നിങ്ങൾ ക്ഷമയുള്ള ഡ്രൈവറാണോ?

പലരും ‘നല്ല ട്രാഫിക് സംസ്കാരം’ പാലിക്കാത്തവരായി മാറിക്കഴിഞ്ഞു. റോഡിൽ അൽപം സംസ്കാരമുള്ളവരാകാൻ ഇനിയെങ്കിലും ശീലിച്ചേ മതിയാകൂവെന്ന് പലരുടെയും വാഹനയാത്ര കണ്ട് പലർക്കും തോന്നിയിട്ടുണ്ടാകാം. യാത്ര ചെയ്യുന്ന ഓരോരുത്തരെയും കാത്ത് ഒരു കുടുംബം ഉണ്ട് എന്നതു വാഹനവുമായി പുറത്തിറങ്ങുന്നവർ മറക്കരുത്. ഒരു മിനിറ്റിനെ ഓടി തോൽപിക്കാൻ ഡ്രൈവർ നടത്തിയ ശ്രമം ഇല്ലാതാക്കുന്നത് പല ജീവനുകളുമാണ്, പല ജീവിതങ്ങളുമാണ്.

അപകടങ്ങൾക്കു പിറകിലെ മാനസികനില വിലയിരുത്താൻ ഡ്രൈവർമാർ സ്ഥിരം വരുത്തുന്ന പിഴവുകൾ മോട്ടോർ വാഹന വകുപ്പ് രേഖപ്പെടുത്തി സൂക്ഷിക്കാറുണ്ട്. അവ ഉൾപ്പെടുത്തി താഴെ കൊടുത്ത 10 ചോദ്യങ്ങൾക്കു നിങ്ങളുടെ മറുപടി സ്വയം വിലയിരുത്തി തീരുമാനിക്കാം. നിങ്ങളൊരു മോശം ഡ്രൈവറാണോ അതോ മികച്ച ഡ്രൈവറാണോ എന്ന്. മോശം ഡ്രൈവർ എന്നാണ് ഉത്തരമെങ്കിൽ ഓർക്കുക, റോഡിലെ അടുത്ത ഇര നിങ്ങളാകാം!

∙റോഡിലെ മറ്റെല്ലാ വാഹനങ്ങളോടും മത്സരിക്കാനുള്ള ശ്രമം

∙രാത്രിയിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരിക്കൽ

∙അതിവേഗം വണ്ടിയോടിച്ച് ആളുകളെ ഞെട്ടിക്കണമെന്ന തോന്നൽ

∙മദ്യപിച്ചാലും വണ്ടി ഓടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം

∙കാറിന്റെ പിൻസീറ്റിലേക്കു തിരിഞ്ഞ് അനാവശ്യമായി സംസാരിക്കൽ

∙ട്രാഫിക് നിയമങ്ങൾ ലംഘിക്കാനുള്ളതാണ് എന്ന തോന്നൽ

∙വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കൽ

∙വാഹനമോടിക്കുന്നതിനിടെ ഇയർഫോണിൽ പാട്ടു കേൾക്കൽ

∙റോഡിൽ നമ്മുടെ സൗകര്യത്തിനായി മറ്റുള്ളവർ ഒഴിഞ്ഞു തരണമെന്ന തോന്നൽ

∙കാൽനടയാത്രക്കാരോടുള്ള പുച്ഛം

ഇനി സ്വയം ചോദിച്ചോളൂ, നിങ്ങൾ റോഡിൽ വാഹനമോടിക്കാൻ യോഗ്യനാണോ എന്ന്!

വേണം, റോഡ് സംസ്കാരം

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണു റോഡിലിറങ്ങുമ്പോൾ ഡ്രൈവർമാരുടെ സ്വഭാവം. ജീവിതത്തിലെയും ഓഫിസിലെയും സമ്മർദം മുഴുവൻ കാണിക്കുന്നത് റോഡിലിറങ്ങുന്നവരോടാണ്. അനാവശ്യമായി ഹോണടിച്ചും തെറിവിളിച്ചും ഒട്ടും സംസ്കാരമില്ലാത്തവരായി നമ്മൾ അധഃപതിക്കുന്നത് എന്തിനാണ്?

ഈ പെരുമാറ്റത്തിനു നൂറു കാരണങ്ങൾ പറയാനുണ്ടാകാം. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ, സ്വഭാവം, പ്രായം, അധികൃതരുടെ ഉത്തരവാദിത്തക്കുറവ്, റോഡിലെ മറ്റുള്ളവരുടെ പെരുമാറ്റം തുടങ്ങി അനേകം കാരണങ്ങളുണ്ട്. എന്നാൽ ഏതു കാരണത്തേക്കാളും വലുത് ഡ്രൈവർമാരുടെ അക്ഷമയും അശ്രദ്ധയും തന്നെയാണ്.

ഒരു ഡ്രൈവർ റോഡിൽ ചെയ്യുന്ന തെറ്റിന്റെ ആഘാതം വളരെ വലുതാണ്. അയാളുടെ ഇരയാകുന്ന ഓരോ മനുഷ്യനും കുടുംബമുണ്ട് എന്നതു മറക്കരുത്. റോഡിലിറങ്ങുമ്പോൾ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന അനേകം സാഹചര്യങ്ങളുണ്ടാകും. അതിനെ മറികടക്കാനാകുന്നില്ലെങ്കിൽ അക്ഷമയെ വഴി തിരിച്ചുവിടാനെങ്കിലും കഴിയണം.

റോഡിൽ അക്ഷമയോടെ പെരുമാറുന്നവർ ഒന്ന് ഓർക്കുക, നിരന്തരമായ നിങ്ങളുടെ അക്ഷമ നിങ്ങളറിയാതെ തന്നെ ജീവിതത്തിൽ പിന്തുടരും. സ്ഥിരമായി ഇങ്ങനെ പെരുമാറി നിങ്ങളുടെ സ്വഭാവം തന്നെ സംസ്കാരമില്ലാത്തതായി മാറാനും സാധ്യതയേറെയാണ്.ചെറുപ്പക്കാരോട് ഒരു വാക്ക്, നിങ്ങളുടെ അമിതവേഗവും റോഡിലെ കസർത്തും കൊണ്ട് ആളുകളെ വശീകരിക്കാനാവില്ല.

വിവരങ്ങൾ‌ക്ക് കടപ്പാട്: ഡോ.എ.വി. ദ്രുവിൻ, സൈക്യാട്രി പ്രഫസർ, പരിയാരം മെഡിക്കൽ കോളജ്