പുതുതലമുറ ‘പനമേര’ എത്തി; വില 1.93 കോടി മുതൽ

Panamera Turbo

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയിൽ നിന്നുള്ള പുതുതലമുറ ‘പനമേര’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. നാലു ഡോർ സ്പോർട്സ് കാറായ ‘പനമേര’ രണ്ടു വകഭേദങ്ങളിൽ ലഭ്യമാണ്; ‘പാനമീറ ടർബോ’യ്ക്ക് 1.93 കോടി രൂപയും ‘പനമേര ടർബോ എക്സിക്യൂട്ടീവി’ന് 2.05 കോടി രൂപയുമാണു മഹാരാഷ്ട്രയിൽ വില. അധിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ‘എക്സിക്യൂട്ടീവ്’ പതിപ്പിന്റെ വീൽബേസ് മറ്റു മോഡലിനെ അപേക്ഷിച്ച് 150 എം എം കൂടുതലുമാണ്.  

രൂപകൽപ്പനയിൽ അടിസ്ഥാന മാറ്റങ്ങളുള്ള ഈ ‘പനമേര’യിൽ പുത്തൻ ടർബോ എൻജിനും ഇടംപിടിക്കുന്നുണ്ടെന്നു പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി അറിയിച്ചു. പുറംഭാഗത്തെ മാറ്റങ്ങൾക്കു പുറമെ അകത്തളത്തിൽ വരുത്തിയ പരിഷ്കാരങ്ങളും പുത്തൻ സാങ്കേതികവിദ്യകളുമൊക്കെ കാറിലുണ്ട്. മുൻഗാമിയെ അപേക്ഷിച്ചു കരുത്തേറിയ കാറിന് മെച്ചപ്പെട്ട ഇന്ധനക്ഷമതയും പരിസ്ഥിതി മലിനീകരണത്തിലെ കുറവുമൊക്കെ പോർഷെ വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രാസുഖത്തിന്റെയും പ്രകടനക്ഷമതയുടെയും ആഡംബരത്തിന്റെയുമൊക്കെ സമന്വയമാണു പുതിയ ‘പനമേര’യെന്നും ഷെട്ടി അഭിപ്രായപ്പെട്ടു. 

പുതിയ നാലു ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് പെട്രോൾ എൻജിനാണു പുതുതലമുറ ‘പനമേര’യ്ക്കു കരുത്തേകുന്നത്; പരമാവധി 550 ബി എച്ച് പി കരുത്തും 770 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. മുൻമോഡലിലെ എൻജിനെ  അപേക്ഷിച്ച് 30 ബി എച്ച് പി കരുത്തും 70 എൻ എം ടോർക്കും അധികമാണിത്. പോർഷെയുടെ പുതിയ എട്ടു സ്പീഡ് ഗീയർബോക്സാണ് കാറിലെ ട്രാൻസ്മിഷൻ.

സ്പോർട്സ് റസ്പോൺസ് ബട്ടനും ഓപ്ഷനൽ മോഡ് സ്വിച്ചും പ്രയോജനപ്പെടുത്തി കാറിലെ എൻജിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാവുമെന്നും പോർഷെ അവകാശപ്പെടുന്നു. ‘918 സ്പൈഡറി’ലൂടെയായിരുന്നു ‘മോഡ് സ്വിച്ചി’ന്റെ അരങ്ങേറ്റം; സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച റോട്ടറി റിങ് വഴി നോർമൽ, സ്പോർട്, സ്പോർട് പ്ലസ്, ഇൻഡിവിജ്വൽ മോഡുകളിലൊന്നു തിരഞ്ഞെടുക്കാനാണ് അവസരം. ഈ സ്വിച്ചിന്റെ മധ്യത്തിലായാണു സ്പോർട് റസ്പോൺസ് ബട്ടന്റെ സ്ഥാനം.