കിടിലൻ വണ്ടികളുടെ തകർപ്പൻ ലുക്കിലുള്ള പടങ്ങൾ. ഒറ്റത്തവണ നോക്കിയാൽ പിന്നെ അതിനങ്ങ് അഡിക്ട് ആയിപ്പോകും നമ്മൾ. സൂക്ഷിച്ചുനോക്കിയാൽപ്പോലും പലപ്പോഴും മനസ്സിലാവില്ല അവ മിനിയേച്ചർ വണ്ടികളാണെന്ന്. അത്രയ്ക്കു രസകരമായാണ് ആ വാഹനങ്ങളെ അർജുൻ തോമസ് എന്ന ഫൊട്ടോഗ്രഫർ ക്യാമറയിലാക്കിയത്. എൻജിനീയറാണ് അർജുൻ. അയാളുടെ ഹൃദയം പക്ഷേ, കുഞ്ഞൻവണ്ടികൾ നിരന്ന വലിയൊരു ഫ്രെയ്മാണ്.
അർജുൻ ഇന്നോളം പകർത്തിയ വണ്ടിച്ചിത്രങ്ങളെല്ലാം ഒന്നു കണ്ടാൽ പിന്നെ നമ്മുടെ കണ്ണിനുള്ളിൽനിന്ന് അവ പോവില്ല. കാരണം ചില വീടുകളുടെ ഷോക്കേസുകൾക്കുള്ളിലിരുന്നു ചിരിച്ച ചില്ലുകൊണ്ടുള്ള കുഞ്ഞന്‍ കളിപ്പാട്ടങ്ങളുടേതു പോലെ ഭംഗിയും കൗതുകവുമുണ്ട് ആ ചിത്രങ്ങൾക്ക്. വണ്ടികളുടെ മിനിയേച്ചർ രൂപത്തിനു പിന്നാലെ ക്യാമറയും കൊണ്ടു നടന്ന അർജുന്റെ യാത്ര ഫിഫ വരെയെത്തി നിൽക്കുകയാണ്.
ഡല്‍ഹി മെട്രോ റെയിൽവേയിലെ ജോലിയും പിന്നെ ഡെറാഡൂണിലെ പഠനവും അതിനിടയിൽ അമേരിക്കയിൽ ജോലിയുമെല്ലാം വന്നുചേർന്നുവെങ്കിലും അർജുന് ഹരം ഫൊട്ടോഗ്രഫിയാണ്. അമേരിക്കയിൽ ജോലിക്കു പോകാനുള്ള ഇടവേളയ്ക്കിടെ റ്റ്യൂസ്ഡേ ലൈറ്റ്സ് എന്നു പേരിട്ടൊരു ഫൊട്ടോഗ്രഫി സൈറ്റും തുടങ്ങി. കളിപ്പാട്ടങ്ങളുടെ മാത്രമല്ല, എല്ലാത്തരം ഫൊട്ടോഗ്രഫിയും ചെയ്യും. പക്ഷേ സമൂഹ മാധ്യമങ്ങളിലും മറ്റും അര്‍ജുന് ശ്രദ്ധ നേടിക്കൊടുത്തത് വാഹനങ്ങളുടെ മിനിയേച്ചറുകളുടെ ചിത്രങ്ങളാണ്. കുട്ടിക്കാലംതൊട്ടുള്ള കളിപ്പാട്ടപ്രിയം മുതിർന്നിട്ടും മാറിയില്ല. അങ്ങനെ മൂന്നു വർഷം മുൻപാണ്, കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത ടോയ് ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞത്.
യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിലായിരുന്നു അർജുന്‍ എംടെക് ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ഹിലറി ക്ലിന്റണും കൂടി പങ്കാളിത്തമുള്ള കോളജിന്റെ നിർമാണ രീതി അർജുന്റെ ഫൊട്ടോഗ്രഫി ഭ്രമത്തിനു പറ്റിയ ഇടമായിരുന്നു. കയ്യിലുണ്ടായിരുന്ന കളിപ്പാട്ടങ്ങളൊക്കെ കോളജിന്റെ പലയിടങ്ങളിലായി വച്ച് അര്‍ജുൻ ഫോട്ടോകളെടുത്തു തുടങ്ങി. പഠനത്തിൽ കിട്ടിയ സ്റ്റൈപൻഡൊക്കെ ഇങ്ങനെ കളിപ്പാട്ടങ്ങൾ വാങ്ങിക്കൂട്ടാനേ തികഞ്ഞിരുന്നുള്ളൂ. ഹോസ്റ്റൽ റൂം നിറയെ കാറും ബൈക്കുമൊക്കെയായിരുന്നു. ഒട്ടേറെ ഫോട്ടോസ്റ്റോറികൾ അവിടെ വച്ച് ചെയ്യുകയുമുണ്ടായി. അന്നേ മനസ്സില്‍ കുറിച്ചിട്ടതാണ് എന്നെങ്കിലുമൊരിക്കൽ ഈ വാങ്ങിക്കൂട്ടുന്ന ടോയ്‍സിന്റെയൊക്കെ ഒഫിഷ്യൽ ഫൊട്ടോഗ്രഫർ ആകണമെന്ന്.
അങ്ങനെയാണ് ഒരു ലംബോര്‍ഗിനി (1/10) റിമോട്ട് കൺട്രോളർ കാറും വാങ്ങി ഹിമാചൽ പ്രദേശ് പോലുള്ള മലനാടുകളിലേക്ക് പോയി ചിത്രങ്ങൾ എടുത്തത്. കുഞ്ഞു സാധനങ്ങളെ ഫോട്ടോയാക്കി പിന്നെയതു വലുതാക്കുമ്പോൾ കാണാൻ നല്ല രസമാണ്. ആ കാഴ്ചയാണ് അർജുനെ ഏറെ ആകർഷിച്ചത്. അർജുന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണവും കിട്ടി. ഈ ചിത്രങ്ങൾ കണ്ട് പലരും പരീക്ഷണത്തിനുമിറങ്ങി. ഇന്ത്യയിൽ അന്നോളം ഇത്തരത്തിലൊരു പരീക്ഷണം അധികമാരും ചെയ്തിട്ടുണ്ടായിരുന്നില്ല. അർജുന്റെ ചിത്രങ്ങൾ പുറത്തുവന്ന് അഞ്ചു മാസം കഴിഞ്ഞ് ഒരു വിദേശ ഫൊട്ടോഗ്രഫർ ഇതേ കാര്യം ചെയ്തപ്പോൾ അതു വലിയ വാർത്തയായി. സ്വന്തം നാട്ടിൽ അതിനിത്രയൊന്നും അംഗീകാരം കിട്ടാത്തതിന്റെ വിഷമത്തിലിരിക്കുമ്പോഴാണ് അർജുന് പ്രശസ്ത കളിപ്പാട്ട നിർമാണക്കമ്പനി മൈസ്റ്റോയിൽ നിന്ന് വിളി വരുന്നത്. അർജുന്റെ ചിത്രങ്ങളെല്ലാം അവർക്കിഷ്ടപ്പെട്ടുവെന്നും ഔദ്യോഗിക വെബ്സൈറ്റിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കോട്ടേയെന്നും ചോദിക്കാനായിരുന്നു അത്. കുറേ നാൾ മൈസ്റ്റോയ്ക്കു വേണ്ടി അർജുൻ ഫോട്ടോയെടുത്തു.
ട്രാവൽ, ടോയ്സ് ഫോട്ടോഗ്രാഫർ ആകുകയെന്നതാണ് അർജുന്റെ ഏറ്റവും വലിയ സ്വപ്നം. പഠനകാലത്ത് ചിത്രങ്ങളെടുക്കാൻ കളിപ്പാട്ടങ്ങളുമായുള്ള യാത്ര ബസിലായിരുന്നു പിന്നെയത് 97 മോഡൽ റോയൽ എൻഫീൽഡിലായി. ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളുടെ പശ്ചാത്തലത്തിൽ കളിപ്പാട്ടങ്ങളുടെ ചിത്രമെടുക്കുകയെന്ന ആഗ്രഹത്തിനു പിന്നാലെയാണ് ഇപ്പോൾ അർജുൻ. യാത്രയിലെ അടുത്ത ലക്ഷ്യം ലഡാക്കാണ്, മഞ്ഞുമൂടിയ മലനിരകളിലും നദീതീരങ്ങളിലും ലംബോർഗിനിയും ആസ്റ്റൻ മാർട്ടിനും ഫെരാരിയും ഡ്യൂക്കാറ്റിയുമൊക്കെ പോസ് ചെയ്യുന്നതു ക്യാമറയിലാക്കാൻ.