പ്രീമിയം എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനത്തിന്റെ ആദ്യ പ്രദർശനം ന്യൂ ഡൽഹി ഓട്ടോഎക്സ്പോയിൽ നടന്നു.മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ റെക്സ്റ്റണാണ് ഇന്ത്യയിൽ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ എത്തുന്നത് . യുകെ വിപണിയിൽ പുറത്തിറങ്ങിയ റെക്സ്റ്റൺ മഹീന്ദ്രയുടെ ലേബലിൽ ഇന്ത്യയിലെത്തുമ്പോൾ അതേ പേരുതന്നെ പിന്തുടരാൻ സാധ്യതയില്ല. മഹീന്ദ്ര എക്സ്‍യുവി 700 എന്ന പേരായിരിക്കും ലഭിക്കുകയെന്ന് സൂചനകളുണ്ട്.
റെക്സ്റ്റണെ അതേപൊലെ തന്നെ പുറത്തിറക്കാതെ മഹീന്ദ്രയുടെ ഡിസൈൻ ഫിലോസഫി അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യയിലെത്തിക്കുക. മുൻഗ്രില്ലിലും ഇന്റീരിയറിലും അലേയ് വീൽ ഡിസൈനിലുമെല്ലാം മാറ്റങ്ങളുണ്ടാകും. ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, 9.2 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ആൻഡ്രോയ്‍ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് എൽസിഡി ഇൻട്രുമെന്റ് ക്ലസ്റ്റർ, ശീതികരിക്കാവുന്ന സീറ്റുകള്‍, ലക്ഷ്വറി അപ്ഹോൾസറി. സ്മാർട് ടെയിൽ ഡേറ്റ് എന്നിവ പുതിയ എസ് യു വിയിലുണ്ട്.
Mahindra Auto-expo 2018 | Teaser 2
7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്.2016 പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നാണ് പുതിയ വാഹനം വികസിപ്പിച്ചിരിക്കുന്നത്. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎമ്മാണ് വീൽ ബെയ്സ്. ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന റെക്സ്റ്റണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും.
ലാഡർഫ്രെയിം ഷാസിയിൽ നിർമ്മിച്ച വാഹനത്തിൽ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. 4000 ആർപിഎമ്മിൽ 187 ബിഎച്ചിപി കരുത്തും 1400 മുതൽ 2800 വരെ ആർപിഎമ്മിൽ 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലകുറച്ചായിരിക്കും മഹീന്ദ്ര പുതിയ എസ് യു വിയെ വിപണിയിലെത്തിക്കുക.