ആറര കോടിയുടെ ഡോൺ കേരളത്തിൽ

Rolls Royce Dawn

ഒരു സ്വിച്ചിട്ടാൽ വെറും 22 സെക്കൻഡിനുള്ളിൽ മേൽക്കൂര മടങ്ങി ഡിക്കിക്കുള്ളിൽ ഒളിക്കും. പിന്നെ ആകാശം കൺനിറയെ കണ്ട് മഴയോ വെയിലോ മഞ്ഞോ കാറ്റോ ആസ്വദിച്ച് പറക്കാം. ഡിക്കിക്കുള്ളിൽ നിന്നു മേൽക്കൂര തിരികെയെത്താനും സെക്കൻഡുകൾ മതി. തുറന്ന യാത്രയാണെങ്കിലും ഒരു ഹോം തിയറ്ററിനുള്ളിലെന്ന പോലെ സംഗീതം ആസ്വദിക്കാവുന്ന ബീസ്പോക്ക് ഓഡിയോ. യാത്രാസുഖത്തിന്റെയും സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തിൽ അവസാന വാക്കാണെന്നു പ്രത്യേകിച്ചു പറയേണ്ട, കാരണം ഇത് ലോകത്തെ ആഡംബര കാറുകളുടെ തമ്പുരാനായ റോൾസ് റോയ്സിന്റെ ഏറ്റവും പുതിയ മോഡലായ ‘ഡോൺ’ ആണ്. കാറുകളുടെ ലോകത്തെ സാക്ഷാൽ ഡോൺ ആവാൻ എത്തുന്ന റോൾസ് റോയ്സ് ഡോൺ കേരളത്തിലും അവതരിപ്പിച്ചു.

Rolls Royce Dawn

റോൾസ് റോയ്സിന്റെ ജനപ്രിയ മോഡലായ ഫാന്റം പിൻവലിച്ചതിനു പിന്നാലെയാണു പുതിയ മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നത്. പണം ഒരു പ്രശ്നമല്ലാത്തവർക്കും ആഡംബരം ഒരു ലഹരിയായവർക്കും വാങ്ങാം. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഡോണിന്റെ അടിസ്ഥാന വില 6.25 കോടി രൂപ. ഓരോ ഉപഭോക്താവിന്റെയും താൽപര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ച് കസ്റ്റമൈസ് ചെയ്തു ലഭിക്കുന്ന കാറിന് സൗകര്യത്തിനനുസരിച്ച് വിലയും ഉയരും. 183% ഇറക്കുമതി ചുങ്കം ഉൾപ്പെടെയുള്ള വിലയാണു നൽകേണ്ടി വരിക. ബുക്ക് ചെയ്താൽ അതിനനുസരിച്ച് കസ്റ്റമൈസ് ചെയ്തു വാഹനം നാട്ടിലെത്താൻ ആറു മാസമെടുക്കും. കൂപ്പെയായ ‘റെയ്ത്തി’ന്റെ പ്ലാറ്റ്ഫോമിൽ റോൾസ് റോയ്സ് സാക്ഷാത്കരിച്ച നാലു സീറ്റുള്ള, സോഫ്റ്റ് ടോപ് കൺവെർട്ട്ബ്ളാണു ‘ഡോൺ’.

Rolls Royce Dawn

രൂപകൽപ്പനയിലെ സാമ്യം മൂലം ചിലപ്പോഴൊക്കെ ‘റെയ്ത്തി’നെ അനുസ്മരിപ്പിക്കുമെങ്കിലും ‘ഡോൺ’ ഡ്രോപ് ഹെഡ് പൂർണമായും പുതിയതാണെന്നാണു റോൾസ് റോയ്സിന്റെ പക്ഷം. ഒപ്പം ‘റെയ്ത്തി’ന്റെ കൺവെർട്ബ്ൾ രൂപമാണു ‘ഡോൺ’ എന്ന ആക്ഷേപവും കമ്പനി തള്ളിക്കളയുന്നു. ‘ഡോണി’ന്റെ 80 ശതമാനത്തോളം ബോഡി വിശദാംശങ്ങൾ കാറിനു സവിശേഷമായി രൂപകൽപ്പന ചെയ്തതാണ്; നീണ്ട ബോണറ്റ്, മുന്നിലെ നീളം കുറഞ്ഞ ഓവർ ഹാങ്, പിന്നിലെ നീണ്ട ഓവർ ഹാങ്, ഉയർന്ന ഷോൾഡർ ലൈൻ, 2:1 അനുപാതത്തിലെ വീൽ ഹൈറ്റും ബോഡി വെയ്റ്റും എന്നിവയൊക്കെ കാറിന്റെ പ്രത്യേകതകളായി റോൾസ് റോയ്സ് നിരത്തുന്നു. ‘റെയ്ത്തി’നെ അപേക്ഷിച്ച് 45 എം എം ഉയരത്തിലാണു മുന്നിലെ റേഡിയേറ്റർ ഗ്രില്ലിന്റെ സ്ഥാനം; മുന്നിൽ താഴെയുള്ള ബംപറാവട്ടെ 53 എം എം ദീർഘിപ്പിച്ചിട്ടുമുണ്ട്. കാലങ്ങളായി ആകർഷണം ചോരാതെ തുടരുന്ന റോൾസ് റോയ്സ് രൂപകൽപ്പനാ മികവ് ‘ഡോണി’ലുമുണ്ട്. മുന്നിൽ എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകൾ അതിരിടുന്ന സ്റ്റൈൽ സമൃദ്ധമായ പ്രൊജക്ടർ ഹെഡ്ലാംപാണു കാറിലുള്ളത്.

Rolls Royce Dawn

തടിക്കും തുകലിനും ക്ഷാമമില്ലാത്ത അകത്തളത്തിലാവട്ടെ മുന്നിലും പിന്നിലുമായി രണ്ട് വീതം സീറ്റുകളാണുള്ളത്. നാലു മേഖലകളായി തിരിച്ച ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വ്യക്തിഗതമായി ക്രമീകരിക്കാവുന്ന 16 സ്പീക്കറുകൾ സഹിതം പ്രീമിയം ഓഡിയോ സിസ്റ്റം, ക്രോം അഴകേകുന്ന ഇൻസർട്ട് എന്നിവയും കാറിലുണ്ട്. ‘ഡോണി’നു കരുത്തേകുന്നത് 6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ്; പരമാവധി 563 ബി എച്ച് പി കരുത്തും 820 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്ഷനാണു കാറിലെ ഗീയർബോക്സ്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഈ എൻജിനു വേണ്ടത് വെറും 4.6 സെക്കൻഡ്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി ഇലക്ട്രോണിക് സംവിധാനം വഴി നിയന്ത്രിച്ചിട്ടുണ്ട്.