കഴിഞ്ഞയാഴ്ച ഇന്ത്യൻ ബിസിനസ് ലോകം കണ്ണു തുറന്നതു ആകാശക്കാഴ്ചയിലേക്കാണ്. ബെംഗളൂരു യെലഹങ്കയിലെ ഇന്ത്യൻ വ്യോമസേനാ കേന്ദ്രത്തിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലേക്ക്. 14 മുതൽ 18 വരെ യെലഹങ്കയിൽ നടന്ന ആകാശ കാർണിവലിനു സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണെത്തിയത്. ഒപ്പം ടാറ്റ, അംബാനി തുടങ്ങിയ ഇന്ത്യൻ ബിസിനസ് ലോകത്തെ വൻകിടക്കാരും. പുതിയ കൈകോർക്കലുകൾ പ്രതീക്ഷിച്ച് ഒട്ടേറെ സ്റ്റാർട്ടപ് സംരംഭകരും ഇത്തവണ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ സംഗമത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ചു പൊതുജനങ്ങൾക്കു കൂടുതൽ കാഴ്ചകൾക്ക് അവസരം ലഭിച്ചുവെന്നതായിരുന്നു ഇത്തവണത്തെ പ്രദർശനത്തിന്റെ പ്രധാന ആകർഷണം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച തദ്ദേശീയ പോർവിമാനം തേജസ്, സ്വീഡിഷ് കമ്പനിയായ സാബിന്റെ മൾട്ടിറോൾ ഫൈറ്റർ ഏയർക്രാഫ്റ്റ് ഗ്രിപ്പൻ എന്നിവയുടെ കോക്പിറ്റിൽ നിന്നു വിശദാംശങ്ങൾ കാണാനും ചിത്രങ്ങളെടുക്കാനും നീണ്ട ക്യൂവായിരുന്നു എയ്റോ ഇന്ത്യയിൽ.
മുൻവർഷത്തെ അപേക്ഷിച്ചു പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായതു ഉയർന്നതു തന്നെ എയ്റോ ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന എയ്റോ ഷോയിൽ2015ൽ 33 രാജ്യങ്ങളാണു പങ്കെടുത്തിരുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങൾക്കാണു കൂടുതൽപ്പേരും ശ്രദ്ധ നൽകിയത്.
തലയ്ക്കു മുകളിൽ ഉരുക്കു പക്ഷികൾ വട്ടമിട്ടു പറക്കുന്ന രസകരമായ കാഴ്ചകളായിരുന്നു ഏറ്റവും വലിയ ആകർഷണം. സുഖോയ് 30, തേജസ്, മിറാഷ്, ഹോക്ക് എച്ച്എഎല്ലിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ രുദ്ര, ലഘു യുദ്ധ കോപ്റ്റർ എൽസിഎച്ച്, ഫ്രഞ്ച് കമ്പനി ദസ ഏവിയേഷന്റെ റഫേൽ, സാബിന്റെ ഗ്രിപ്പൻ, ബോയിങ്ങിന്റെ എഫ് 18, ചരക്കു വിമാനമായ സി-17 ഗ്ലോബ് മാസ്റ്റർ തുടങ്ങിയ വിമാനങ്ങൾ ആകാശത്തു കാഴ്ചയൊരുക്കി.
എയ്റോബിക് ഷോയായിരുന്നു മറ്റൊരു ആകർഷണം. വിമാനങ്ങൾക്കു മുകളിൽ അഭ്യാസപ്രകടനം തീർത്ത സ്കൈകാറ്റ് മുതൽ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ വരെയുള്ള കമ്പനികൾ ഇതിൽ അണിനിരന്നു. കോടികളുടെ ബിസിനസ് ഇടപാടുകളാണ് എയ്റോ ഇന്ത്യയുടെ ഭാഗമായി ഒപ്പുവച്ചത്. ഇതിന്റെ വിശദമായ കണക്കുകൾ വരും ദിവസങ്ങളിൽ പുറത്തെത്തും.
കൂടുതൽ വിദേശ കമ്പനികൾ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗായി വിവിധ പദ്ധതികൾ അവതരിപ്പിച്ചതും രാജ്യത്തിനു നേട്ടമായി. എയ്റൊസ്പേസ്, ഡിഫൻസ്, സിവിൽ ഏവിയേഷൻ ആൻഡ് എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡിഫൻസ് എൻജീനീയറിങ് തുടങ്ങി വേറിട്ട മേഖലയിലെ ലോകകമ്പനികളാണ് പ്രദർശനത്തിനെത്തിയത്.
കേന്ദ്രമന്ത്രി രാജ്യപ്രതാപ് റൂഡി റഫേൽ വിമാനം പറത്തിയതും എയ്റോ ഷോയിൽ കണ്ടു. വ്യോമസേനാ മേധാവി ഏയർചീഫ് മാർഷൽ ബി.എസ്. ധനോവ തേജസ് യുദ്ധവിമാനത്തിന്റെ കോക്പിറ്റിൽ പറന്നതിനും എയ്റോ ഇന്ത്യ സാക്ഷ്യം വഹിച്ചു.
എയ്റോ ബാറ്റിക്സിൽ പെൺകരുത്ത്
വിമാനചിറകുകളിൽ നടന്ന് കാണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്ന മൂന്നു സുന്ദരികൾ. അന്ന ലുങ്ബർഗ്, വിക്ടോറിയ സ്മാർസ്, ഹെല്ല സ്റ്റിനിങ് എന്നിവർ. എയ്റോ ഇന്ത്യയിൽ ഏറ്റവും കയ്യടി കിട്ടിയ എയ്റോബാറ്റിക്സ് പ്രകടനങ്ങളിനൊന്ന് ഇവരുടേതായിരുന്നു. സ്വീഡനിൽനിന്നുള്ള സ്കാൻഡിനേവിയൻ എയർഷോ ടീമിന്റെ ഭാഗമായിരുന്നു ഈ സ്കൈകാറ്റ് സംഘം.
ഗർമ്മൻ എജി-കാറ്റ് വിമാനത്തിന്റെ രണ്ടു ചിറകുകളാണ് രണ്ടു പേരുടെ നിൽപ്പ്. സ്പോർട്സ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന സ്റ്റിനിങ് ഒരു സ്കൈഡൈവർ കൂടിയാണ്. 2015ലെ എയ്റോ ഇന്ത്യയിൽ കാഴ്ചക്കാരിയായി എത്തിയ ലുങ്ബർഗ് ഇത്തവണ സ്കൈകാറ്റ് ടീമിൽ ഭാഗമാണെന്നതാണ് മറ്റൊരു ആകർഷണം. കഴിഞ്ഞ തവണ സ്കൈകാറ്റ് സംഘത്തിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടതോടെയാണു സംഘത്തിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തിയത്. പാരച്യൂട്ടോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയാണ് ഇവർ സ്കൈവാക്ക് നടത്തുന്നത്.
ആറു വർഷത്തിനു ശേഷം ഇന്ത്യൻ വ്യോമസേനയുടെ എയ്റോബാറ്റിക്സ് സംഘം സൂര്യകിരൺ വീണ്ടുമെത്തിയതായിരുന്നു ഇത്തവണത്തെ മറ്റൊരു ആകർഷണം. ആറ് ഹോക്ക് വിമാനങ്ങളായിരുന്നു ഇവരുടെ പ്രകടനം. വിവിധ ഫോർമേഷനുകളിലായി ഇവർ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ നിറഞ്ഞ കയ്യടി നിറഞ്ഞു. മുൻപു സൂര്യകിരൺ അഭ്യാസ ടീമിൽ ഉൾപ്പെടുത്തിയിരുന്ന കിരൺ മാർക്ക്-2 ട്രെയിനർ വിമാനങ്ങൾ വ്യോമസേനാ പൈലറ്റുമാരുടെ പരിശീലനത്തിന് ഉപയോഗപ്പെടുത്താനായാണ് 2011ൽ ടീം പിരിഞ്ഞത്.
നിലവിൽ അടിസ്ഥാന പരിശീലന വിമാനമായി പിലാറ്റ്യൂസ് പിസി-ഏഴ് വിമാനങ്ങൾ വ്യോമസേന ഏറ്റെടുത്തതോടെ സൂര്യകിരൺ വീണ്ടുമെത്തുകയായിരുന്നു. ഇവർക്കൊപ്പം ഹെലികോപ്റ്ററിൽ വിവിധ പ്രകടനങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ സാരങ് സംഘവുമെത്തി. യുകെയുടെ ഈവോൾവ്കോസ് എയറോബാറ്റിക് സംഘവും ഇത്തവണ എയ്റോ ഇന്ത്യയിൽ കാണികളുടെ മനം കവരാൻ എത്തിയിരുന്നു.
ഇന്ത്യയുടെ സ്വന്തം ചാരവിമാനം
ചാരക്കണ്ണുകളുമായി ഇന്ത്യയുടെ സ്വന്തം ആകാശ നിരീക്ഷണ വിമാനം വ്യോമസേനയ്ക്കു സ്വന്തം. യെലഹങ്ക വ്യോമസേനാ കേന്ദ്രത്തിൽ എയ്റോ ഇന്ത്യയുടെ ഉദ്ഘാടന ദിവസമാണ് ഡിആർഡിഒ നിർമിച്ച പുതിയ സാങ്കേതിക വിദ്യ സേനയ്ക്കു കൈമാറിയത്. എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം(എഇഡബ്യൂ ആൻഡ് സി- അവാക്സ്) ബെംഗളുരുവിലെ സെന്റർ ഫോർ എയർബോൺ സിസ്റ്റത്തിലാണു വികസിപ്പിച്ചെടുത്തത്. ബ്രസീൽ വിമാനകമ്പനിയായ എംബ്രയറിന്റെ ഇഎംബി- 145 വിമാനത്തിലാണു പുതിയ സാങ്കേതിക വിദ്യ ഘടിപ്പിച്ചിരിക്കുന്നത്.
റഡാറന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരത്തിൽ നിരീക്ഷണം നടത്താൻ ഇതിനു സാധിക്കും.
നിലവിൽ ഇസ്രായേലിൽ നിന്നുള്ള നിരീക്ഷണ സംവിധാനമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. പ്രൈമറി സർവയലൻസ് റഡാർ(പിആർ), ഐഡന്റിഫിക്കേഷൻ ഫ്രണ്ട്(ഫോ), ഇലക്ട്രോണിക് സപ്പോർട്ട് മെഷേഴ്സ്(ഇഎസ്എം), കമ്യൂണിക്കേഷൻ സപ്പോർട്ട് മെഷേഴ്സ്(സിഎസ്എം) തുടങ്ങി ഒട്ടേറെ നിരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. അവാക്സിലെടുക്കുന്ന ചിത്രങ്ങളും മറ്റു വിവരങ്ങളും കൈമാറാനുള്ള ഗ്രൗണ്ട് എക്സ്പ്ലോയിറ്റേഷൻ സ്റ്റേഷനും(ജിഇഎസ്) ഇതിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഒരു മൊബൈൽ യൂണിറ്റായി തയാറാക്കിയിരിക്കുന്ന ജിഇഎസ് എവിടെയും സ്ഥാപിക്കാമെന്നതാണ് പ്രത്യേകത.
ഹെലി ആംബുലൻസ്
ആദ്യ ഇന്ത്യൻ ഹെലി ആംബുലൻസുമായി എയർബസ്. ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി തയാറാക്കിയ ഹെലികോപ്റ്റർ ആംബുലൻസാണു ഏയർ ബസ് എയ്റോ ഇന്ത്യ ഷോയിൽ അവതരിപ്പിച്ചത്. എയർബസ് എച്ച്130 ഹെലികോപ്റ്ററിൽ പ്രത്യേക എമർജൻസി മെഡിക്കൽ കെയർ സംവിധാനങ്ങളും മറ്റുമുണ്ട്. ബെംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഏവിയേറ്റേഴ്സ് എയർ റസ്ക്യൂ എന്ന കമ്പനിയുടെ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസസസിന്റെ ഭാഗമായാണ് ഇതു പ്രവർത്തിക്കുക. കമ്പനിയ്ക്കു നിലവിൽ മൂന്ന് എച്ച്130 കോപ്റ്ററുകളാണുള്ളത്.
ഹെലി ആംബുലൻസ് സർവീസിനുള്ള ചട്ടങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) പുറത്തിറക്കിയിരുന്നു. സിംഗിൾ എൻജിനുള്ള ഹെലികോപ്റ്ററിൽ രണ്ടു പൈലറ്റുമാർ ഉണ്ടാകണമെന്നു പുതിയ ചട്ടം പറയുന്നു. ഇതനുസരിച്ചുള്ള സംവിധാനങ്ങളോടു കൂടിയ ഹെലികോപ്റ്ററാണ് ഏയർ ബസ് നൽകുന്നത്.