മണ്ണുമാന്തിയന്ത്രത്തിന്റെ അന്തംവിട്ട ഓട്ടത്തിനിടെ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്റെ കാര്‍ തകർന്നു. കഴിഞ്ഞയാഴ്ച കെകെ റോഡിലെ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം എഴുതുകയാണു ബിപിൻ
‘‘കുന്ന് തട്ടി നിരത്തുന്ന യന്ത്രമേ മണ്ണ് മാന്തിയെടുക്കുന്ന കൈകളിൽ പന്ത് പോലൊന്നു കിട്ടിയാൽ നിർത്തണേ ഒന്നു കൂവി വിളിച്ചറിയിക്കണേ പണ്ട് ഞങ്ങൾ കുഴിച്ചിട്ടതാണെടോ പന്ത് കായ്ക്കും മരമായ് വളർത്തുവാൻ’’
എന്ന് മോഹനകൃഷ്ണൻ കാലടി എഴുതിക്കഴിഞ്ഞിട്ടു കാലമൊത്തിരി ഉരുണ്ടു. വിഷുവും വർഷവും വന്നുപോയി. കാക്കത്തൊള്ളായിരം കോൾനിലങ്ങളും കണ്ടങ്ങളും കുളങ്ങളും നികന്നു. കുന്നുകൾ ലോറികളിൽ കയറി എങ്ങോട്ടൊക്കെയോ സർക്കീട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ദേശീയമൃഗം ജെസിബി ആണെന്നു കൊല്ലപ്പരീക്ഷയ്ക്കു കുട്ടികൾ ഉത്തരമെഴുതിവയ്ക്കുന്ന പരുവത്തിലാണിപ്പോൾ കാര്യങ്ങൾ. കളിപ്പാട്ടക്കടകളിൽ ഏറ്റവും ഡിമാൻഡുള്ള ഐറ്റവും ജെസിബി തന്നെ. കാര്യമെന്തൊക്കെപ്പറഞ്ഞാലും രസമായിരുന്നവന്റെ പ്രവർത്തനം കണ്ടുനിൽക്കാൻ. പക്ഷേ, ഒറ്റദിവസം കൊണ്ടാണാ കൗതുകം ഭയപ്പാടിനു വഴിമാറിക്കൊടുത്തത്.
കെകെ റോഡിലൂടെ പ്രകോപനമൊന്നും കൂടാതെ പോയിരുന്ന കാറിൽ ആന തുമ്പിക്കൈ കൊണ്ടെന്ന പോലെ ലളിതമായിട്ടൊരു തട്ടുതന്നു അതിന്റെ യന്ത്രക്കരം. വരയൻ പുലി മാന്തിപ്പൊളിച്ച വെള്ളമുയലിന്റെ പള്ള പോലെയായി വണ്ടിയുടെ ഇടതുവശം. സവാരികളിൽ ഭാര്യ ദീപ്തിയും മക്കളായ ആദിത്യനും അഭയനും ഞെളിഞ്ഞിരിക്കാറുള്ള അതേവശം. വലതുവശത്തിരുന്നു വണ്ടിയോടിച്ച ഞാൻ രക്ഷപ്പെട്ടതു കളരി അറിയാവുന്നതുകൊണ്ടല്ല. മഹാഭാഗ്യം കൊണ്ടാണ്. അനൂപ് കണ്ണൻ സിനിമ നിർമിക്കുന്നെന്നും ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതുന്നെന്നും അറിഞ്ഞപ്പോൾ ഒരുപാട് അരിശം വന്നിരുന്നു.
കോളജിന്റെയും രാഷ്ട്രീയത്തിന്റെയും കഥപറയാൻ മഹാരാജാസിൽ എസ്എഫ്ഐക്കാരായി ജീവിച്ച ഞങ്ങളിൽ ചിലരൊക്കെയില്ലേ? ഞങ്ങൾ തിരയെഴുത്തുകാരുടെ കഞ്ഞിയിൽ മണ്ണിടാതെ ചെമ്പനു ചുമ്മാ അഭിനയിച്ചു നടന്നാൽ പോരേ?– ഈ കുശുമ്പ് ചോദ്യങ്ങളെ ഞാൻ വേരോടെ പറിച്ച് തോട്ടിലെറിഞ്ഞുകളഞ്ഞു. ടോം ഇമ്മട്ടീ, ലിജോ ജോസേ, നിങ്ങളുടെ സിനിമകൾ തട്ടുതകർത്ത് ഓടുന്നതു കൊണ്ടാണു ഞങ്ങളുടെ കുഞ്ഞുകുടുംബം ഇപ്പോഴും ഹാപ്പിയായിട്ടിരിക്കുന്നത്. മെക്സിക്കൻ അപാരതയ്ക്കോ അങ്കമാലി ഡയറീസിനോ ടിക്കറ്റ് കിട്ടിയിരുന്നെങ്കിൽ കഴിഞ്ഞ ശനിയാഴ്ച ഭാര്യയും കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ടാകുമായിരുന്നു കാറിൽ. ആ സീൻ ആലോചിക്കാൻ വയ്യ. എന്തായാലും മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ ഉണ്ടായിക്കൊണ്ടിരിക്കട്ടെ.
എറണാകുളം–മുണ്ടക്കയം റൂട്ടിൽ കുതിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളോടും നെഞ്ചത്തേക്കു പാഞ്ഞുവരുന്ന ടിപ്പർ ലോറികളോടും പണ്ടേ നല്ല ബഹുമാനമുണ്ട്. അതേ പേടിയോടും ചങ്കിടിപ്പോടും പറയട്ടെ. കുന്നു തട്ടിനിരത്തുന്ന യന്ത്രമേ, ആയിരം പ്രാരാബ്ധങ്ങൾ പരിഹരിക്കാൻ ഓടുന്ന വഴിയാത്രക്കാർക്കൊക്കെ കുന്നോളം ജീവിതസ്വപ്നങ്ങളുണ്ട്. നിന്റെ ഉരുക്കുകൈ കൊണ്ട് ഉച്ചിക്കിടിച്ച് അതൊക്കെ മണ്ണിലാഴ്ത്തിക്കളയല്ലേ... വണ്ടി ഓട്ടുന്ന ചേട്ടൻമാരേ, നാട്ടുകാരുടെ ജീവനെ പുല്ലോളമെങ്കിലും ബഹുമാനിച്ചൂടേ? റോട്ടിലിറങ്ങുമ്പോൾ ഇല്ലോളമെങ്കിലും സൂക്ഷിച്ചൂടേ?