻ. ഹൈഡ്രജൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നു കാർബൺ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങൾ പുറംതള്ളില്ല. ഉയർന്ന ഊർജക്ഷമതയാണ് മറ്റൊരു പ്രത്യേകത. കിലോഗ്രാമിനു 130 മെഗാജ്യൂളാണ് ഹൈഡ്രജന്റെ ഊർജസാന്ദ്രത. എന്നാൽ 46 മെഗാജ്യൂൾ മാത്രമാണ് ഡീസലിന്റെ ഊർജസാന്ദ്രത.
ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി ചാർജ് ചെയ്യാൻ 30 മിനിറ്റ് മുതൽ രണ്ടു മണിക്കൂർ വരെയെടുക്കുമെങ്കിൽ ഹൈഡ്രജൻ നിറയ്ക്കാൻ 7മിനിറ്റ് മതി. പമ്പുകളിൽ നിന്നു പെട്രോളോ ഡീസലോ നിറയ്ക്കുന്നതിനു സമാനമാണിത്. ബാറ്ററികളെക്കാൾ കുറഞ്ഞ സ്ഥലം മതി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾക്ക്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ഭാരം കുറയ്ക്കാൻ സാധിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഉയർന്ന ചെലവും സുരക്ഷാഭീഷണിയുമൊക്കെയാണ് പ്രതികൂലഘടകങ്ങൾ. എന്നാൽ, കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതും സാങ്കേതികവിദ്യകളിലെ വികാസവും ഇവ തരണ ചെയ്യാൻ സഹായിക്കും.
തുടക്കത്തിൽ ചെലവേറെ
ഒരു ഹൈഡ്രജൻ ബസിന് 2 കോടി മുതൽ 3 കോടി രൂപ വരെ വിലയുണ്ട്. ഇലക്ട്രിക് ബസുകളെക്കാൾ ഏറെ ഉയർന്ന തുകയാണിത്. നിലവിൽ ഒരു കിലോഗ്രാം ഹൈഡ്രജൻ ഉൽപാദിപ്പിക്കണമെങ്കിൽ ശരാശരി 140 രൂപ ചെലവുണ്ട്. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെ മാത്രം ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ഇതിലധികം ചെലവുണ്ടാകും. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ പോകാം. ബസുകളാകുമ്പോൾ ഈ ദൂരം വീണ്ടും കുറയും. ഹൈഡ്രജൻ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതും അത്ര എളുപ്പമല്ല. സുരക്ഷിതമായ ചാർജിങ് സ്റ്റേഷനുകൾക്കും ചെലവേറെയാണ്. 300 മുതൽ 700 ബാർ മർദത്തിലാണ് ഹൈഡ്രജൻ സൂക്ഷിക്കുന്നത്. എന്നാൽ, കൂടുതൽ ഹൈഡ്രജൻ വാഹനങ്ങൾ വിപണിയിലെത്തുമ്പോൾ ഈ ചെലവുകളെല്ലാം കുറയുമെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിലുണ്ടോ ഹൈഡ്രജൻ ബസുകൾ ?
2018ൽ മുംബൈയിൽ ടാറ്റ മോട്ടോഴ്സും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്ന് ഹൈഡ്രജൻ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) ഡൽഹി– ജയ്പൂർ റൂട്ടിൽ ഹൈഡ്രജൻ ബസ് ഓടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഇതു നടന്നിട്ടില്ല. എന്നാൽ, കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ ഒട്ടേറെ സ്ഥാപനങ്ങളിൽ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ ഇന്ത്യയിൽ കാണാൻ സാധിക്കുമെന്നുറപ്പ്.
English Summary: Hydrogen Fuel Cell Vehicles