അപകട സാധ്യത ഏറെയുള്ള പ്രവർത്തിയാണ് ഓവർടേക്കിങ്. എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓവർടേക്കിങ് നടത്താൻ. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനത്തെ ഇപ്പോൾ കടന്നുപോകേണ്ടതുണ്ടോ എന്നാണ്. കൂടാതെ ഓവർടേക്കിങ്ങിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.
∙ ഓവർടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നിൽകൂടി പോകരുത്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവർടേക്കിങ്. എതിർദിശയിൽ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ ഓവർടേക്ക് ചെയ്യരുത്.
∙ വളവുകളിലും റോഡ് കാണാൻ പറ്റാത്ത അവസ്ഥകളിലും ഓവർടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവർടേക്കു ചെയ്യാൻ സാധിക്കുന്നവിധം റോഡ് കാണാൻ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവർടേക്കിങ്. കൂടാതെ പിന്നിൽ നിന്നും വാഹനങ്ങൾ തന്നെ ഓവർടേക്കു ചെയ്യാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
∙ ഓവർടേക്കിങിന് മുമ്പായി വലതു വശത്തെ ഇൻഡിക്കേറ്റർ ചുരുങ്ങിയത് മൂന്നു സെക്കൻഡെങ്കിലും മുൻപായി പ്രവർത്തിപ്പിച്ചിരിക്കണം. കൂടാതെ ഓവർടേക്കിങ് കഴിഞ്ഞാൽ ഇടതുവശത്തേയ്ക്കുള്ള ഇൻഡിക്കേറ്റർ പ്രവർത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇടത്തേക്ക് ചേർക്കുക.
∙ വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ. ഇടതു വശത്തുകൂടിയുള്ള ഓവർടേക്കിങ് കർശനമായും ഒഴിവാക്കണം, എന്നാൽ മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇൻഡിക്കേറ്റർ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്ത് കാത്തു നിൽക്കുകയാണെങ്കിലോ. നാലുവരിപ്പാതകളിൽ വലതുവശത്തെ ലെയിനിൽകൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന് ഇൻഡിക്കേറ്ററിട്ടാലും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ അനുവാദമുണ്ട്.
∙ കാൽനടയാത്രികൻ റോഡ് മുറിച്ചുകിടക്കുന്നതിനായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കാൻ പാടില്ല. കൂടാതെ തിരക്കേറിയ ജങ്ഷനുകളിലും റോഡിന്റെ മധ്യത്തിലെ ഇടവിട്ടുള്ള വെള്ളവരയോടുചേർന്ന് തുടർച്ചയായ മഞ്ഞവരയുള്ള സ്ഥലത്തും മറികടക്കലുകൾക്ക് കർശന നിരോധനമുണ്ട്.
∙ കൂടാതെ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്ന വാഹനത്തിന് തടസമുണ്ടാക്കുന്ന തരത്തിൽ തന്റെ വാഹനത്തിന്റെ വേഗത കൂട്ടുക, ലെയിൻ മാറ്റുക തുടങ്ങിയ യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടില്ല.