‘ജാസി’നു ‘പ്രിവിലേജ് എഡീഷനു’മായി ഹോണ്ട

Honda Jazz Privilege Edition

നവരാത്രി, ദീപാവലി ഉത്സവകാലം മുൻനിർത്തി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ‘ജാസി’ന്റെ ‘വി’ വകഭേദം അടിത്തറയാവുന്ന ‘പ്രിവിലേജ് എഡീഷ’ന് 7.36 ലക്ഷം രൂപയാണു ഷോറൂം വില; സാധാരണ ‘ജാസി’നെ അപേക്ഷിച്ച് 5,000 രൂപ അധികമാണിത്. സാങ്കേതികമായി മാറ്റമൊന്നുമില്ലാതെയാണു ‘ജാസി’ന്റെയും ‘പ്രിവിലേജ് എഡീഷൻ’ എത്തുന്നത്. പുറംകാഴ്ചയിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും റിവേഴ്സ് പാർക്കിങ് സെൻസറുകൾ കാറിലുണ്ട്. ‘ജാസ് വി’യിൽ റിവേഴ്സ് പാർക്കിങ് കാമറ മാത്രമാണുള്ളത്. കൂടാതെ ബൂട്ട് ലിഡിൽ ‘പ്രിവിലേജ് എഡീഷൻ’ എന്നു സൂചിപ്പിക്കുന്ന ബാഡ്ജുമുണ്ട്.

അകത്തളത്തിൽ 17.7 സെന്റിമീറ്റർ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണ് ഹോണ്ട ലഭ്യമാക്കുന്നത്; നാവിഗേഷൻ, 1.5 ജി ബി ഓൺബോഡ് സ്റ്റോറേജ്, മിറർ ലിങ്ക് — വോയ്സ് കമാൻഡ് ഇന്റർഫേസ് എന്നിവയൊക്കെ ഈ സംവിധാനത്തിലുണ്ട്. പുതിയ ഫ്ളോർ മാറ്റിനൊപ്പം ‘പ്രിവിലേജ് എഡീഷൻ’ എന്നു മുദ്രണം ചെയ്ത ബീജ് സീറ്റ് കവറും കാറിലുണ്ട്. 

കൂടാതെ ‘ഹോണ്ട കണക്ട്’ എന്നു പേരിട്ട സെക്യൂരിറ്റി സർവീസ് പാക്കേജും ‘ജാസ് പ്രിവിലേജ് എഡീഷൻ’ കാറിനൊപ്പം വാഗ്ദാനമുണ്ട്; ആപ് സഹായത്തോടെ കാറിനെ സ്മാർട്ഫോണുമായി സംയോജിപ്പിക്കുന്ന സംവിധാനമാണിത്. ഹോണ്ടയുടെ മറ്റു മോഡലുകളിലും ഈ സംവിധാനം ഘടിപ്പിക്കാം; 3,000 രൂപയോളമാണു ചെലവ്. കാറിന്റെ ആരോഗ്യസ്ഥിതിയും സ്ഥാനവുമൊക്കെ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാലുടൻ ഫോണിൽ ലഭ്യമാക്കുമെന്നതാണു ‘ഹോണ്ട കണക്ടി’ന്റെ സവിശേഷത. അടിയന്തര സാഹചര്യത്തിൽ ഹോണ്ട കോൾ സെന്ററുമായി ബന്ധപ്പെടാനും ഈ ആപ്ലിക്കേഷനു കഴിയും. ഇൻഷുറൻസ് പുതുക്കൽ, പി യു സി, ഡോക്യുമെന്റ് വോളറ്റ്, ഇന്ധനം നിറയ്ക്കുന്നതിന്റെ കണക്ക് തുടങ്ങിയവയൊക്കെ ഈ ആപ് സൂക്ഷിക്കും.

പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ജാസ് പ്രിവിലേജ് എഡീഷൻ’ ലഭ്യമാണ്. 90 പി എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. 100 പി എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന ഡീസൽ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രം. മാനുവൽ ട്രാൻസ്മിഷനുള്ള പെട്രോൾ ‘ജാസ് പ്രിവിലേജ് എഡീഷ’ന് 7.36 ലക്ഷം രൂപയും ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലിന് 8.42 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ഡീസൽ എൻജിനോടെ ഈ പരിമിതകാല പതിപ്പ് ലഭിക്കാൻ 8.82 ലക്ഷം രൂപ മുടക്കണം.  ഉത്സവകാലം കഴിയും വരെ ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കുണ്ടാവുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. മാരുതി സുസുക്കി ‘ബലേനൊ’, ഹ്യുണ്ടേയ് ‘എലീറ്റ് ഐ 20’ തുടങ്ങിയവയാണു കാറിന്റെ എതിരാളികൾ.