ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎമ്മിന്റെ ഡ്യൂക്കിന് പുതിയ വകഭേദങ്ങൾ പുറത്തിറങ്ങി. ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390 എന്നീ ബൈക്കുകളാണ് പുതുതായി എത്തുന്നത്. ഡ്യൂക്ക് 200ന് 1.43 ലക്ഷവും ഡ്യൂക്ക് 250ന് 1.73 ലക്ഷവും ഡ്യൂക്ക് 390ന് 2.25 ലക്ഷവും രൂപയാണ് ന്യൂഡൽഹി എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഡ്യൂക്ക് 200, ഡ്യൂക്ക് 390 മോഡലുകളെകൂടാതെ ഡ്യൂക്കിന്റെ 250 സിസി ബൈക്കും കമ്പനി പുറത്തിറക്കി.
രാജ്യാന്തര വിപണിയിൽ ഡ്യുക്ക് 250 നുള്ള എൻജിൻ തന്നെയാണ് ഇന്ത്യയിലെത്തുക. 248.5 സിസി കപ്പാസിറ്റിയുള്ള എൻജിന് 9000 ആർപിഎമ്മിൽ 30 ബിഎച്ച്പി കരുത്തും 7250 ആർപിഎമ്മിൽ 24 എൻഎം ടോർക്കുമുണ്ട്. മറ്റു രണ്ടു ബൈക്കുകളുടെ എൻജിനിൽ കാര്യമായി മാറ്റങ്ങളില്ല. കഴിഞ്ഞ വർഷം അവസാനം മിലാനിലെ രാജ്യാന്തര ടൂ വീലർ ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച ഡ്യൂക്ക് 390, സൂപ്പർ ഡ്യൂക്ക് 1290, സൂപ്പർ ഡ്യൂക്ക് 790 തുടങ്ങിയ പുതിയ മോഡലുകൾ ശ്രദ്ധക്കപ്പെട്ടിരുന്നു.
ദ കോർണർ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന്റെ പേര്. കൂടുതൽ ഷാർപ്പായ ഡിസൈനാണ് ബൈക്കിന്. 13.4 ലീറ്റർ ഇന്ധനം നിറയ്ക്കാനാവുന്ന വലിയ ഫ്യൂവൽ ടാങ്ക്, എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റ്, സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, മികച്ച റൈഡർ, പില്യൻ സീറ്റുകൾ എന്നിവയ്ക്കു പുറമെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റാണ്. കൂടാതെ സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ, വിറയൽ കുറയ്ക്കാനായി ബാലൻസർ ഷാഫ്റ്റ് എന്നിവയും പുതിയ മോഡലുകളിലുണ്ട്.