നാലു മീറ്ററില്‍ താഴെ നില്‍ക്കുന്ന സെഡാന്‍ കാറുകള്‍ക്ക് ജനപ്രീതി കുറവില്ല. ഹാച്ച്ബാക്കില്‍ നിന്നു സെഡാനിലേക്കുള്ള സ്ഥാനക്കയറ്റമായാണു പൊതുവെ കോംപാക്ട് സെഡാനെന്നു വിശേഷിപ്പിക്കുന്ന ഇത്തരം കാറുകള്‍ കരുതപ്പെടുന്നത്. നാലു മീറ്ററില്‍ത്താഴെ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന എക്സൈസ് തീരുവ ആനുകൂല്യം കുറഞ്ഞ വിലയായി ഉപഭോക്താവിലെത്തും.
വലിയൊരു സെഡാനുമായി ഏതാണ്ടെല്ലാക്കാര്യങ്ങളിലും പിടിച്ച നില്‍ക്കും. ഏക ന്യൂനത ഡിക്കിയില്‍ തെല്ലു സ്ഥലം കുറവാണെന്നതു മാത്രം. എന്നാല്‍ ഒരു ചെറുകുടുംബത്തിന്‍െറ ഏതു പ്രായോഗിക ആവശ്യങ്ങള്‍ക്കും ഇത്ര ഡിക്കി മതി.
ഏതൊക്കെ കാറുകൾ
കോംപാക്ട് സെഡാന്‍ പുതുമയൊന്നുമല്ല. ടാറ്റയാണ് ഈ രംഗത്തെ തുടക്കക്കാര്‍. ഇന്‍ഡിഗോ സി എസ്. ഇന്നും ഏറ്റവുമധികം വില്‍പനയുള്ള കോംപാക്ട് സെഡാനുകളിലൊന്നാണ് സി എസ്. ടാറ്റയുടെ തന്നെ ആധുനിക കാറായ സെസ്റ്റും കോംപാക്ട് സെഡാന്‍ തന്നെ. മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേയ്സ്, ഹ്യുണ്ടേയ് അക്സന്‍റ് എന്നിവയാണ് വിപണിയിലിന്നുള്ള മറ്റു ചെറു സെഡാനുകള്‍.
ചെറുസെഡാനുമായി ഫോഡ്
ഇന്നുവരെ ഫോഡ് തൊട്ടുനോക്കാത്ത വിപണിയിലേക്ക് എത്താനുള്ള മുഖ്യകാരണം ഡിമാന്‍ഡ് തന്നെ. എതിരാളികള്‍ അനായാസം പിടിമുറുക്കുന്ന വിപണിയില്‍ നിന്ന് എന്തിന് മാറി നില്‍ക്കണം ? അങ്ങനെയെത്തി അസ്പയര്‍.
ഇന്ത്യയ്ക്കായി മാത്രം
അസ്പയര്‍ ആഗോള പുറത്തിറക്കല്‍ നടന്നത് ഇന്ത്യയിലാണ്. വികസിപ്പിച്ചതും പൂര്‍ണമായും ഇന്ത്യയിലെ ഉപഭോക്താക്കളെ മനസ്സില്‍ക്കണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ഇണങ്ങുന്ന ഏറ്റവും മികച്ച ചെറു സെഡാനാണ് അസ്പയര്‍.
ആര്‍ക്കാണ് അസ്പയര്‍?
ഹാച്ച്ബാക്ക് പോരാ, തെല്ലു ജാഡയുള്ള ഒരു സെഡാനാവാം എന്നു ചിന്തിക്കുന്നവര്‍ക്ക്. ഇതില്‍ നല്ലൊരു പങ്കും നല്ല വരുമാനവും മികച്ച ജീവിതശൈലിയുമുള്ള പുതുതലമുറ ചെറുപ്പക്കാര്‍. വലിയൊരു സെഡാന്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടു ചെറിയ കാര്‍ തേടുന്ന മുതിര്‍ന്ന തലമുറയുമുണ്ടാവും. പൊതുവെ തെല്ലു വലുപ്പക്കുറവില്‍ ആഡംബരം തേടുന്ന ഏവര്‍ക്കും അസ്പയറിലേക്കു സ്വാഗതം.
പുറം കാഴ്ച
ഫോഡിന്റെ ഏറ്റവും പുതിയ രൂപകല്‍പനാ രീതിയായ കൈനറ്റിക് ഡിസൈനാണ് അസ്പയറിന്. ഫിഗോ സെഡാന്‍ പ്ളാറ്റ്ഫോമിലാണ് നിര്‍മാണം. ഇന്ത്യയില്‍ ഇന്നു കിട്ടുന്ന ഫിഗോയല്ല, ഇനി വരാനിരിക്കുന്ന പുതിയ തലമുറ ഫിഗോ. മസരട്ടിയെ അനുസ്മിരിപ്പിക്കുന്ന ഗ്രില്‍ തന്നെ ഹൈലൈറ്റ്. ഈയൊരൊറ്റ ഗ്രില്‍ അസ്പയറയിന്‍റെ ആഡ്യത്തവും ചന്തവും പതിന്മടങ്ങാക്കുന്നു.
ഹാച്ച്ബാക്കിനു വാലു പിടിപ്പിച്ച ചേരായ്മയോ സെഡാനെ തല്ലിച്ചെറുതാക്കിയ വൃത്തികേടോ ഇല്ല. കാഴ്ചയ്ക്ക് നല്ല ഭംഗി. വശക്കാഴ്ച മനോഹരം. ഒന്നാന്തരം അലോയ് വീല്‍ രൂപകല്‍പന. പിന്നില്‍ച്ചെന്നു നോക്കിയാലാകാട്ടെ ചന്തം പതിന്മടങ്. ലക്ഷണമൊത്ത കാര്‍.
അകംപൊരുള്‍
ഉള്ളിലേക്കു കടക്കുന്നവര്‍ അന്തം വിട്ടുപോകൂം. ആഡംബര കാറുകള്‍ക്കൊത്ത ബെയ്ജ്, കറുപ്പ് ഫിനിഷ്. ജപ്പാനില്‍ നിന്നുള്ള എതിരാളികളെ നാണിപ്പിക്കുന്ന ഗുണമേന്മ. ധാരാളം സ്റ്റോറേജ്. ചില മോഡലുകള്‍ക്ക് ബില്‍റ്റ് ഇന്‍ ഫോണ്‍ ഡോക്ക് സ്റ്റേഷന്‍. സ്വിച്ചിട്ടു മടക്കാവുന്ന വിങ് മിറര്‍. ഒാട്ടമാറ്റിക് എ സി. തുകല്‍ സീറ്റ്. സ്പോര്‍ട്ടി സ്റ്റീയറിങ്. വലിയ ഡയലുകള്‍. കീലെസ് എന്‍ട്രി. ചന്തത്തിനും സൌകര്യത്തിനും ആഡംബരത്തിനും തെല്ലും കുറവൊന്നുമില്ല.
സുരക്ഷ മുഖ്യം
ഈ വിഭാഗത്തില്‍ ആദ്യമായി ആറ് എയര്‍ബാഗ്. ഇരട്ടി ഉറപ്പുള്ള സ്റ്റീല്‍ കേജ് അപകടത്തില്‍ യാത്രക്കാര്‍ക്കു സുരക്ഷാവേലിയാകും. ഇ ബി ഡിയുള്ള എ ബി എസ് ബ്രേക്ക്. കയറ്റത്തില്‍ പിന്നിലേക്ക് ഉരുളാതിരിക്കാന്‍ ഹില്‍ ലോഞ്ച് അസിസ്റ്റ്. വലിയ കാറുകളുടെ മാത്രം കുത്തകയായ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം.
എന്‍ജിനുകള്‍, ട്രാന്‍സ്മിഷന്‍
1.2, 1.5 പെട്രോള്‍. 1.5 ഡീസല്‍. പുതിയ 1.2 പെട്രോളിന് 88 പി എസ്. 1.5 ന് 112. ഡീസലിന് 100 പി എസ്. 1.5 പെട്രോള്‍ മോഡലിന് ഒാട്ടമാറ്റിക് ട്രാന്‍സ്മിഷന്‍. മറ്റുള്ളവയൊക്കെ അഞ്ചു സ്പീഡ്.
ഡ്രൈവിങ്
കൂടുതല്‍ പ്രായോഗികമെന്നു തോന്നിയ ഡീസല്‍ മോഡലാണ് ഡ്രൈവ് ചെയ്തത്. 215 എന്‍ എം ടോര്‍ക്ക് 1750 ആര്‍ പി എമ്മിലെടുക്കുന്ന എന്‍ജിനുണ്ടായ മുഖ്യമാറ്റം. മികച്ച ഡ്രൈവബിലിറ്റി. കൂടുതല്‍ സ്മൂത്തായി, ശബ്ദം കുറഞ്ഞു. ഗിയര്‍ റേഷ്യോകള്‍ മെച്ചപ്പെട്ടു. നല്ല സീറ്റിങ് പൊസിഷന്‍. പൊതുവെ മികച്ച ഡ്രൈവിങ് തരുന്ന ഫോഡുകളിലൊന്നായി അസ്പയര്‍. സന്തോഷം ഇരട്ടിക്കാനിതാ ഇന്ധനക്ഷമത. ലീറ്ററിന് 26 കി മി വരെ.
. വില:
പെട്രോളിന് 4.99 ലക്ഷത്തിലും ഡീസലിന് ആറു ലക്ഷത്തിലും ആരംഭിക്കുന്നു. പെട്രോള്‍ മോഡലുകള്‍ക്ക് ഡിസയറിനെക്കാള്‍ 33000 രൂപയും അമേയ്സിനെക്കാള്‍ 47000 രൂപയും വിലക്കുറവുണ്ടെന്ന് ഫോഡ്. ഡീസലിന് ഡിസയറിനെക്കാള്‍ 56000 രൂപയും അമേയ്സിനെക്കാള്‍ 53000 രൂപയും കുറവ്. എറ്റവും കൂടിയ ഡിസലിന് 8.44 ലക്ഷവും പെട്രോളിന് 7.98 ലക്ഷവുമാണ് എക്സ് ഷോറൂം വില. ടെസ്റ്റ്ഡ്രൈവ്: കൈരളി ഫോഡ്, 9961044444