ഇരുചക്രവാഹനം ഒട്ടുമിക്ക ആളുകളുടേയും ജീവിതത്തിൽ ഒഴിച്ചു കൂട്ടാനാവാത്ത ഘടകമാണ്. ചിലർ ഹരത്തിന് വേണ്ടി ഇരുചക്രം ഓടിക്കുമ്പോള്‍ മറ്റു ചിലർക്ക് തങ്ങളുടെ ജീവിതത്തിന്റേയും ജോലിയുടേയും ഭാഗം തന്നെയാണ് ഇരുചക്രവാഹനങ്ങൾ. എന്നാൽ സ്വന്തം സുരക്ഷയുടെ കാര്യം ഇരുചക്രവാഹനത്തിലെ യാത്രികർ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ് ചെയ്യാറ്. ഹെൽമെറ്റ് ധരിച്ചാൽ എല്ലാം ആയി എന്നാണ് പൊതുവേയുള്ള ധാരണ. എന്‍ജിൻ ഓണാക്കുക, ഹെൽമറ്റ് ധരിക്കുക, കൈകൊടുത്ത് വണ്ടി പറപ്പിക്കുക എന്ന നിലയിൽ നിന്ന് ഇന്ന് ഏറെ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും സഹായിക്കുന്ന ചില ആക്സസറീസുകൾ പരിചയപ്പെടുത്തുകയാണിവിടെ.
മൊബൈൽ ചാർജർ മുതൽ അവശ്യ സാധനങ്ങൾ വരെ ഇന്നു ഇരുചക്രവാഹനങ്ങളിൽ ദൃശ്യമാണ്. ഓരോരുത്തരുടെയും റൈഡിങ് രീതിക്ക് അനുസരിച്ചും ആവശ്യമായ ആക്സസറീസുകളിൽ വ്യതിയാനം ഉണ്ട്.
ഹെൽമറ്റ് - ഏതൊരു ഇരുചക്രവാഹന യാത്രികനും ഉറപ്പായും ഉണ്ടായിരിക്കേണ്ട ആക്സസറിയാണു ഹെൽമറ്റ്. തലയോളം പ്രാധാന്യമേറിയ മറ്റൊരു അവയവമില്ലെന്നതു പോലെ ഹെൽമറ്റോളം സുരക്ഷയേകുന്ന മറ്റൊരു ആക്സസറീസുമില്ല. ഓപ്പൺ ഫെയ്സ്, ഫുൾ ഫെയ്സ്, മോട്ടോക്രോസ്, മോഡുലർ, ജർമൻ സ്റ്റൈൽ തുടങ്ങി വ്യത്യസ്ത തരം ഹെൽമറ്റുകൾ വിപണിയിൽ ലഭ്യമാണ്.
ബാലെക്ലാവ്സ് - അന്തരീക്ഷ മലിനീകരണവും പൊടിക്കാറ്റും പ്രതിരോധിക്കാൻ സഹായകമായ ഈ ആക്സസറി നഗരയാത്രക്ക് തികച്ചും ഉപയുക്തമാണ്.
ഗ്ലൗവ്സ്- ഹാൻഡിലുകളിൽ കൂടുതൽ ഗ്രിപ്പുനൽകുന്ന ആക്സസറിയാണു കൈയ്യുറകൾ (ഗ്ലൗവ്സ്). വിരലുകൾക്കു സപ്പോർട്ട് നൽകുന്ന കൈയ്യുറകളിന്നു ലഭ്യമാണ്. തുകൽനിർമിത കൈയ്യുറകളും വിപണിയിൽ ലഭ്യമാണ്. കൈപ്പത്തി മുഴുവൻ മൂടുന്ന കൈയ്യുറകൾക്കാണു യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത. മോട്ടോക്രോസ് റൈഡറുടെ ലുക്ക് ലഭിക്കുന്നു എന്നതിനാലാണിത്.
ജാക്കറ്റ് - സുരക്ഷ തന്നെയാണ് ജാക്കറ്റുകളുടെ പ്ലസ് പോയിന്റ്. സുരക്ഷാ പാഡുകൾ ക്രമീകരിക്കാൻ പ്രത്യേക സ്ലോട്ടുകൾ ലഭ്യമായ ജാക്കറ്റുകൾ ഇന്നു ലഭ്യമാണ്.
സുരക്ഷാ പാഡുകൾ - കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയ്ക്കു പുറമെ ജാക്കറ്റിൽ നൽകിയിരിക്കുന്ന സ്ലോട്ടിൽ വയ്ക്കാവുന്ന വ്യത്യസ്തതരം സുരക്ഷാപാഡുകൾ ഇന്നു വിപണിയിലുണ്ട്.
പാന്റ്സ് - ലെതർ പാന്റ്സ് മുതൽ റൈഡിങ് ജീന്‍സുകൾ വരെ നീളുന്നു ഇരുചക്ര യാത്രികര്‍ക്കായുള്ള പാന്റ്സിന്റെ നിര. ഇവർക്കായി പ്രത്യേകം തയ്യാറാക്കിയ ടെക്സ്റ്റൈൽ പാന്റ്സുകളും റേസ് പാന്റുകളുമുണ്ട്.
ബൂട്ട് - റൈഡിങ് ബൂട്ട്, റേസ് ബൂട്ട്, ടൂറിങ് ബൂട്ട്സ്, ക്രൂയിസർ ബൂട്ട്സ് എന്നിവയാണ് ലഭ്യമായ പ്രധാന ബൂട്ടുകൾ.
സാഡിൽ ബാഗ്/ബോക്സ് - ബാക്ക്പാക്കുമായി ദീർഘദൂരം യാത്ര ചെയ്യുന്നത് ക്ലേശകരമാണ്. മാത്രമല്ല അവ യാത്ര ക്ലേശമേറിയതാക്കിയേക്കാം. സാഡിൽ ബാഗ്സ്/ബോക്സ് ഇതിനൊരുത്തമ പരിഹാരമാണ്. ബാക്ക് പാക്കിൽ കൊള്ളുന്നതിലുമധികം സാധനങ്ങൾ ഇതിൽ നിറയ്ക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
മൊബൈൽ ചാർജർ - സ്മാർട്ഫോൺ നിങ്ങളുടെ സന്തതസഹചാരിയാണെങ്കിൽ മൊബൈൽ ചാർജറും ഇരുചക്രവാഹനത്തിലുണ്ടായിരിക്കണം.
ഹൈഡ്രേഷൻ പായ്ക്- ദീർഘദൂരയാത്രയിൽ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതിനായി നിർത്തുന്ന സമയം ലാഭിയ്ക്കാൻ ഹൈഡ്രേഷൻ പായ്ക്കുകൾ സഹായിക്കും. ദീർഘദൂരയാത്രികർക്കും റേസ് ഡ്രൈവർക്കും അത്യാവശ്യം വേണ്ട ഒന്നാണു ഹൈഡ്രേഷൻ പായ്ക്.
എയർ പംപ് - ഓഫ് റോഡ് യാത്ര പദ്ധതിയിടുന്നുണ്ടെങ്കിൽ തീർച്ചയായും കരുതേണ്ട ഒന്നാണ് എയർ പംപ്.
ബൂട്ട് കവർ - ജലത്തിന്റെ ആക്രമണത്തിൽ നിന്നും ബൂട്ടിനെ രക്ഷിക്കാൻ ബൂട്ട് കവർ സഹായിക്കും.
മൊബൈൽ ഹോൾഡർ - നഗരയാത്രികർക്കും സാഹസിക യാത്രികർക്കും ഒരുപോലെ ഉപകാരപ്രദമാണു മൊബൈൽ ഹോൾഡർ. വാഹനം നിർത്തി ഇറങ്ങുമ്പോൾ മൊബൈൽ പോക്കറ്റിലാക്കാൻ മറക്കാതിരിക്കുക.
ടാങ്ക് ബാഗ് - പോയിന്റ് ആൻഡ് ഷൂട്ട് ക്യാമറ പോലുള്ള ആക്സസറീസുകൾ കൊണ്ടുപോകുന്നതിന് ടാങ്ക് ബാഗ് സഹായിക്കും.
ഹെൽമറ്റ് ബാഗ് - ഹെൽമറ്റിനെ പൊടിയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിന് ഹെൽമറ്റ് ബാഗ് ഉപയോഗപ്രദമാണ്.
നീ ഗാർഡ് - കാൽമുട്ടുകളുടെ സംരക്ഷണ ചുമതല വഹിക്കാൻ നീഗാർഡിനോളം (Knee Guard) പോന്ന മറ്റൊരു ആക്സസറീസില്ല. പാന്റ്സിനുള്ളിലോ പുറത്തോ ആയി ധരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സാഹസിക യാത്രികർക്ക് ഏറെ സഹായകം.
ടൂൾ കിറ്റ് - യാത്രയിൽ സംഭവിക്കാൻ സാധ്യതയുള്ള ചെറുതകരാറുകൾ, പഞ്ചർ എന്നിവ പരിഹരിക്കുന്നതിനായി പഞ്ചർ സ്പ്രേ, പ്രാഥമിക സുരക്ഷാകിറ്റ്, ചെറുസ്പാനറുകൾ എന്നിവയടങ്ങിയ ടൂൾകിറ്റ് കരുതുക.
കമ്മ്യൂണിക്കേഷൻ സിസ്റ്റം - സംഘമായി യാത്ര ചെയ്യുന്ന അവസരത്തിൽ ഏറ്റവും ഉപകാരമാവുന്ന ഒന്നാണിത്. ഹെൽമറ്റിൽ ഘടിപ്പിക്കാവുന്ന ഇത് റേഡിയോയുമായി ബന്ധപ്പെടുത്തി അധികദൂരം അകലെയല്ലാത്ത സംഘാംഗങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കും. സ്മാർട്ഫോണുമായി ബ്ലൂടൂത്തിലൂടെ കണക്ട് ചെയ്ത് ഹാൻഡ്ഫ്രീ ആയും ഇതുപയോഗിക്കാം.
Photoshoot Location: Auto Queen @ Kaloor, Kochi - Ph +91-484-4046340