പതിനാലാമത് ഓട്ടോ എക്സ്പോയിലെ താരങ്ങൾ ഇലക്ട്രിക് വാഹനങ്ങളായിരുന്നു. എക്സ്പോയിൽ എത്തിയ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ ഇലക്ട്രിക് പദ്ധതികൾ പ്രദർശിപ്പിച്ചു. ചിലർ വരും വർഷങ്ങളിൽ പുറത്തിറക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റാണ് പ്രദർശിച്ചതെങ്കിൽ ചിലർ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി.
ഇരുചക്ര വാഹന വേദിയെ പ്രകമ്പനം കൊള്ളിക്കാനെത്തിയ വാഹനമാണ് ഥോർ. ഹൊളീവുഡ് സൂപ്പർ ഹീറോയെ അനുസ്മരിപ്പിക്കുന്ന പേരിൽ എത്തിയ ബൈക്ക് ഇന്ത്യയിലും ഹീറോ ആകും എന്നാണ് യുഎം പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ഇലക്ട്രിക് കൂസർ ബൈക്ക് എന്ന പേരിൽ എത്തുന്ന ഥോറിന്റെ വില ആരംഭിക്കുന്നത് 4.9 ലക്ഷം രൂപയിലാണ്(നിർമാണം ഇന്ത്യയിൽ ആരംഭിച്ചാൽ).
പരമാവധി 30 കിലോവാട്ട് കരുത്തും 70 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ് ഥോറിൽ. നിലവിൽ വിപണിയിലുള്ള 800 സിസി ബൈക്കുകളെ പിന്നിലാക്കുന്ന പെർഫോമൻസ് ബൈക്കിനുണെന്നാണ് യുഎം അവകാശപ്പെടുന്നത്. മൂന്ന് മോഡലുകളിൽ ഥോർ ലഭിക്കും.
അടിസ്ഥാന മോഡൽ ഒറ്റ ചാർജിൽ 81 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ മോഡല്‍ 149 കിലോമീറ്ററും മൂന്നാമത്തെ മോഡൽ 270 കിലോമീറ്ററും സഞ്ചരിക്കും. നാൽപ്പതു മിനിട്ടിൽ 80 ശതമാനം വരെ ചാർജാകും ബൈക്ക് എന്നാണ് യുഎമ്മിന്റെ അവകാശവാദം. എൽഇഡി ഹെഡ്‍ലൈറ്റ്, എബിഎസ് തുടങ്ങിയ സാങ്കേതിക വിദ്യകളുള്ള ബൈക്കിൽ റിവേഴ് ഗിയറുമുണ്ട്.