Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ബസിന്റെ മത്സരയോട്ടം ഉണ്ടാക്കിയ അപകടം

img-4777788

തൃശ്ശൂര്‍ പാലക്കാട് റോഡുവഴി ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ കണ്ടിട്ടുണ്ടാകൂം. എതിരെ വരുന്ന വാഹനങ്ങളിലെ മനുഷ്യരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് ഇവര്‍ നടത്തുന്ന മരണപ്പാച്ചിലിന് ന്യായീകരണങ്ങള്‍ എത്ര നിരത്തിലായും മതിയാവില്ല. ദിവസവും പതിനായിരക്കണിക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡിനെ കുരുതിക്കളമാക്കുന്നതില്‍ പ്രധാന പങ്ക് സ്വകാര്യ ബസുകള്‍ക്ക് തന്നെ.

3Private

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന അപകടം. അമിത വേഗത്തില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. വേഗനിയന്ത്രണങ്ങളുണ്ടെങ്കിലും അവ പാലിക്കപ്പെടാത്തതും സ്വകാര്യ ബസുകൾ റോഡിൽ കുരുതിക്കളമൊരുക്കുന്നതിന് കാരണമാകുന്നു. അപകടങ്ങളുണ്ടാകുമ്പോൾ മാത്രം ശക്തമായി നടപടികൾ സ്വീകരിക്കുകയും അല്ലാതെയുള്ള സമയങ്ങളിലെ മത്സരയോട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

1Private

അമിത വേഗവും അമിത ആത്മവിശ്വാസവും ആപത്ത്

അമിതവേഗം അപകടവും മരണവും ക്ഷണിച്ചുവരുത്തും. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

2Private3

ശ്രദ്ധയോടെ ഓവര്‍ടേക്കിങ്

വളരെയധികം ശ്രദ്ധ വേണ്ട കാര്യമാണ് ഓവര്‍ടേക്കിങ്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്‍ടേക്കിങ്. എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവര്‍ടേക്കിങ്. കൂടാതെ പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ.