ദുബായ് ∙ മകളുടെ മുഖം കണ്ട് ആത്മഹത്യാ തീരുമാനത്തിൽ നിന്ന് ജീവിതത്തിലേക്ക് കയറിയ ഇബ്രാഹിം കുട്ടി 42 വർഷത്തെ പ്രവാസം അവസാനിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ പറവന്നൂർ സ്വദേശിയായ ഇദ്ദേഹം 1981 ഒക്ടോബർ 27നാണ് ദുബായിൽ വിമാനമിറങ്ങുന്നത്...

ദുബായ് ∙ മകളുടെ മുഖം കണ്ട് ആത്മഹത്യാ തീരുമാനത്തിൽ നിന്ന് ജീവിതത്തിലേക്ക് കയറിയ ഇബ്രാഹിം കുട്ടി 42 വർഷത്തെ പ്രവാസം അവസാനിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ പറവന്നൂർ സ്വദേശിയായ ഇദ്ദേഹം 1981 ഒക്ടോബർ 27നാണ് ദുബായിൽ വിമാനമിറങ്ങുന്നത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മകളുടെ മുഖം കണ്ട് ആത്മഹത്യാ തീരുമാനത്തിൽ നിന്ന് ജീവിതത്തിലേക്ക് കയറിയ ഇബ്രാഹിം കുട്ടി 42 വർഷത്തെ പ്രവാസം അവസാനിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ പറവന്നൂർ സ്വദേശിയായ ഇദ്ദേഹം 1981 ഒക്ടോബർ 27നാണ് ദുബായിൽ വിമാനമിറങ്ങുന്നത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മകളുടെ മുഖം കണ്ട് ആത്മഹത്യാ തീരുമാനത്തിൽ നിന്ന് ജീവിതത്തിലേക്ക് കയറിയ ഇബ്രാഹിം കുട്ടി 42 വർഷത്തെ  പ്രവാസം അവസാനിപ്പിക്കുന്നു.  മലപ്പുറം ജില്ലയിലെ പറവന്നൂർ സ്വദേശിയായ ഇദ്ദേഹം 1981 ഒക്ടോബർ 27നാണ്  ദുബായിൽ വിമാനമിറങ്ങുന്നത്.  ഇബ്രാഹിം കുട്ടിക്ക് അനുഭവങ്ങളുടെ ചൂളയിൽ ചുട്ടെടുത്തതാണ് പ്രവാസം. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ മനസ്സ് പതറിയപ്പോൾ ജീവിതം അവസാനിപ്പിക്കാനാണു തീരുമാനിച്ചത്. എന്നാൽ മറുനാട്ടിലെ നല്ല മനുഷ്യരുടെ സൗഹൃദവലയത്തിൽ നിന്ന്  ലഭിച്ച  ജീവശ്വാസം കൊണ്ട്  പ്രവാസം നാല് ദശാബ്ദങ്ങൾ കടന്നിരിക്കുന്നു.

Also read: യുഎഇയിൽ കനത്ത പുലർകാല മൂടൽമഞ്ഞ്; അതീവ ജാഗ്രതയുമായി അധികൃതർ, ശ്രദ്ധിക്കാം ഇവ

ADVERTISEMENT

തിരൂരിൽ നിന്ന് ബോംബെയിൽ എത്തിയ ഇബ്രാഹിം അവിടെ നിന്ന്  കറാച്ചി വഴി ദുബായിൽ വിമാനം ഇറങ്ങിയപ്പോൾ  ലഗേജ് നഷ്ടമായിരുന്നു.  കൈയിൽ പാസ്പോർട്ട് അടങ്ങിയ കുഞ്ഞു ബാഗ് മാത്രം ബാക്കി.  പ്രവാസികൾ 'സങ്കടബാഗ് ' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഹാൻഡ് ബാഗ്. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വീസ അയച്ചു തന്ന സഹോദരൻ ഖാദറിനെ കാണുന്നില്ല. ബന്ധപ്പെടാൻ ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ സൗകര്യവുമില്ല. ആശയ വിനിമയത്തിനു സാധിക്കുന്ന വിദേശ ഭാഷകളൊന്നും വശമില്ലാതെയാണ്  വരവ്. അന്ധാളിപ്പ് കടിച്ചിറക്കി നിന്നപ്പോഴാണ് ഒരു മലയാളി പിക് അപ് വാഹനവുമായി മുന്നിൽ നിന്നത്. വാഹനത്തിനകത്ത് അയാളുടെ സ്പോൺസറായ അറബിയുമുണ്ട്. മലയാളിയെ കണ്ട സന്തോഷത്തിലും അന്യഗൃഹം പോലുള്ള എയർപോട്ടിൽ  നിന്ന് എത്രയും വേഗം  രക്ഷപ്പെടാനുള്ള വ്യഗ്രതയിലും ' എന്നെയും കൊണ്ടു പോകുമോ? ' എന്നു ചോദിച്ചു. 'എവിടേക്കാണ് '? എന്ന മറുചോദ്യം വാഹനത്തിനുള്ളിൽ നിന്നുയർന്നു. സ്ഥലം പറയാൻ അറിയാത്തതുകൊണ്ട് ബാഗിൽ നിന്ന് ഒരു കത്തെടുത്ത് വിലാസം കാണിച്ചു കൊടുത്തു 'ഖാദർ, ദൈദ് - ഷാർജ '. 

ഷാർജയിലേക്ക് പോകുന്ന അവർ ദൈദ് ഏറെ ദൂരയാണെന്ന സത്യം പറഞ്ഞെങ്കിലും ദൈദിലേക്ക് ടാക്സി കിട്ടുന്ന ഖുർആൻ റൗണ്ട് എബൗട്ട് വരെ എത്തിക്കാം എന്നേറ്റു . ഇറങ്ങാൻ നേരത്ത് 'ഇൻദക് ഫുലൂസ്' ? എന്ന് അറബി ചോദിച്ചു. മറുപടി പറയാൻ ഒരു പദം പോലും കിട്ടാതെ പകച്ചപ്പോൾ ഡ്രൈവർ സഹായിച്ചു. .'കൈയിൽ കാശുണ്ടോ' എന്നാണ് ചോദിക്കുന്നത്. 'ഇല്ല' എന്ന സത്യം പറയാൻ മടിച്ചില്ല. ഉടനെ ആ നല്ല മനുഷ്യൻ പത്ത് ദിർഹം തന്നു. ഇറങ്ങാൻ നേരം  ' ലത് ഖൗഫ്, ഹിനി കുല്ലും മലബാരിയൂൻ' എന്നു ആശ്വസിപ്പിക്കുകയും ചെയ്തു. പേടിക്കേണ്ട, ഇവിടെ മുഴുവൻ മലയാളികളാണ് എന്നാണ് സാന്ത്വനശബ്ദത്തിന്റെ അർഥമെന്നു കൂടി പഠിപ്പിച്ചാണ് ആ ഡ്രൈവറും സ്പോൺസറും കണ്ണിൽ നിന്ന് മറഞ്ഞത്. 

യുഎഇയിലെത്തി ഇബ്രാഹിം കേട്ട ആദ്യ വാക്ക് ഫുലൂസ് എന്നാണ്. കിട്ടിയ ആദ്യ  ഫുലൂസും ആ പേരറിയാത്ത മനുഷ്യനിൽ നിന്നാണ്. പത്ത് ദിർഹമെങ്കിലും പതിനായിരത്തിന്റെ മൂല്യമുള്ള കൈനീട്ടമായിരുന്നു അത്. ദൈദിൽ എത്തിയപ്പോഴാണ് ജ്യേഷ്ഠൻ തന്നെ കൂട്ടാൻ എയർപോർട്ടിലേക്ക് പോയ വിവരമറിയുന്നത്. ദിക്കും ഭാഷയും വശമില്ലാത്ത ഇബ്രാഹീമിന്റ ' ഗൾഫ് എൻട്രി ' സഹോദരനു  സസ്പെൻസ് കൊടുത്താണ് തുടങ്ങിയത്. 

ലൈസൻസില്ലാത്ത ഡ്രൈവറായ സ്പോൺസർക്ക് ദൈദിലും ഉമ്മുൽഖുവൈനിലെ ഫലജ് മുല്ലയിലും രണ്ട് തുണിക്കടകളുണ്ടായിരുന്നതിനാൽ ഫലജിലെ കടയിൽ ജോലി ലഭിച്ചു. ഹിലാൽ അൽ അലീലി എന്ന പൗരപ്രമുഖനായ സ്പോൺസർ അനുകമ്പയുടെ നിറകടലായിരുന്നു. അറബിഭാഷാ പഠിക്കാൻ ആറു മാസത്തെ കാലാവധി അദ്ദേഹം അനുവദിച്ചു. വാഹനമോടിക്കാൻ അറിയുന്നതു തുണയായി.

ADVERTISEMENT

പ്രായമുള്ള  കുടുംബാംഗങ്ങളെ കൊണ്ടുപോകാൻ ഏൽപ്പിച്ചു. അക്കാലത്തെ ആഡംബര വാഹനത്തിന്റെ വളയമാണ് കൈയ്യിൽ കിട്ടിയത്.  ട്രാഫിക് നിയമത്തെ കുറിച്ച് നമ്മൾ ബോധവാൻമാരാണെങ്കിലും സ്വദേശി കുടുംബങ്ങൾ അത്ര ഗൗനിക്കാത്ത കാലമാണ്. അതുകൊണ്ടാണ് ഓടിക്കാൻ അറിയുക എന്ന യോഗ്യത മാത്രം നോക്കി ഹൗസ് ഡ്രൈവറാക്കുന്നത്. ഒരിക്കൽ, സ്പോൺസറുടെ ഉമ്മയുമായി യാത്ര ചെയ്യുമ്പോൾ ദുബായിൽ വച്ച് പൊലീസ് പിടിച്ചു. വയോധികയെ പൊലീസ് വാഹനത്തിൽ വീട്ടിലെത്തിച്ചു. ഇബ്രാഹിം കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിന്റെ ഗൗരവം പൊലീസ്  അർബാബിനെ ബോധ്യപ്പെടുത്തിയപ്പോൾ ' ലൈസൻസ് നൽകൽ പൊലീസിന്റെ പണിയാണ്' എന്നായിരുന്നു പ്രതികരണം. വിട്ടയക്കുമ്പോൾ 'വയോധികരെ കൊണ്ടുപോകാൻ മാത്രം ' ഒരു താൽക്കാലിക പെർമിറ്റ് ഒരു കടലാസിൽ പൊലീസ് എഴുതിത്തന്നു. ഈ സംഭവം  ലൈസൻസ് ലഭിക്കാനുള്ള വഴി തുറന്നു. വാഹനമോടിച്ച് തന്നെ സ്പോൺസറോടൊപ്പം ഗതാഗത വകുപ്പിലെത്തി ലളിത നടപടികൾക്കുശേഷം ലഘുവാഹന ലൈസൻസ് കൈപ്പറ്റി.

കാര്യങ്ങൾ അവിടെയും അവസാനിച്ചില്ല. സ്കൂൾ ബസ് ഡ്രൈവർ പണിയുണ്ടായിരുന്ന കഫീൽ  ആ ബസും ഓടിക്കാൻ ഏൽപ്പിച്ചപ്പോൾ ഉള്ളൊന്ന് പൊള്ളി. പരിചയക്കാരനായ പൊലീസുദ്യോഗസ്ഥൻ അഹ്മദ് ഖമീസിനോട്  ആധിയറിയിച്ചു.  'എനിക്ക് ഹെവി ലൈസൻസില്ലാതെ കുട്ടികളുമായി പോകുന്ന ബസ് ഓടിക്കാൻ  ഭയമുണ്ട്, നിങ്ങൾ സ്പോൺസറോട് പറഞ്ഞു ഗൗരവം ബോധ്യപ്പെടുത്തണം '.'ഹിലാലിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല, നിന്നെ ഞാൻ അറസ്റ്റു ചെയ്തു പ്രശ്നം  പരിഹരിക്കാം ' എന്നായി അദ്ദേഹം. അങ്ങനെ അറസ്റ്റു നാടകം അരങ്ങേറി. ഒരു ദിവസം ബസുമായി പോകുമ്പോൾ പരസ്പരധാരണയനുസരിച്ച് പൊലീസ് ബസ് തടഞ്ഞ് അറസ്റ്റു ചെയ്തു.

സ്പോൺസർ ഉംറയ്ക്ക് പോയ സമയമായതിനാൽ മൂന്ന് ദിവസം ഉമ്മുൽഖുവൈൻ ജയിലിൽ കഴിയേണ്ടിവന്നു. മടങ്ങിയെത്തിയ അദ്ദേഹം ഉമ്മുൽഖുവൈൻ പൊലീസ് സ്റ്റേഷനിലെത്തി. ലൈസൻസില്ലാതെ ബസ് ഓടിച്ചതിനാണ് അറസ്റ്റ് എന്നറിയിച്ചപ്പോൾ ' ലൈസൻസ് കൊടുക്കൽ നിങ്ങളുടെ പണിയാണെന്നായി ' ന്യായവാദം. അതിന് ആദ്യം ട്രാഫിക് ഫയൽ ഓപ്പൺ ചെയ്യണമെന്ന ഔദ്യോഗിക നടപടിക്രമങ്ങൾ ഓർമിപ്പിച്ചപ്പോഴും സ്പോൺസറുടെ മറുപടി 'അതു നിങ്ങളുടെ ജോലിയാണ്, അവനു നന്നായി വാഹനമോടിക്കാൻ കഴിയും, സംശയമുണ്ടെങ്കിൽ നോക്കിക്കോളൂ'. വന്ന വാഹനത്തിൽ ട്രാഫിക് ഉദ്യോഗസ്ഥൻ കയറി, ' ഹറക് സയാറ ,ലഫ് യമീൻ, യസാർ, ദവാർ സീദ' (വണ്ടിയെടുക്ക്, വലത്, ഇടത്  തിരിയുക, റൗണ്ട് എബൗട്ട് നേരെ) ഇത്രയും കാര്യങ്ങൾ ഉരുവിട്ടു കൊണ്ടിരുന്ന ഉദ്യോഗസ്ഥന്റെ സ്വരത്തിന് അനുസരിച്ച് വാഹനം താളബോധത്തോടെ ഓടിച്ച് പാർക്ക് ചെയ്തപ്പോൾ ഉദ്യോഗസ്ഥൻ പറഞ്ഞു 'മസ്ബൂത്ത് ' (പെർഫെക്ട്) !

യുഎഇയുടെ ബസ് ലൈസൻസ് ഇബ്രാഹീം അടിച്ചെടുത്തത് അങ്ങനെയാണ്. പിന്നീട് ഓരോ തൊഴിൽപരമായ സങ്കീർണസന്ധികളിൽ ലൈസൻസുകളുടെ എണ്ണം കൂടിയെന്ന് യുകെ ഡ്രൈവിങ് ലൈസൻസടക്കം കൈവശമുള്ള ഇബ്രാഹിം പറയുന്നു . ലൈസൻസ് സമൃദ്ധിയായതോടെ സ്വന്തമായി വാഹനം വാങ്ങി വ്യാപാരം ത്വരിതപ്പെടുത്താനായി മോഹം. അതിനുള്ള പണം കണ്ടെത്താനും സ്പോൺസറെ തന്നെ സമീപിച്ചു.  'എന്റടുത്ത് അത്രയും പണമില്ല, പക്ഷേ, നീ മാമ (ഉമ്മ)യോട് ചോദിച്ചു നോക്ക്, അവരുടെ  അടുത്ത് ഒട്ടകത്തെ വിറ്റ പണമുണ്ട്'.

ADVERTISEMENT

സ്വന്തം മകനെപ്പോലെയാണ് ഒരു അന്യരാജ്യക്കാരനെ ആ വലിയ മനുഷ്യൻ കണ്ടിരുന്നത്. പിന്നെ ഇബ്രാഹീമിന്റെ ലക്ഷ്യം ഉമ്മയായി. അവരുടെ  വീട്ടിൽ  ഭക്ഷണം കഴിക്കാൻ പോയി. പണം ചോദിക്കാനുള്ള അസുലഭാസരം മനസ്സിൽ കണ്ടുള്ള നീക്കം. പതിവില്ലാത്ത വരവിൽ പന്തികേട് ദർശിച്ച ഉമ്മ ചോദിച്ചു. നിനക്ക് എന്താണാവശ്യം. ഉള്ളറിഞ്ഞ ഉമ്മയോട് ആവശ്യം അറിയിച്ചു. 'എനിക്ക് 50,000 ദിർഹം വേണം, വാഹനം വാങ്ങാൻ, ഓരോ മാസവും തിരിച്ചടക്കും. ഉമ്മ പണം തരാമെന്ന നിലയിലെത്തി. 'എങ്കിൽ ഈ ഇടപാടിനു ആരു ജാമ്യം നിൽക്കും? 'അടുത്ത തടസ്സം അതിജീവിച്ചത് ' ഞാൻ തന്നെ ' എന്ന മനോധൈര്യം കൊണ്ടായിരുന്നു. കൗതുകം നിറഞ്ഞ ആ മറുപടിയിൽ തൃപ്തിവരാത്ത ഉമ്മ  ഇബ്രാഹീം പണം ചോദിക്കുന്ന കാര്യം സ്പോൺസറായ മകനോട് പറഞ്ഞു, ' കൊടുത്തേക്കൂ ' മകന്റെ മറുപടി ഉടനെകിട്ടി. 'ആര് ഏറ്റെടുക്കും? ലവലേശം സംശയമില്ലാത്ത അദ്ദേഹം 'ഞാൻ' എന്നു പറഞ്ഞു.

അങ്ങനെ, മകന്റെ ആൾ ജാമ്യത്തിൽ ഒട്ടകം വിറ്റ് സ്വരൂപിച്ച സമ്പാദ്യം ഉമ്മ അന്യരാജ്യ തൊഴിലാളിയായ തനിക്ക് കച്ചവടം ചെയ്യാൻ നൽകി.ഒരു കുടുംബത്തിലെ അംഗമെന്ന പോലെയാണ്  സ്വദേശി കുടുംബം ഇബ്രാഹീമിനെ സഹായിച്ചത്. വാഹനം വാങ്ങിയതോടെ കച്ചവടം കൊഴുത്തു. നാട്ടിൽ നിന്നും കുടുംബത്തെ  കൊണ്ടുവന്നു. അവരുടെ താമസവും അർബാബിന്റെ വീട്ടിൽ തന്നെയായിരുന്നു. കച്ചവടത്തിൽ നിന്നു കിട്ടിയ ലാഭം കൃത്യമായി ഉമ്മയ്ക്ക് നൽകി. കൊടുത്ത പണത്തിൽ കൂടുതലായി 25,000 ദിർഹം വരെ  എത്തിയപ്പോൾ ആ മഹതി പറഞ്ഞു.

'ഇബ്രാഹീം.. എനിക്കിനി ലാഭം വേണ്ട, അതു നിന്റെ കുട്ടികൾക്കുള്ളതാണ്. നീ തന്ന ലാഭത്തുക ഞാൻ ഒരു സ്കൂൾ നിർമിക്കാൻ സംഭാവന നൽകിയിരിക്കുന്നു.. അതിന്റെ പ്രതിഫലം നാളെ പടച്ചോന്റെ പക്കൽ നിന്ന് നിനക്കും എനിക്കും കിട്ടും.'

ആ തദ്ദേശീ കുടുംബം ഹൃദയത്തിൽ  വസന്തമാണ് നിറച്ചത്. കച്ചവടം പുരോഗതി പ്രാപിച്ചതിനിടെ വിപുലീകരിക്കാനുള്ള സ്വാഭാവിക ആഗ്രഹം ഉടലെടുത്തു. ചിലരുമായി കൂട്ടുകച്ചവടം ചെയ്തു. ചതിയും വഞ്ചനയും ചാട്ടുളി പോലെ തറച്ചപ്പോൾ കടം കയറി. ഒരു അറബ് പൗരനുമായി നടത്തിയ പെട്രോൾ പമ്പ് കൈമാറ്റം വൻ തിരിച്ചടിയായി. ഒരു നീക്കിയിരിപ്പുമില്ലാതെ 10 ലക്ഷം ദിർഹത്തിന്  ഇന്ധന സ്റ്റേഷൻ കൈമാറ്റം നടന്നു. കൃത്യം  രണ്ടാഴ്ചയ്ക്കകം റോഡ് വികസനത്തിന്റെ ഭാഗമായി  പൊളിച്ചുനീക്കാൻ നഗരസഭ നോട്ടീസ് നൽകി. കരുതിക്കൂട്ടിയ ചതിയുടെ ഗതിയറിഞ്ഞപ്പോഴേക്കും ഇബ്രാഹിം കരകയറാൻ കഴിയാത്ത വിധം കടക്കുഴിയിൽ പതിച്ചിരുന്നു. കടം കിട്ടാനുള്ളവർ നാട്ടിൽ കുടുംബത്തിലും ഗൾഫിലും ഒരുപോലെ സ്വസ്ഥത കെടുത്തി. 

ഇബ്രാഹിംകുട്ടിയും ഭാര്യയും

പരിചയക്കാരും ബന്ധുക്കളും അപരിചിതരെപ്പോലെയായി. ആത്മഹത്യ മാത്രം പരിഹാരമെന്ന് മനസ്സ് മന്ത്രിച്ചു. റോഡരികിലുളള ഹൈ പവർ ട്രാൻസ്ഫോർമറിലേക്ക് വാഹനം കയറ്റിയാലുള്ള അനന്തരഫലം അറിയുന്നവരോട് അന്വേഷിച്ചു മനസ്സിലാക്കി. പൊടിപോലും കാണില്ല എന്നറിഞ്ഞപ്പോൾ മരണത്തിലേക്കുള്ള വഴി എളുപ്പമായി.  ആക്സിഡന്റ് കണക്കിൽ എഴുതപ്പെടുമ്പോൾ നഷ്ടപരിഹാരമായി കിട്ടുന്ന  തുക കുടുംബത്തിനു ഉപകരിക്കുമെന്നും ഊഹിച്ചു. പിതാവിനെയും ഭാര്യാപിതാവിനെയും അഭിസംബോധന ചെയ്തുള്ള മരണപത്രം തയാറാക്കി. രാത്രി ജോലി കഴിഞ്ഞ് പിക് ആപ് വാഹനവുമായുള്ള മടക്കയാത്രയിൽ ചുടലയായി കണ്ട ഇലക്ട്രിക് ട്രാൻസ്ഫോർമർ ലക്ഷ്യമാക്കി കുതിച്ചു. മൂന്നര വയസ്സുള്ള മകളും ഗർഭിണിയായ ഭാര്യയുമാണ് വീട്ടിലുളളത്. ജീവൻ ഭസ്മമാകുന്നതിനു മുൻപ് അവരെ ഒരു നോക്ക് കാണണമെന്ന  ഉൾവിളിയുണ്ടായി. വീട്ടിലെത്തിയപ്പോൾ ആരും ഉറങ്ങിയിരുന്നില്ല. വാഹനം ഓഫാക്കാതെയാണ് കയറിയത്. അപ്രതീക്ഷിതമായി മകൾ വന്ന് കൈ പിടിച്ച് ചോദിച്ചു. ' ഉപ്പ എപ്പഴാ ഉറങ്ങുന്നത്, വാ നമുക്കുറങ്ങാം'

ഈ ചോദ്യം ഹൈവാൾട്ട് വൈദ്യുതി തരംഗമാണ് ഇബ്രാഹീമിന്റെ ദേഹത്തിലൂടെ പടർത്തിയത്. അവൾക്കൊപ്പം കിടന്ന് ആ മരണരാത്രി പുതിയ പ്രഭാതത്തിലേക്കെത്തിച്ചു.വാഹനം സ്റ്റാർട്ട് ചെയ്ത നിലയിലാക്കി കിടന്നുറങ്ങിയതിനു രാവിലെ വീട്ടിലെത്തിയ സുഹൃത്ത് അബ്ബാസിന്റെ  പഴി കേട്ടെങ്കിലും അതൊന്നും ഏശാത്ത മാനസികാവസ്ഥയിലായിരുന്നു ഇബ്രാഹിം. 

കുളിർ കാറ്റായി അസ്‌ലം മുഹിയുദ്ദീൻ

കടം വീട്ടാനുള്ള നെട്ടോട്ടം ഫലം കണാതെ വന്നപ്പോൾ  മലയാളികളുടെ തണൽ മരമായി  ദുബായിയിലുണ്ടായിരുന്ന അസ്‌ലം മുഹിയുദ്ദീനാണ് പുതിയ ജോലി നൽകിയത്. മാന്യമായ വേതനം മാത്രമല്ല യുകെ,  ജിസിസി  രാജ്യങ്ങൾ സഞ്ചരിക്കാനും അവസരമുണ്ടായി. ഇന്നത്തെ സൗദി ഭരണാധികാരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ കാണാനും പാരിതോഷികം സ്വീകരിക്കാനും അവസരമുണ്ടായി. ദുബായിൽ നിന്ന് ത്വാഇഫിലെ താമസയിടത്ത് എത്തിയ തനിക്കും സുഹൃത്തിനും  ഉംറ നിർവഹിക്കാൻ അദ്ദേഹത്തിലൂടെ അവസരം ലഭിച്ചതു പ്രവാസത്തിലെ മറക്കാനാത്ത മുഹൂർത്തമാണ്. അസ്‌ലം മുഹ്യുദ്ദീന്റെ  പതിനെട്ടാം ചരമവാർഷികത്തിലാണ് പ്രവാസം അവസാനിപ്പിക്കുന്നതെന്നത് യാദൃച്ഛികം മാത്രം.

മാനസീകമായി സാധാരണ ജീവിതത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സാമൂഹിക പ്രവർത്തകരായ അബ്ദുൾവാഹിദ് മയ്യേരിയും സിദ്ദീഖ് കാലടിയും ശ്രമിച്ചതു ശിഷ്ട ജിവിതം നയിക്കാൻ പര്യാപ്തമായെന്നു ഇബ്രാഹിം ഓർക്കുന്നു. ഇതിനിടെ, ഭാര്യയ്ക്ക് രോഗം ബാധിച്ചത് ദുരിതത്തിന്റെ കയ്പ്പുനീരു കൂട്ടി. അവരെ ആശ്വസിപ്പിക്കാൻ നാട്ടിലെത്തിയപ്പോഴാണ് ഇ-മെയിൽ നോക്കാൻ കമ്പനിയിൽ നിന്ന് വിളിയെത്തുന്നത്. മെയിൽ വായിച്ചപ്പോൾ കണ്ണു തള്ളി.  നിലവിലുള്ള ജോലി നഷ്ടമായിരിക്കുന്നു. ഒരു മാസത്തിനുളളിൽ പുതിയ ജോലി നോക്കാനാണു നിർദേശം .

രോഗശയ്യയിലായ ഭാര്യയ്ക്ക് സമീപം വിഷാദനായിരിക്കുമ്പോൾ 'നിങ്ങൾ വിഷമിക്കേണ്ട എന്റെ രോഗം മാറും' എന്ന് അവർ ആശ്വസിപ്പിച്ചു. രോഗം മാത്രമല്ല എന്റെ ജോലിയും നഷ്ടമായിരിക്കുന്നൂവെന്ന  പരമാർഥം കൂടി  പറയേണ്ടി വന്നപ്പോൾ 'പടച്ചോന്റെ പരീക്ഷണമാണ്, നമ്മളെ അവൻ സഹായിക്കും' എന്ന അടുത്ത ആശ്വാസവചനത്തിലൂടെ വ്യഥയുടെ തോത് താഴ്ത്താനും ശ്രമിച്ചു. അവധിയൊഴിവാക്കി വീണ്ടും മറുകര തേടി യുഎ ഇ യിലെത്തി.

കഥകൾ കേട്ടവരിൽ പലരും സഹായം വാഗ്ദാനം ചെയ്തു. ചിലർ കടം എഴുതിത്തള്ളി. യുഎഇയിലെ ഒരു സുമനസ്സ് ഉത്തരേന്ത്യയിലെ ഒരു സംരംഭത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടതിന്റെ ആശ്വാസത്തിലാണ്  നാട് പിടിക്കുന്നത്. കടക്കെണിയുടെ കൊളുത്തുകൾ പിടിച്ചു വലിക്കുന്നതിനിടയിലും രണ്ട് പെൺ മക്കളെയും  രണ്ട് ആൺകുട്ടികളെയും വിദ്യാഭ്യാസം നൽകി ജോലിയുള്ളവരാക്കി.സമീന, സാബിത്, ഖദീജ, സുഹൈൽ എന്നിവരാണ് മക്കൾ. ഷരീഫയാണ് ഭാര്യ.

പ്രവാസികളോട് പറയാനുള്ളത് ഇത്രമാത്രം

ശേഷിക്കുന്ന ആയുസ് പൂരിപ്പിക്കാൻ ഇനി നാടാണ് ഇബ്രാഹീം കുട്ടിയുടെ തട്ടകം. ഒരു കോഴിയെ വാങ്ങുകയാണെങ്കിലും സ്വന്തം പേരിൽ വാങ്ങണമെന്നാണ് ഇബ്രാഹീമിന്റെ പക്ഷം, നമുക്ക് ഏറ്റവും യോഗ്യനായ 'നോമിനി' നമ്മൾ തന്നെയാണ് . ഉറ്റവരോടുള്ള അഗാധ സ്നേഹം  അടിക്കല്ല് ഇളക്കുന്നതാകരുത്. ഉള്ള സമ്പാദ്യം തുലയ്ക്കരുതെന്നും സ്വന്തം ജീവിത പ്രതലം ഭദ്രമാക്കാൻ മറക്കരുതെന്നുമാണ് അനുഭവങ്ങളുടെ ആശാനായ നായംകോട്ടിൽ  ഇബ്രാഹിം കുട്ടിക്ക്  പ്രവാസികളോട്  അഭ്യർഥിക്കാനുള്ളത്.

English Summary : Malappuram native Ibrahimkutty returns after 42 years of service in Dubai