ഫോക്സ്‌വാഗൻ എ ജിയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിയുടെ പുതിയ ‘സ്ക്രാംബ്ലർ കഫെ റേസർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി; 9.32 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. മോട്ടോർ സൈക്ലിങ് വിപ്ലവത്തിനു തുടക്കം കുറിച്ച, അറുപതുകളിലെ കഫേ റേസർ സംസ്കാരത്തെ ആധുനിക രീതിയിൽ വ്യാഖ്യാനിക്കുകയാണ് ‘സ്ക്രാംബ്ലർ കഫെ റേസർ’ ചെയ്യുന്നതെന്നു ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ സെർജി കനൊവാസ് ഗാരിഗ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ചിന്തയെ പ്രതിനിധീകരിക്കുന്ന ബൈക്ക് വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം സ്റ്റൈലിന്റെ ചിഹ്നവുമാണെന്ന് അദ്ദേഹം വിലയിരുത്തി.
‘സ്ക്രാംബ്ലർ’ ബ്രാൻഡിന്റെ രൂപകൽപ്പനാ ശൈലിയും സ്പോർട്ടി റൈഡിങ് പൊസിഷനും പുതിയ ബൈക്കിൽ സമന്വയിക്കുന്നുണ്ട്. റിയർവ്യൂ മിറർ സഹിതമുള്ള അലൂമിനിയം ക്ലിപ് ഓൺ ഹാൻഡ്ൽ ബാർ, ഇരട്ട ടെയ്ൽ പൈപ് സഹിതം ടെർമിഗൊണി എക്സോസ്റ്റ്, കറുത്ത അനൊഡൈസ്ഡ് അലുമിനിയം കവർ, യാത്രക്കാരുടെ ഭാഗത്തിനുള്ള കവർ സഹിതം ഡെഡിക്കേറ്റഡ് സീറ്റ് എന്നിവയൊക്കെ ‘സ്ക്രാംബ്ലർ കഫെ റേസറി’ലുണ്ട്.
മലിനീകരണ നിയന്ത്രണത്തിൽ യൂറോ നാല് നിലവാരമുള്ള 803 സി സി, ഇരട്ട സിലിണ്ടർ എയർ ആൻഡ് ഓയിൽ കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 8,250 ആർ പി എമ്മിൽ 73 ബി എച്ച് പി കരുത്തും 5,750 ആർ പി എമ്മിൽ 67 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ബ്രെംബൊ ബ്രേക്കിങ് സഹിതമെത്തുന്ന ‘സ്ക്രാംബ്ലർ കഫെ റേസറി’ൽ ബോഷിന്റെ 9.1 എം പി, പ്രഷർ സെൻസറുള്ള ആന്റി ലോക്ക് ബ്രേക്ക് സംവിധാനവുമുണ്ട്. ബ്ലാക്ക് കോഫി നിറത്തിനൊപ്പം കറുപ്പും ഫ്രെയിമും സ്വർണ വർണമുള്ള വീലുമായി വിൽപ്പനയ്ക്കുള്ള ‘സ്ക്രാംബ്ലർ കഫെ റേസർ’ ഡൽഹി, മുംബൈ, ബെംഗളൂരു, പുണെ, അഹമ്മദബാദ്, കൊച്ചി എന്നിവിടങ്ങളിലെ ഡ്യുകാറ്റി ഡീലർഷിപ്പുകളിൽ ലഭ്യമാണ്.