18 വർഷമായി റഹീമിന്‍റെ മോചനം കാത്ത് ഉറ്റചങ്ങാതി; ’അപരിചിതമായ നമ്പറിലെ ഫോൺ വിളിയിൽ ഞെട്ടിയത് ഓർത്ത് ഷൗക്കത്ത് ’
നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്‍റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്.
നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്‍റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്.
നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്‍റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്.
റിയാദ്∙ നീണ്ട 18 വർഷത്തെ അനിശ്ചിതത്വത്തിനു ശേഷം, അബ്ദുൽ റഹീമിന്‍റെ മോചനത്തിനുള്ള സുദിനം എത്തിച്ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റിയാദിൽ നാട്ടുകാരനും സുഹൃത്തുമായ ഷൗക്കത്ത്. 17 വർഷത്തോളം റഹീമിന് വേണ്ടിയുള്ള വസ്ത്രങ്ങളും ഫോൺ വിളിക്കാനുള്ള കാർഡും ഷൗക്കത്തും കൂട്ടുകാരും മുടക്കമില്ലാതെ എത്തിച്ചിരുന്നു. ഫറോക്ക് പേട്ട ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചും മറ്റ് ജോലികൾ ചെയ്തും ഷൗക്കത്തും റഹീമും കൗമാര, യൗവ്വന കാലം ഒന്നിച്ചു നടന്നിരുന്നു. ജീവിതത്തിലെ പരീക്ഷകൾ നേരിട്ട് തിരികെ എത്തുന്ന റഹീം ആദ്യമായി റിയാദിൽ എത്തിയ ദിവസം മുതലുള്ള അവരുടെ പഴയകാല ജീവിതം ഓർക്കുകയാണ് ഷൗക്കത്ത്.
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാട്ടിലെ ഓട്ടോ പണിയും മറ്റു ജോലികളും മതിയാവാതെ വന്നതോടെ സാധാരണക്കാരനായ ഷൗക്കത്ത് 2004-ൽ സൗദിയിലെത്തി. പ്രാരാബ്ധങ്ങളുടെ വഴിയിൽ നിന്നും ജീവിതം പച്ചപിടിക്കാൻ ആഗ്രഹിച്ച റഹീമും ഏറെ താമസിയാതെ പ്രവാസിയായി. 2005ൽ ഹൗസ്ഡ്രൈവർ വീസയിൽ റിയാദിലെത്തിയ റഹീം ആദ്യം താമസിച്ചത് ബത്ഹയിലാണ്. ജോലിക്ക് കയറുന്നതിന് മുൻപ് റഹീം ഷൗക്കത്തിനെ തിരഞ്ഞെത്തി. നാട്ടിൽ നിന്നും വന്ന റഹീമിന് റിയാദിലെ ജീവിതരീതികളും മറ്റു കാര്യങ്ങളും പരിചയപ്പെടുത്തി നൽകിയത് ഷൗക്കത്താണ്. ഇരുവരും ഇനിയും കണ്ടുമുട്ടാമെന്ന സന്തോഷത്തോടെയാണ് റഹീം ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാൻ കൂട്ടികൊണ്ട് ചെല്ലാൻ അയച്ച ആളിനൊപ്പം ഷൗക്കത്തിന്‍റെ താമസ സ്ഥലത്തുനിന്നും പുറപ്പെട്ടത്.
മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നെങ്കിലും, അക്കാലത്ത് വിളിക്കുന്നതിനുള്ള ചെലവ് വളരെ കൂടുതലായിരുന്നു. റീചാർജ് കൂപ്പണുകളുടെ വില ഉയർന്നതായതിനാൽ, മിക്ക ആളുകളും മാസത്തിൽ ഒരിക്കലോ രണ്ടോ തവണ മാത്രമേ ഫോൺ റീചാർജ് ചെയ്യാറുള്ളൂ. അതിനാൽ, റഹീമും ഷൗക്കത്തും ഹ്രസ്വ സന്ദേശങ്ങൾ അയച്ചും, അത്യാവശ്യം കാര്യങ്ങൾ മാത്രം സംസാരിച്ചും ഫോൺ വിളികൾ നടത്താറുണ്ടായിരുന്നു. റിയാദിൽ തന്നെയാണെങ്കിലും, റഹീം ജോലിയിൽ തുടക്കക്കാരനായതിനാൽ, അവർക്ക് പലപ്പോഴും കണ്ടുമുട്ടാൻ സാധിക്കാറില്ലായിരുന്നു. റഹീം പതിവ് വിളികൾ മുടക്കിയപ്പോൾ ഷൗക്കത്ത് അന്വേഷിച്ചപ്പോഴാണ് അയാൾ ജയിലിലാണെന്ന് അറിയുന്നത്.
മൂന്ന് നാല് മാസങ്ങൾക്ക് ശേഷം, പരിചിതമല്ലാത്ത നമ്പറിൽ നിന്ന് ഷൗക്കത്തിന് ഒരു കോൾ വന്നു. മറുതലയിൽ റഹീമായിരുന്നു. സങ്കടത്തോടെയും നിസ്സഹായതയോടെയും റഹീം തന്‍റെ അവസ്ഥ വിശദീകരിച്ചു. കൊലപാതക കേസിൽ തന്നെ ജയിലടച്ചിരിക്കുകയാണെന്ന് റഹീം പറഞ്ഞപ്പോൾ ഷൗക്കത്തിന് ഞെട്ടലായി. റഹീം ജോലിക്ക് കയറി 28 ദിവസം കഴിഞ്ഞപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സൗദിയിലെത്തി കേവലം ഒന്നര വർഷം മാത്രമായ ഷൗക്കത്തിന് റഹീമിനെ രക്ഷിക്കാനും നിയമസഹായം തേടാനും ആരോട്, എങ്ങനെ, എവിടെ നിന്ന് ബന്ധപ്പെടണമെന്ന് അറിയില്ലായിരുന്നു. എന്നിരുന്നാലും, കേസിന്‍റെ ഗൗരവം അയാൾക്ക് മനസ്സിലായിരുന്നു. ഇതിനിടയിൽ, റഹീമിനെക്കുറിച്ചുള്ള വിവരങ്ങൾ മലയാള പത്രങ്ങളിലൂടെ പുറത്തുവന്നു. റഹീമിന്‍റെ നാട്ടുകാരനും ബന്ധുവുമായ അഷ്റഫ് വേങ്ങാട്ട് കേസിൽ ഇടപെടുകയും നിയമസഹായത്തിനായി അഭിഭാഷകനെ നിയമിക്കുകയും ചെയ്തു. തുടർന്ന് നടന്നത് ഒരു മഹത്തായ കേരള സ്റ്റോറിയായിരുന്നു. കോടതി വിചാരണകളിൽ ഷൗക്കത്ത് അഷ്റഫിനോടൊപ്പം പങ്കെടുത്തിരുന്നു. ദൂരെ നിന്നാണെങ്കിലും റഹീമിനെ കാണാനും സമാശ്വാസം നൽകാനും ഷൗക്കത്തിന് ഈ അവസരങ്ങളിലൂടെ സാധ്യമായി.
34 കോടി രൂപ സമാഹരിച്ചതിന്‍റെ സന്തോഷത്തിൽ സഹതടവുകാർക്ക് മധുരം പങ്കിടാൻ ഷൗക്കത്താണ് ജയിലിൽ പണം അടച്ചത്. എംബസി ഉദ്യോഗസ്ഥനായ യൂസഫ് കാക്കഞ്ചേരി വഴിയാണ് ഇത് നടന്നത്. റഹീമിന് ആവശ്യമായതെല്ലാം കേസിന്‍റെ തുടക്കം മുതൽ ഇന്നുവരെ ഷൗക്കത്താണ് എത്തിച്ചു നൽകിയത് എന്ന് യൂസഫ് കാക്കഞ്ചേരിയും പറയുന്നു. റഹീം ഇപ്പോൾ മിക്ക ദിവസങ്ങളിലും വിളിക്കാറുണ്ട്. ഞങ്ങളെല്ലാം വലിയ സന്തോഷത്തിലും പുതിയ ഉണർവിലും പ്രസരിപ്പിലുമാണെന്ന് ഷൗക്കത്ത് പറഞ്ഞു.