യുകെയിലെ മിന്നും വിജയം ബിജോയ് സെബാസ്റ്റ്യൻ ആഘോഷിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ
ലണ്ടൻ/കോട്ടയം ∙ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ബിജോയ് സെബാസ്റ്റ്യൻ വിജയിച്ചതോടെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആഹ്ലാദത്തിൽ.
ലണ്ടൻ/കോട്ടയം ∙ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ബിജോയ് സെബാസ്റ്റ്യൻ വിജയിച്ചതോടെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആഹ്ലാദത്തിൽ.
ലണ്ടൻ/കോട്ടയം ∙ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ബിജോയ് സെബാസ്റ്റ്യൻ വിജയിച്ചതോടെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആഹ്ലാദത്തിൽ.
ലണ്ടൻ/കോട്ടയം ∙ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ബിജോയ് സെബാസ്റ്റ്യൻ വിജയിച്ചതോടെ മലയാളി നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ആഹ്ലാദത്തിൽ. 2024 ൽ യുകെയുടെ വിവിധ മേഖലകളിൽ മലയാളികൾ തുടർച്ചയായി കൈവരിക്കുന്ന നേട്ടങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ആർസിഎൻ പ്രസിഡന്റ് പദവിയിലെ ബിജോയ് സെബാസ്റ്റ്യന്റെ വിജയം.
കേംബ്രിജ് കൗൺസിൽ മേയർ ബൈജു തിട്ടാല, ബ്രിട്ടനിലെ ആദ്യത്തെ മലയാളി എംപി ആഷ്ഫോഡിലെ സോജൻ ജോസഫ്, വിവിധ കൗൺസിലുകളിൽ മേയർ പദവി വഹിച്ച വിവിധ മലയാളികൾ ഉൾപ്പടെയുള്ളവരുടെ നേട്ടത്തിന് ഒപ്പമാണ് ഇപ്പോൾ ബിജോയ് സെബാസ്റ്റ്യന്റെ വിജയത്തെ യുകെ മലയാളികൾ നോക്കി കാണുന്നത്. വിജയത്തിന് ശേഷം നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്നുണ്ടെന്ന എല്ലാവർക്കും നന്ദി പറയുന്ന തിരക്കിലാണ് ഇപ്പോൾ ബിജോയ്.
പോസ്റ്റൽ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിന്റെ അവസാന നാളുകളിൽ കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു. കൈരളി യുകെയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്ന പ്രൊജക്റ്റിന്റെ ഭാഗമായാണ് ബിജോയ് ഉൾപ്പെടുന്ന നഴ്സുമാരുടെ സംഘം നാട്ടിൽ എത്തിയത്. കോട്ടയം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ബിജോയ് ഒരു വർഷം അവിടെ നഴ്സായി സേവനം ചെയ്തിരുന്നു.
മെഡിക്കൽ കോളജിൽ നഴ്സുമാർ ഉൾപ്പെടുന്ന ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അപ്രതീക്ഷിതമായി കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. വർഷങ്ങൾക്ക് മുൻപ് കൂടെ ജോലി ചെയ്തിരുന്ന ജീവനക്കാർ ആഹ്ലാദ നിമിഷം പങ്കിടാൻ അവിടെ എത്തിയിരുന്നു. അതിലൊരാളായ നഴ്സ് ഷൈൻ ജോസഫിനെ കൂടെ വിളിച്ചു നിർത്തി കേക്ക് മുറിച്ചാണ് ബിജോയ് ആർസിഎൻ വിജയം ആഘോഷിച്ചത്.
ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയാണ്.
കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേൽ മകനാണ്. ബിജോയ് ഉൾപ്പടെ 7 പേരായിരുന്നു മത്സരിച്ചത്. 1419 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ രണ്ട് വർഷമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കാലാവധി. ഇപ്പോൾ നാട്ടിലുള്ള ബിജോയ് നവംബർ 25 ന് യുകെയിൽ തിരിച്ചു എത്തുമെന്ന് മനോരമ ഓൺലൈനിനോട് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒപ്പം ഡപ്യൂട്ടി പ്രസിഡന്റ്, വിവിധ റീജനുകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങൾ തുടങ്ങിയ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു.
വൈസ് പ്രസിഡന്റായി പ്രഫസർ അലിസൻ ലേറി ആണ് വിജയിച്ചത്. ഒക്ടോബർ 14 മുതലായിരുന്നു ആർസിഎൻ അംഗങ്ങൾക്ക് ലഭിക്കുന്ന പോസ്റ്റൽ ബാലറ്റിലൂടെ വോട്ടുകൾ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നവംബർ 11 ന് തിരഞ്ഞെടുപ്പ് അവസാനിച്ചു. റോയൽ കോളജ് ഓഫ് നഴ്സിങിൽ ധാരാളം മലയാളി നഴ്സുമാർ അംഗത്വം എടുത്തിട്ടുണ്ടങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു മലയാളി മത്സരിച്ചത്.
യൂണിയനിൽ അംഗങ്ങളായ മലയാളികൾ മുഴുവനും വോട്ട് ചെയ്‌താൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതലെ വിലയിരുത്തൽ ഉണ്ടായിരുന്നു. ബിജോയിയുടെ മത്സരം സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബർ 19 ന് മനോരമ ഓൺലൈനിലൂടെയാണ് ആദ്യം പുറത്തു വന്നത്. 2011 ൽ എൻഎച്ച്എസ് നഴ്സായി യുകെയിൽ എത്തിയ ബിജോയ് 2012 ലാണ് ആർസിഎൻ യൂണിയനിൽ അംഗമായത്.
12 വർഷത്തിനുള്ളിൽ ആർസിഎൻ യൂണിയന്റെ തലപ്പത്ത് എത്തുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ലന്ന് ബിജോയ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. വിജയത്തിന് പിന്നിൽ യുകെയിലെ മലയാളി നഴ്സുമാരുടെയും വിവിധ കൂട്ടായ്മകളുടെയും കൂട്ടായ പരിശ്രമം ഉണ്ടെന്ന് ബിജോയ് പറഞ്ഞു. ഒപ്പം മത്സര വിവരം പൊതുസമൂഹത്തിന് മുന്നിൽ ആദ്യം പങ്കുവെച്ച മനോരമ ഓൺലൈൻ നൽകിയ പിന്തുണയ്ക്കും പ്രാധാന്യമുണ്ടെന്ന് ബിജോയ് കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കൽ കോളജിലെ പ്രോജക്ട് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിനെ സന്ദർശിച്ച് ബിജോയ് ഉൾപ്പെടുന്ന സംഘം പങ്ക് വെച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി ഏബ്രഹാം എന്നിവരാണ് മന്ത്രിയെ സന്ദർശിച്ച യുകെ നഴ്സുമാർ.