ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തിയതോടെ ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വില പരിഷ്കരിക്കാൻ ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി തീരുമാനിച്ചു. ജി എസ് ടിയുടെ ഫലമായി ഏതാനും മോഡലുകൾക്ക് വില കുറയുമെങ്കിലും മറ്റു പല ബൈക്കുകൾക്കും വില ഉയരുകയാണ്. ജി എസ് ടിയുടെ വരവോടെ ‘എക്സ് ഡയാവെൽ എസി’ന്റെ വിലയിലാണ് ഏറ്റവും കുറവ്: 18,000 രൂപ. ഇതോടെ ബൈക്കിന്റെ വില 19.30 ലക്ഷം രൂപയായി കുറഞ്ഞു. ‘എക്സ് ഡയാവെൽ’ അടിസ്ഥാന മോഡലിന്റെയും ‘ഹൈപ്പർ മോടാഡ് 939’, ‘959 പനിഗേൽ’ വിലകളിലും നേരിയ കുറവുണ്ട്. ‘959 പനിഗേലി’ന് 14.58 ലക്ഷം രൂപയാണു പുതിയ വില.
അതേസമയം ‘മോൺസ്റ്റർ 1200 എസി’ന്റെ വിലയിൽ 78,000 രൂപയുടെ വർധനയാണു രേഖപ്പെടുത്തിയത്; 28.12 ലക്ഷം രൂപയാണു പുതിയ വില. ‘മോൺസ്റ്റർ 1200’ അടിസ്ഥാന മോഡലിന്റെ വില 68,000 രൂപ ഉയർന്ന് 23.02 ലക്ഷം രൂപയിലെത്തി.ഡ്യുകാറ്റിയുടെ എൻട്രി ലവൽ മോഡലുകൾക്കും വിലയേറിയിട്ടുണ്ട്; ‘സ്ക്രാംബ്ലൽ ഐകൺ’ വില 26,000 രൂപ ഉയർന്നു. ചുവപ്പ് നിറമുള്ള ബൈക്കിന് 7.23 ലക്ഷം രൂപയും മഞഅഞ നിറമുള്ളതിന് 7.33 ലക്ഷം രൂപയുമാണു പുതുക്കിയ വില.
അടുത്തയിടെ വിപണിയിലെത്തിയ ‘മോൺസ്റ്റർ 797’ വിലയിൽ 28,000 രൂപയുടെ വർധനയുണ്ട്; 8.05 ലക്ഷം രൂപയാണു പുതിയ വില. ‘മൾട്ടിസ്ട്രാഡ 950’ സ്വന്തമാക്കാൻ 12.82 ലക്ഷം രൂപ മുടക്കണം; 22,000 രൂപ വർധന. എൻജിൻ ശേഷിയേറിയ ‘മൾട്ടിസ്ട്രാഡ 1200’, ‘1200 എസ്’, ‘എൻഡ്യൂറൊ’ എന്നിവയുടെ വിലയിൽ 61,000 രൂപയുടെ വർധനയാണു നടപ്പായത്; ഇവയുടെ പുതിയ വില യഥാക്രമം 15.38, 17.51, 18.05 ലക്ഷം രൂപ വീതമാണ്. ജി എസ് ടി നിലവിൽ വന്ന ശേഷ വിപണിയിലെത്തിയ ‘പനിഗേൽ ആർ ഫൈനൽ എഡീഷൻ’ വിലയിൽ മാറ്റമില്ല; 59.18 ലക്ഷം രൂപയാണു ബൈക്കിന്റെ വില.മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിനുകളോടെ ‘മോൺസ്റ്റർ 821’, ‘ഡയാവെൽ’ ബൈക്കുകൾ വൈകാതെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.
Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes